'കാറിലിരുന്ന് മരണത്തെക്കുറിച്ച് പറഞ്ഞുകൊണ്ടിരുന്നു, ഒപ്പം ജീവനൊടുക്കാന്‍ നിര്‍ബന്ധിച്ചു ; സഹോദരി വിളിച്ചപ്പോള്‍ ഫോണ്‍ വലിച്ചെറിഞ്ഞ് പൊട്ടിച്ചു'

നാദിര്‍ഷാ ഫോണില്‍ വിളിച്ച് പ്രധാനപ്പെട്ട കാര്യം സംസാരിക്കാനുണ്ടെന്ന് പറഞ്ഞ് ഒപ്പം കൂട്ടിക്കൊണ്ടു പോകുകയുമായിരുന്നുവെന്ന് യുവതി പറഞ്ഞു
നാദിര്‍ഷ, ചികില്‍സയിലുള്ള യുവതി / ടെലിവിഷന്‍ ചിത്രം
നാദിര്‍ഷ, ചികില്‍സയിലുള്ള യുവതി / ടെലിവിഷന്‍ ചിത്രം

ഇടുക്കി : ഒരുമിച്ച് ജീവനൊടുക്കാന്‍ കാമുകന്‍ നാദിര്‍ഷ നിരന്തരം സമ്മര്‍ദ്ദം ചെലുത്തിയെന്ന് യുവതിയുടെ മൊഴി. കാന്തല്ലൂര്‍ ഭ്രമരം പോയിന്റില്‍ ഇരുകൈ ഞരമ്പുകളും മുറിഞ്ഞ് അബോധാവസ്ഥയില്‍ കണ്ടെത്തിയ മറയൂര്‍ സ്വദേശിനി പൊലീസിന് നല്‍കിയ മൊഴിയാണ് പുറത്തായത്. ജീവനൊടുക്കാന്‍ താന്‍ ആഗ്രഹിച്ചില്ല. കാമുകന്‍ നാദിര്‍ഷ ബലമായി തന്റെ കൈകളിലെ ഞരമ്പ് മുറിച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ചുവെന്നും യുവതി പറഞ്ഞു. 

രണ്ടു വര്‍ഷമായി പെരുമ്പാവൂര്‍ സ്വദേശി നാദിര്‍ഷയുമായി പ്രണയത്തിലായിരുന്നുവെന്ന് യുവതി പറഞ്ഞു.മറയൂര്‍ പത്തടിപ്പാലം സ്വദേശിനിയായ 28 കാരി, മറയൂരിലെ ഒരു സ്വകാര്യ സ്‌കൂളില്‍ അധ്യാപികയായിരുന്നു. വ്യാഴാഴ്ച രാവിലെ പെരുമ്പാവൂരില്‍ നിന്നും മറയൂരിലെത്തിയ നാദിര്‍ഷാ ഫോണില്‍ വിളിച്ച് പ്രധാനപ്പെട്ട കാര്യം സംസാരിക്കാനുണ്ടെന്ന് പറഞ്ഞ് ഒപ്പം കൂട്ടിക്കൊണ്ടു പോകുകയുമായിരുന്നുവെന്ന് യുവതി പറഞ്ഞു. ഇരുവരുമൊന്നിച്ച് ഇരച്ചില്‍ പാറയിലും മറ്റും പോയ ശേഷം ഒരുമിച്ചു മരിക്കാന്‍ ഇയാള്‍ നിര്‍ബന്ധിച്ചു.

ആത്മഹത്യ ചെയ്യാന്‍ പോകുന്നുവെന്ന് പറഞ്ഞ് മൊബൈലില്‍ വിഡിയോ ചിത്രീകരിച്ചു. എന്നിട്ട് ആഭരണങ്ങളും മൊബൈലും വാഹനത്തിനുള്ളില്‍ വച്ചശേഷം തന്റെ കൂടെ വ്യൂ പോയിന്റിലേക്ക് വരാന്‍ ആവശ്യപ്പെട്ടു. നാദിര്‍ഷയുടെ പെരുമാറ്റത്തില്‍ ഭയം തോന്നിയ യുവതി ഫോണ്‍ കയ്യില്‍ കരുതി. ഫോണില്‍ നിന്നു ദൃശ്യങ്ങള്‍ നാദിര്‍ഷായുടെ സഹോദരിക്കും സുഹൃത്തുക്കള്‍ക്കും അയച്ചുകൊടുത്തു. തന്നെ എങ്ങനെയെങ്കിലും രക്ഷപ്പെടുത്തണമെന്ന് യുവതി അഭ്യര്‍ഥിക്കുകയും ചെയ്തു. 

ഇതിനിടെ, സഹോദരി തിരികെ വിളിച്ചപ്പോള്‍ യുവാവ് ദേഷ്യപ്പെടുകയും ഫോണ്‍ തല്ലിപ്പൊട്ടിക്കുകയും ചെയ്തു. പിന്നീട് ബലമായി യുവതിയുടെ കയ്യിലെ ഞരമ്പ് മുറിച്ചു. ബോധരഹിതയായി വീണ യുവതിക്ക് പിന്നീട് ബോധം വന്നപ്പോള്‍, കയ്യിലെ ഞരമ്പ് മുറിച്ച് സമീപത്ത് ഇരിക്കുന്ന നാദിര്‍ഷയെയാണ് കണ്ടത്. യുവതി അലറി വിളിച്ചുകൊണ്ട് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചു. ഏതാനും വിനോദ സഞ്ചാരികള്‍ അടുത്തേക്ക് വരുന്നതു കണ്ട നാദിര്‍ഷ കൊക്കയിലേക്ക് ചാടുകയായിരുന്നു എന്നാണ് മൊഴി. 

അവിടെയെത്തിയ വിനോദസഞ്ചാരികള്‍ കണ്ടതാണ് അബോധാവസ്ഥയിലായ യുവതി രക്ഷപ്പെടാന്‍ കാരണമെന്ന് പൊലീസ് സൂചിപ്പിച്ചു. യുവതിയെ മുറിവേറ്റ നിലയില്‍ കണ്ടെത്തിയ സ്ഥലത്തും നാദിര്‍ഷായുടെ മൃതദേഹം കണ്ടെത്തിയ സ്ഥലത്തും ഇടുക്കിയില്‍ നിന്നുള്ള ഫൊറന്‍സിക് വിദഗ്ധര്‍ എത്തി തെളിവുകള്‍ ശേഖരിച്ചു. നാദിര്‍ഷായുടെ മൃതദേഹം ഇന്‍ക്വസ്റ്റ് തയാറാക്കി ഇടുക്കി മെഡിക്കല്‍ കോളജില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തി ബന്ധുക്കള്‍ക്കു വിട്ടുനല്‍കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com