സവിശേഷ വിദ്യാലയങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്കും സ്മാര്‍ട്ട് ക്ലാസ് റും ലഭ്യമാക്കും: വിദ്യാഭ്യാസമന്ത്രി

ഓണ്‍ലൈന്‍ ക്ലാസുകളില്‍ ഭിന്നശേഷി കുട്ടികള്‍ക്കും മുന്തിയ പരിഗണന നല്‍കും
ജ്യോതിര്‍മയി പദ്ധതി ഉദ്ഘാടനത്തില്‍നിന്ന്‌
ജ്യോതിര്‍മയി പദ്ധതി ഉദ്ഘാടനത്തില്‍നിന്ന്‌


തിരുവനന്തപുരം: സവിശേഷ വിദ്യാലയങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്കും സ്മാര്‍ട്ട് ക്ലാസ് റും ലഭ്യമാക്കുമെന്ന് പൊതു വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. സംസ്ഥാന വിദ്യാഭ്യാസ ഗവേഷണ പരിശീലന സമിതി (എസ്.സി.ഇ.ആര്‍.ടി) കേരളത്തിലെ കാഴ്ച കേള്‍വി ബുദ്ധിപരിമിതരായ വിദ്യാര്‍ഥികള്‍ക്കുവേണ്ടി എല്ലാ വിഷയങ്ങളുടേയും അനുരൂപീകൃത വീഡിയോ തയ്യാറാക്കി യൂട്യൂബ് ചാനല്‍ വഴി പ്രക്ഷേപണം ചെയ്യുന്ന ജ്യോതിര്‍മയി പദ്ധതി ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

ഓണ്‍ലൈന്‍ ക്ലാസുകളില്‍ ഭിന്നശേഷി കുട്ടികള്‍ക്കും മുന്തിയ പരിഗണന നല്‍കും. വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും രക്ഷിതാക്കള്‍ക്കും പ്രയോജനപ്പെടുത്താന്‍ കഴിയുന്ന രീതിയിലാണ് ജ്യോതിര്‍മയിയുടെ രൂപകല്‍പന നിര്‍വഹിച്ചിരിക്കുന്നത്. ഭിന്നശേഷിക്കാരായ കുട്ടികളെ സഹായിക്കേണ്ട രീതി, പഠനത്തില്‍ സഹായിക്കുന്നതിന് ഉപയോഗിക്കേണ്ട സാമഗ്രികള്‍, അവ നിര്‍മിക്കേണ്ട വിധം തുടങ്ങിയവയെപ്പറ്റി വ്യക്തമായ ധാരണ ലഭിക്കുന്ന രീതിയില്‍ രക്ഷിതാക്കള്‍ക്കും ഈ യുട്യൂബ് ചാനലിലൂടെ ഓറിയന്റേഷന്‍ നല്‍കുന്നതാണ്.

ബെയില്‍, ഓറിയന്റേഷന്‍ & മൊബിലിറ്റി, നിത്യജീവിത നൈപുണികള്‍ തുടങ്ങിയവ കുട്ടികളെ പരിശീലിപ്പിക്കുന്നതിന് സഹായിക്കുന്ന മാര്‍ഗനിര്‍ദേശങ്ങളും ഇതില്‍ ലഭ്യമാക്കും. സംസ്ഥാനത്തെ സവിശേഷ വിദ്യാലയങ്ങളിലെ പരിശീലനം ലഭിച്ച അധ്യാപകരുടെ വിഭവശേഷി ഉപയോഗപ്പെടുത്തി തയാറാക്കുന്ന വീഡിയോകള്‍ ആയതിനാല്‍ ഏറ്റവും മികച്ച പഠന വിഭവങ്ങള്‍ പ്രയോജനപ്പെടുത്താന്‍ അധ്യാപകര്‍ക്ക് ഇതുവഴി സാധിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com