'ഇത് സ്വീകരിച്ച് പൊരുത്തപ്പെട്ട് തരണം' ; ഒമ്പതു വര്‍ഷം മുമ്പ് മോഷ്ടിച്ച സ്വര്‍ണാഭരണം തിരികെ നല്‍കി, ഒപ്പം കുറിപ്പ്; കള്ളന്റെ 'സത്യസന്ധത'

രാവിലെ കിടപ്പുമുറിയുടെ ജനലിലാണ് പൊതി ഇരിക്കുന്നത് വീട്ടമ്മയുടെ ശ്രദ്ധയില്‍പ്പെട്ടത്
കള്ളൻ തിരികെ എത്തിച്ച മാല, കുറിപ്പ് / ടെലിവിഷൻ ചിത്രം
കള്ളൻ തിരികെ എത്തിച്ച മാല, കുറിപ്പ് / ടെലിവിഷൻ ചിത്രം

കോഴിക്കോട് : ഒമ്പതു വര്‍ഷം മുമ്പ് മോഷ്ടിച്ച ഏഴു പവന്‍ സ്വര്‍ണാഭരണം ഉടമയുടെ വീട്ടില്‍ തിരികെ വെച്ച് കള്ളന്‍. പശ്ചാത്താപക്കുറിപ്പു സഹിതമാണ് കള്ളന്‍ സ്വര്‍ണാഭരണം അടങ്ങിയ പൊതി ഉടമയുടെ വീട്ടില്‍ ഇട്ടത്. തുറയൂര്‍ പഞ്ചായത്തിലെ ഇരിങ്ങത്ത് ടൗണിന് സമീപം താമസിക്കുന്ന വീട്ടമ്മയുടെ ഏഴ് പവന്‍ സ്വര്‍ണാഭരണമാണ് കള്ളന്‍ തിരികെ വീട്ടിലെത്തിച്ചത്. 

സെപ്റ്റംബര്‍ ഒന്നിനായിരുന്നു സംഭവം. രാവിലെ കിടപ്പുമുറിയുടെ ജനലിലാണ് പൊതി ഇരിക്കുന്നത് വീട്ടമ്മയുടെ ശ്രദ്ധയില്‍പ്പെട്ടത്. എഴുന്നേറ്റപ്പോള്‍ കാണാതിരുന്ന പൊതിക്കെട്ട് പിന്നീട് കണ്ടപ്പോള്‍ അത്ഭുതവും ഒപ്പം ഭയവും തോന്നി. വടി കൊണ്ട് തട്ടി താഴെയിട്ടശേഷമാണ് വീട്ടമ്മ പൊതി തുറന്ന് പരിശോധിച്ചത്.

പൊതിയില്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് നഷ്ടപ്പെട്ട അതേ മോഡല്‍ സ്വര്‍ണമാലയ്‌ക്കൊപ്പം കുറിപ്പും. കുറച്ചു വര്‍ഷങ്ങള്‍ക്ക് മുമ്പ്  നിങ്ങളുടെ വീട്ടില്‍ നിന്നും ഇങ്ങനെ ഒരു സ്വര്‍ണാഭരണം അറിയാതെ ഞാന്‍ എടുത്തുപോയി. അതിന് പകരമായി ഇത് സ്വീകരിച്ച് പൊരുത്തപ്പെട്ട് തരണം എന്നായിരുന്നു കുറിപ്പില്‍.

അന്ന് നഷ്ടമായത് ഏഴേകാല്‍ പവന്റെ സ്വര്‍ണമാലയായിരുന്നു. എന്നാല്‍ ഇപ്പോള്‍ ലഭിച്ചത് ഏഴു പവന്റെ മാലയാണെന്ന് വീട്ടമ്മ പറഞ്ഞു. കളഞ്ഞുപോയതാണെന്ന് ധരിച്ച് അന്ന് പൊലീസില്‍ പരാതിപ്പെട്ടിരുന്നില്ല. ഒരിക്കലും തിരിച്ചുകിട്ടില്ലെന്ന് വിചാരിച്ച സ്വര്‍ണം അപ്രതീക്ഷിതമായി തിരിച്ചുകിട്ടിയതിന്റെ സന്തോഷത്തിലാണ് വീട്ടമ്മ ഇപ്പോള്‍. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com