മത്സരിക്കാന്‍ തയ്യാറെടുത്തു; പാര്‍ട്ടി സ്ഥാനാര്‍ത്ഥിയെ പിന്തുണച്ചില്ല ; പ്രചാരണത്തില്‍ വീഴ്ച ; ജി സുധാകരനെതിരെ സിപിഎം അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട്

സാമ്പത്തിക പ്രതിസന്ധിയില്‍ സുധാകരന്റെ ഭാഗത്തുനിന്നും സഹായകരമായ സമീപനം ഉണ്ടായില്ലെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

തിരുവനന്തപുരം : അമ്പലപ്പുഴ നിയമസഭാ തെരഞ്ഞെടുപ്പു പ്രചാരണത്തില്‍ ജി സുധാകരന് വീഴ്ച വന്നുവെന്ന് സിപിഎം അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട്. എളമരം കരീം, കെ ജെ തോമസ് എന്നിവരടങ്ങിയ അന്വേഷണ കമ്മീഷനാണ് പാര്‍ട്ടിക്ക് റിപ്പോര്‍ട്ട് നല്‍കിയത്. റിപ്പോര്‍ട്ട് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് പരിഗണിക്കും. അച്ചടക്ക നടപടി സംബന്ധിച്ച് റിപ്പോര്‍ട്ടില്‍ ശുപാര്‍ശ ചെയ്തിട്ടില്ലെന്നാണ് സൂചന. 

അമ്പലപ്പുഴയിലെ സിപിഎം സ്ഥാനാര്‍ത്ഥി എച്ച് സലാം ഉന്നയിച്ച ആരോപണങ്ങളില്‍ കഴമ്പുണ്ട്. സുധാകരന്റെ സമീപനം സ്ഥാനാര്‍ത്ഥിയെ പിന്തുണയ്ക്കുന്നതായിരുന്നില്ല. സാമ്പത്തിക പ്രതിസന്ധിയില്‍ സുധാകരന്റെ ഭാഗത്തുനിന്നും സഹായകരമായ സമീപനം ഉണ്ടായില്ലെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
 
സാമ്പത്തിക പ്രതിസന്ധി തീര്‍ക്കാന്‍ ഇടപെട്ടില്ല. അമ്പലപ്പുഴ മണ്ഡലത്തില്‍ എച്ച് സലാമിനെതിരെ വര്‍ഗീയശക്തികള്‍ നടത്തിയ പോസ്റ്റര്‍ പ്രചാരണത്തില്‍ മൗനം പാലിച്ചു. സ്ഥാനാര്‍ത്ഥിയാകുമെന്ന വിശ്വാസത്തില്‍ സുധാകരന്‍ തയ്യാറെടുപ്പു നടത്തി. സലാമിനെ സ്ഥാനാര്‍ത്ഥിയാക്കാന്‍ തീരുമാനിച്ചപ്പോള്‍ ഇതിനോട് പൊരുത്തപ്പെടാന്‍ സുധാകരന്‍ തയ്യാറായില്ല. 

ആലപ്പുഴയില്‍ സിപിഎം സ്ഥാനാര്‍ത്ഥി പി പി ചിത്തരഞ്ജനെതിരെ പ്രചാരണം വന്നപ്പോള്‍, അവിടെ എംഎല്‍എയായിരുന്ന ഡോ. തോമസ് ഐസക്ക് ഇതിനെതിരെ രംഗത്തു വന്നിരുന്നു. എന്നാല്‍ അത്തരമൊരു സമീപനം സലാമിനെതിരെ പോസ്റ്റര്‍ പ്രചാരണം ഉണ്ടായപ്പോള്‍ ജി സുധാകരനില്‍ നിന്നും ഉണ്ടായില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 

അമ്പലപ്പുഴയിലെ പാര്‍ട്ടി സ്ഥാനാര്‍ത്ഥി എച്ച് സലാമിനെതിരെയും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. അമ്പലപ്പുഴ നിയമസഭ തെരഞ്ഞെടുപ്പില്‍ സലാമിനും വീഴ്ചയുണ്ടായി. തെരഞ്ഞെടുപ്പ് കമ്മിറ്റിയുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചില്ല. ഒരു വിഭാഗക്കാരനെന്ന പ്രചാരണത്തെ ചെറുക്കാന്‍ തയ്യാറായില്ലെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു.

ഇന്നു ചേര്‍ന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ചര്‍ച്ച ചെയ്തില്ലെന്നാണ് സൂചന. കോടിയേരി ബാലകൃഷ്ണന്‍ കോവിഡ് ബാധിതനായി ചികില്‍സയിലുള്ള സാഹചര്യത്തിലാണ് റിപ്പോര്‍ട്ട് പരിഗണിക്കാതിരുന്നതെന്നാണ് റിപ്പോര്‍ട്ട്. കോടിയേരി കൂടി പങ്കെടുക്കുന്ന സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം റിപ്പോര്‍ട്ട് പരിഗണിച്ചേക്കും. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com