ഞാന്‍ വെറും നാലണ മെമ്പര്‍ ; മുതിര്‍ന്ന നേതാവല്ല, 'പ്രായം 64 മാത്രം' ; ഉമ്മന്‍ ചാണ്ടിയെ മാറ്റിനിര്‍ത്തരുത് ; ആഞ്ഞടിച്ച് ചെന്നിത്തല

അച്ചടക്കത്തെപ്പറ്റി പറയുന്നത് കേള്‍ക്കുമ്പോള്‍ വലിയ സന്തോഷമാണ് തോന്നുന്നത്
ചെന്നിത്തല പ്രസംഗിക്കുന്നു /ടെലിവിഷന്‍ ചിത്രം
ചെന്നിത്തല പ്രസംഗിക്കുന്നു /ടെലിവിഷന്‍ ചിത്രം

കോട്ടയം : കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് രമേശ് ചെന്നിത്തല. കോണ്‍ഗ്രസില്‍ പ്രശ്‌നങ്ങളില്ലെന്ന് പറഞ്ഞ് കണ്ണടയ്ക്കുന്നത് ശരിയല്ല. 17 വര്‍ഷം താന്‍ സ്ഥാനത്തിരുന്നു. ഇഷ്ടമില്ലാത്തവരെ പോലും ഒന്നിച്ചു കൊണ്ടുപോയി. വിജയങ്ങളില്‍ നിന്ന് വിജയങ്ങളിലേക്കുള്ള യാത്രയായിരുന്നു ആ 17 വര്‍ഷം. അധികാരത്തിലിരുന്നപ്പോള്‍ ധാര്‍ഷ്ട്യത്തിന്റെ ഭാഷ പ്രയോഗിച്ചിട്ടില്ല. അഹങ്കാരത്തോടെ പ്രവര്‍ത്തിച്ചിട്ടില്ല. എല്ലാവരെയും ഒന്നിച്ചു കൊണ്ടു പോകുകയാണ് ചെയ്തത്.  കോട്ടയത്ത് ഡിസിസി അധ്യക്ഷന്‍ നാട്ടകം സുരേഷിന്റെ സ്ഥാനാരോഹണ ചടങ്ങിലായിരുന്നു ചെന്നിത്തലയുടെ വിമര്‍ശനം.

കെ കരുണാകരനും മുരളീധരനും കോണ്‍ഗ്രസ് വിട്ടുപോയ സമയത്താണ് താന്‍ കെപിസിസി പ്രസിഡന്റാകുന്നത്. അന്ന് ഉമ്മന്‍ചാണ്ടി പാര്‍ലമെന്ററി പാര്‍ട്ടി നേതാവാണ്. 17 വര്‍ഷം തങ്ങള്‍ സ്ഥാനത്തിരുന്നപ്പോള്‍ മൂ്ന്ന് പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വിജയിച്ചു. ഒരു നിയമസഭ തെരഞ്ഞെടുപ്പിലും 5 നിയമസഭ ഉപതെരഞ്ഞെടുപ്പിലും വിജയിച്ചു. വിജയങ്ങളില്‍ നിന്നും വിജയങ്ങളിലേക്കുള്ള യാത്രയായിരുന്നു അത്. 

പാര്‍ട്ടി വിട്ടുപോയ ലീഡര്‍ കെ കരുണാകരനെയും കെ മുരളീധരനേയും പാര്‍ട്ടിയിലേക്ക് തിരികെ കൊണ്ടുവന്നതും തങ്ങള്‍ അധികാരത്തിലിരുന്ന കാലയളവിലാണ്. ഇഷ്ടമില്ലാത്തവരെ പോലും ഒരുമിച്ച് കൊണ്ടുപോകാന്‍ ശ്രമിച്ചു. വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങള്‍ക്കപ്പുറത്ത് പാര്‍ട്ടി താല്‍പ്പര്യത്തിനാണ് പ്രാധാന്യം നല്‍കിയത്. 

ഇപ്പോള്‍ അച്ചടക്കത്തെപ്പറ്റി പറയുന്നത് കേള്‍ക്കുമ്പോള്‍ വലിയ സന്തോഷമാണ് തോന്നുന്നത്. മുന്‍കാലപ്രാബല്യത്തോടെയാണ് ഇതെങ്കില്‍ എത്രപേര്‍ പാര്‍ട്ടിയിലുണ്ടാകുമായിരുന്നു എന്ന് ചെന്നിത്തല ചോദിച്ചു. എല്ലാവരും ഒരുമിച്ച് പോകുകയാണ് കോണ്‍ഗ്രസിന് ശക്തിയുണ്ടാകുക. കോട്ടയം ജില്ലയിലെ മാത്രമല്ല, കേരളത്തിലെ മുഴുവന്‍ പ്രവര്‍ത്തകരുടെ വികാരമാണ് ഉമ്മന്‍ചാണ്ടിയെന്നും ചെന്നിത്തല പറഞ്ഞു.

കോണ്‍ഗ്രസിനെ തിരികെ കൊണ്ടുവന്നത് താനും ഉമ്മന്‍ചാണ്ടിയും ചേര്‍ന്നാണ്. ഇപ്പോള്‍ എന്നോടൊന്നും ആലോചിക്കണമെന്ന് പറയുന്നില്ല. വെറും നാലണ മെമ്പര്‍ മാത്രമാണ്. ഉമ്മന്‍ചാണ്ടി അതുപോലെയല്ല, എഐസിസി ജനറല്‍ സെക്രട്ടറിയാണ്. കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റിയംഗമാണ്. തന്റെ അഭിപ്രായം തേടിയില്ലെങ്കിലും ഉമ്മന്‍ചാണ്ടിയെ മാറ്റിനിര്‍ത്തരുത്. ഉമ്മന്‍ചാണ്ടിയോട് സംഘടനാപരമായിത്തന്നെ ആലോചിക്കാനുള്ള ബാധ്യത എല്ലാവര്‍ക്കുമുണ്ട്. 

സന്നിഗ്ധ ഘട്ടത്തില്‍ കോണ്‍ഗ്രസിനെ ഒരുമിച്ച് നിര്‍ത്തുകയാണ് വേണ്ടത്. ഇത് റിലേ മല്‍സരമൊന്നുമല്ല. ഒരുമിച്ചു നിന്ന് കൊണ്ടു പോരാടേണ്ട സന്ദര്‍ഭത്തില്‍ ഐക്യത്തിന്റെ പാത സ്വീകരിക്കുക എന്നുള്ളതാണ് നേതൃത്വത്തിന്റെ ഉത്തരവാദിത്തം. താന്‍ മുതിര്‍ന്ന നേതാവാണെന്ന പ്രസ്താവനയെയും ചെന്നിത്തല പരിഹസിച്ചു. താന്‍ മുതിര്‍ന്ന നേതാവെന്നാണ് പറയുന്നത്. തനിക്ക് 64 വയസ്സ് ആകുന്നതേയുള്ളൂ. ഈ പറയുന്ന പലരും 74 ഉം 75 ഉം കഴിഞ്ഞവരാണ്. രമേശ് ചെന്നിത്തല പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com