ചന്ദ്രിക കള്ളപ്പണകേസ് : കുഞ്ഞാലിക്കുട്ടി ഇന്ന് ഇഡിക്ക് മുന്നില്‍ ഹാജരാകില്ല ; സാവകാശം തേടി

പാലാരിവട്ടം പാലം അഴിമതിയിലൂടെ  ലഭിച്ച പണമാണ് ചന്ദ്രിക ദിനപ്പത്രത്തിന്റെ മറവില്‍ വെളുപ്പിച്ചതെന്നാണ് ആരോപണം
പി കെ കുഞ്ഞാലിക്കുട്ടി/ഫയല്‍ ചിത്രം
പി കെ കുഞ്ഞാലിക്കുട്ടി/ഫയല്‍ ചിത്രം

കൊച്ചി : ചന്ദ്രിക കള്ളപ്പണക്കേസില്‍ മുസ്ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി ഇന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് മുന്നില്‍ ഹാജരാകില്ല. ഹാജരാകാന്‍ ബുദ്ധിമുട്ടുണ്ടെന്ന് കുഞ്ഞാലിക്കുട്ടി എന്‍ഫോഴ്‌സ്‌മെന്റിനെ അറിയിച്ചു. ചോദ്യം ചെയ്യല്‍ മറ്റൊരു ദിവസത്തേക്ക് മാറ്റണമെന്നാണ് കുഞ്ഞാലിക്കുട്ടി രേഖാമൂലം ആവശ്യപ്പെട്ടത്. എന്നാല്‍ ഇക്കാര്യത്തില്‍ മറുപടി നല്‍കിയിട്ടില്ലെന്ന് ഇഡി വൃത്തങ്ങള്‍ അറിയിച്ചു. 

കുഞ്ഞാലിക്കുട്ടിയോട് ഇന്ന് ഹാജരാകാനാണ് ഇഡി നോട്ടീസില്‍ ആവശ്യപ്പെട്ടിട്ടുള്ളത്. മകന്‍ ആഷിഖിനും ഇഡി നോട്ടീസ് നല്‍കിയിട്ടുണ്ട്. നോട്ട് നിരോധന കാലയളവില്‍ ചന്ദ്രിക ദിനപ്പത്രത്തിന്റെ മറവില്‍ 10 കോടി രൂപ കളളപ്പണം വെളുപ്പിച്ചെന്നാണ് ആക്ഷേപം. പാലാരിവട്ടം പാലം അഴിമതിയിലൂടെ  ലഭിച്ച പണമാണ് ചന്ദ്രിക ദിനപ്പത്രത്തിന്റെ മറവില്‍ വെളുപ്പിച്ചതെന്നാണ് ആരോപണം.

കേസുമായി ബന്ധപ്പെട്ട് മൊഴിയെടുക്കാനും തെളിവ് ശേഖരിക്കാനുമായി മുന്‍മന്ത്രി കെ ടി ജലീലിനെ ഇഡി ഇന്നലെ വിളിപ്പിച്ചിരുന്നു. കേസില്‍ കുഞ്ഞാലിക്കുട്ടിക്കും മകനുമെതിരായ തെളിവുകളും രേഖകളും ഇഡിക്ക് കൈമാറിയതായി കെടി ജലീല്‍ അറിയിച്ചു. കുഞ്ഞാലിക്കുട്ടിയും മകനും കള്ളപ്പണം വെളുപ്പിക്കലിന് ചന്ദ്രിക ദിനപ്പത്രത്തെയും മുസ്ലിം ലീഗിനെയും മറയാക്കുകയാണെന്നും ജലീല്‍ ആരോപിച്ചു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com