ഗസ്റ്റ് ഹൗസില്‍ കഞ്ചാവ് കൊണ്ടുവച്ചു, റെയ്ഡില്‍ 'കണ്ടെത്തി'; യുവ എന്‍ജിനിയര്‍മാരെ എക്‌സൈസ് ഉദ്യോഗസ്ഥര്‍ ലഹരി കേസില്‍ കുടുക്കി

ഗസ്റ്റ് ഹൗസില്‍ കഞ്ചാവ് കൊണ്ടുവച്ചു, റെയ്ഡില്‍ 'കണ്ടെത്തി'; യുവ എന്‍ജിനിയര്‍മാരെ എക്‌സൈസ് ഉദ്യോഗസ്ഥര്‍ ലഹരി കേസില്‍ കുടുക്കി
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കൊച്ചി: കാക്കനാട് ലഹരിവേട്ട കേസില്‍ പ്രതിയെ രക്ഷപ്പെടുത്തി വിവാദത്തിലായ എക്‌സൈസിനെ പ്രതിക്കൂട്ടിലാക്കി പുതിയ റിപ്പോര്‍ട്ട്. യൂണിയന്‍ നേതാക്കള്‍ക്കു വേണ്ടി നെടുമ്പാശ്ശേരിയിലെ മൂന്നു യുവ ഏവിയേഷന്‍ എന്‍ജിനിയര്‍മാരെ എക്‌സൈസ് കഞ്ചാവ് കേസില്‍ കുടുക്കിയെന്ന് ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു. എക്‌സൈസ് വകുപ്പിന്റെ ആഭ്യന്തര അന്വേഷണ റിപ്പോര്‍ട്ട് ഉദ്ധരിച്ചുകൊണ്ടാണ് വാര്‍ത്ത.

യുവ എന്‍ജിനിയര്‍മാര്‍ താമസിക്കുന്ന ഗസ്റ്റ് ഹൗസില്‍ എക്‌സൈസ് ഉദ്യോഗസ്ഥര്‍ കഞ്ചാവ് കൊണ്ടുവയ്ക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. റെയ്ഡില്‍ കഞ്ചാവ് കണ്ടെത്തിയതിനെ തുടര്‍ന്ന് എന്‍ജിനിയര്‍മാരെ അറസ്റ്റ് ചെയ്തു. 2019 ജൂണ്‍ 15നായിരുന്നു ഇത്. ജാമ്യം ലഭിക്കാവുന്ന കേസായിരുന്നെങ്കിലും ഒരു ദിവസം ഇവരെ ലോക്കപ്പിലിട്ടു. സെര്‍ച്ച് മെമ്മോറാണ്ടവും സെര്‍ച്ച് ലിസ്റ്റും ഇല്ലാതെയായിരുന്നു എക്‌സൈസ് ഉദ്യോഗസ്ഥരുടെ നടപടി.

എക്‌സൈസ് കേസിനെതിരെ എന്‍ജിനിയര്‍മാരായ രശ്വന്ത് റെഡ്ഡി, എസ് ജഗദീശന്‍, ഭരത് എന്നിവര്‍ ഹൈക്കോടതിയെ സമീപിച്ചു. ഇവര്‍ക്കെതിരായ എഫ്‌ഐആര്‍ റദ്ദാക്കി ഓഗസ്റ്റ് നാലിന് ഹൈക്കോടതി ഉത്തരവിടുകയും ചെയ്തു. ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തുകൊണ്ടാണ് ഈ കേസില്‍ ഉദ്യോഗസ്ഥര്‍ നടപടിയെടുത്തതെന്ന് അഡീഷനല്‍ എക്‌സൈസ് കമ്മിഷണര്‍ നടത്തിയ ആഭ്യന്തര അന്വേഷണത്തില്‍ കണ്ടെത്തി. പിഎസ് സുജിത്, വിഎം ഹാരിസ്, സിജി ഷാബു, ജോസ് റാല്‍ബി, എസ് സിദ്ധാര്‍ഥ്, എവി പ്രദീപ്കുമാര്‍, സിടി സുനീഷ് കുമാര്‍ എന്നിവര്‍ക്കെതിരെ അച്ചടക്ക നടപടിയെടുക്കണമെന്ന് അന്വേഷണ റിപ്പോര്‍ട്ടില്‍ ശുപാര്‍ശ ചെയ്തതായും ഹൈക്കോടതിയില്‍ സമര്‍പ്പിച്ച അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു.

എയര്‍പോര്‍ട്ടില്‍ ഇന്ധനം നിറയ്ക്കല്‍ ജോലി നേരത്തെ ചെയ്തുകൊണ്ടിരുന്നത് കരാര്‍ തൊഴിലാളികളാണ്. എന്‍ജിനിയറിങ് ബിരുദ ധാരികളായ ഇവരെ നിയമിച്ചപ്പോള്‍ കരാര്‍ തൊഴിലാളികള്‍ക്കു ജോലി നഷ്ടപ്പെട്ടു. കരാര്‍ തൊഴിലാളികള്‍ക്കു വീണ്ടും ജോലി ലഭിക്കാനായി ഇവരെ കേസില്‍ കുടുക്കിയതാണോയെന്ന സംശയം സാക്ഷികള്‍ പ്രകടിപ്പിച്ചിട്ടുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതിനു വേണ്ടി യൂണിയന്‍ നേതാക്കള്‍ ഇടപെട്ടിരിക്കാമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ആഭ്യന്തര അന്വേഷണത്തിന്റെ  അടിസ്ഥാനത്തില്‍ അച്ചടക്ക നടപടി സ്വീകരിച്ചെങ്കിലും ഉദ്യോഗസ്ഥര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടില്ല. ക്രിമിനല്‍ കേസ് എടുക്കാവുന്ന നടപടിയാണ് അവരുടെ ഭാഗത്തുനിന്നുണ്ടായതെന്ന് നിയമ രംഗത്തുള്ളവര്‍ പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com