'എല്ലാവരുമായും ചര്‍ച്ച നടത്തി' ; ഉമ്മന്‍ചാണ്ടിയെ തള്ളി ടി സിദ്ധിഖ്

കോണ്‍ഗ്രസില്‍ അടിമുതല്‍ മുടിവരെ കാതലായ മാറ്റം നടക്കുന്നുവെന്ന്  ടി സിദ്ധിഖ് പറഞ്ഞു
ഉമ്മൻചാണ്ടിയും ടി സിദ്ധിഖും / ഫെയ്സ്ബുക്ക് ചിത്രം
ഉമ്മൻചാണ്ടിയും ടി സിദ്ധിഖും / ഫെയ്സ്ബുക്ക് ചിത്രം

കൽപ്പറ്റ : ഡിസിസി പുനഃസംഘടനയില്‍ ഉമ്മന്‍ചാണ്ടിയെ തള്ളി കെപിസിസി വര്‍ക്കിങ് പ്രസിഡന്റ് ടി സിദ്ധിഖ്. പുനഃസംഘടന സംബന്ധിച്ച് എല്ലാവരുമായും ചര്‍ച്ച നടത്തിയിരുന്നു. ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല എന്നിവരുമായും ചര്‍ച്ച നടന്നിരുന്നു. കോണ്‍ഗ്രസില്‍ അടിമുതല്‍ മുടിവരെ കാതലായ മാറ്റം നടക്കുന്നു എന്നും ടി സിദ്ധിഖ് പറഞ്ഞു. 

വയനാട് ഡിസിസി പ്രസിഡന്റ് എന്‍ഡി അപ്പച്ചന്റെ സ്ഥാനമേല്‍ക്കല്‍ ചടങ്ങിൽ സംസാരിക്കുകയായിരുന്നു സിദ്ധിഖ്.  കേരളം പ്രത്യേകസാഹചര്യത്തിലൂടെ കടന്നുപോകുകയാണ്. ഒരു തവണ യുഡിഎഫ്, പിന്നെ എല്‍ഡിഎഫ് എന്നിങ്ങനെയാണ് അധികാരത്തില്‍ വരാറ്. എന്നാല്‍ ഇടതുമുന്നണി ഭരണം നിലനിര്‍ത്തിയപ്പോള്‍ കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനത്തിന്റെ ആത്മവിശ്വാസത്തില്‍ കുറവുണ്ടായി. താഴേത്തട്ടില്‍ സംഘടനാപരമായ ദൗര്‍ബല്യങ്ങള്‍ പുറത്തുവന്നു. 

ഈ ദൗര്‍ബല്യങ്ങളെ തിരിച്ചറിയുക എന്നതാണ് ഒരു നേതൃത്വത്തിന്റെ ഏറ്റവും വലിയ ഉത്തരവാദിത്തം. കെപിസിസി പ്രസിഡന്റും വര്‍ക്കിങ് പ്രസിഡന്റുമാരും പ്രതിപക്ഷ നേതാവും ചേര്‍ന്ന് ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല തുടങ്ങിയവരുമായി സംഘടനാ വിഷയങ്ങളും പാര്‍ട്ടിയുടെ മുന്നോട്ടുള്ള പ്രയാണവുമെല്ലാം മണിക്കൂറുകളോളം ചര്‍ച്ച ചെയ്തിരുന്നു. എല്ലാവരുമായും കൂടിക്കാഴ്ച നടന്നിരുന്നു. സിദ്ധിഖ് പറഞ്ഞു.

ഉമ്മന്‍ചാണ്ടിയെ തള്ളിപ്പറഞ്ഞുകൊണ്ടുള്ള രാഷ്ട്രീയം ഉണ്ടാകില്ലെന്ന് ടി സിദ്ധിഖ് നേരത്തെ അഭിപ്രായപ്പെട്ടിരുന്നു. പ്രിയപ്പെട്ട ഉമ്മന്‍ചാണ്ടിയുമായി വൈകാരിക ബന്ധമാണുള്ളത്. അദ്ദേഹത്തെ ഇരുട്ടില്‍ നിര്‍ത്തിയിട്ടില്ലെന്നും സിദ്ധിഖ് പറഞ്ഞിരുന്നു.

ഡിസിസി പ്രസിഡന്റുമാരെ നിയമിച്ചതിൽ കൂടിയാലോചന നടന്നില്ലെന്ന രമേശ് ചെന്നിത്തലയുടെ പ്രതികരണം അതിരുകടന്നതായിപ്പോയി. അദ്ദേഹത്തെപ്പോലൊരാൾ ഇത്തരം സംസാരത്തിലേക്കു വഴുതി വീഴരുതായിരുന്നു. സംസാരത്തിലും പ്രവർത്തനത്തിലും സംയമനം പാലിക്കുന്നതിനു പകരം എരിതീയിൽ എണ്ണയൊഴിക്കുന്ന സമീപനം ഒരാളുടെ ഭാഗത്തുനിന്നും ഉണ്ടാകാതിരിക്കുകയെന്നതാണ് സംഘടനയോട് ഇപ്പോൾ ചെയ്യേണ്ട ഏറ്റവും വലിയ ഉത്തരവാദിത്തമെന്നും സിദ്ധിഖ് അഭിപ്രായപ്പെട്ടിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com