'ഡാര്‍ക്ക് വെബ്' കുറ്റകൃത്യങ്ങള്‍ കണ്ടുപിടിക്കാന്‍ സോഫ്റ്റുവെയര്‍; കേരള പൊലീസില്‍ സൈബര്‍ ക്രൈം ഇന്‍വെസ്റ്റിഗേഷന്‍ ഡിവിഷന്‍, രാജ്യത്ത് ആദ്യം

സൈബര്‍ അധിഷ്ഠിത അന്വേഷണം ഏകോപിപ്പിക്കുന്നതിനും സാങ്കേതിക വിദഗ്ദ്ധരുടെ സേവനം ലഭ്യമാക്കുന്നതിനുമായി സൈബര്‍ ക്രൈം ഇന്‍വെസ്റ്റിഗേഷന്‍ ഡിവിഷന്‍ വിഭാഗം വൈകാതെ പൊലീസില്‍ നിലവില്‍ വരും
ഓണ്‍ലൈന്‍ ഹാക്കത്തോണിന്റെ സമാപന സമ്മേളനത്തില്‍ നിന്ന്
ഓണ്‍ലൈന്‍ ഹാക്കത്തോണിന്റെ സമാപന സമ്മേളനത്തില്‍ നിന്ന്

തിരുവനന്തപുരം: സൈബര്‍ അധിഷ്ഠിത അന്വേഷണം ഏകോപിപ്പിക്കുന്നതിനും സാങ്കേതിക വിദഗ്ദ്ധരുടെ സേവനം ലഭ്യമാക്കുന്നതിനുമായി സൈബര്‍ ക്രൈം ഇന്‍വെസ്റ്റിഗേഷന്‍ ഡിവിഷന്‍ വിഭാഗം വൈകാതെ പൊലീസില്‍ നിലവില്‍ വരും. ഇതോടെ ഇത്തരമൊരു സാങ്കേതിക വിഭാഗം നിലവിലുളള ഇന്ത്യയിലെ ആദ്യത്തെ പൊലീസ് സേനയായിരിക്കും കേരളാ പൊലീസ് എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഡാര്‍ക്ക് വെബില്‍ ഫലപ്രദമായി പൊലീസ് നടപടികള്‍ സ്വീകരിക്കുന്നതിന് ആവശ്യമായ രീതിയില്‍ സോഫ്റ്റ് വെയര്‍ നിര്‍മ്മിക്കുക എന്ന ലക്ഷ്യത്തോടെ കേരളാ പൊലീസ് ഹാക്ക്-പി 2021 എന്നപേരില്‍ സംഘടിപ്പിച്ച ഓണ്‍ലൈന്‍ ഹാക്കത്തോണിന്റെ സമാപന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 
    
ഡാര്‍ക്ക് വെബിലെ  നിഗൂഢതകള്‍ നീക്കുന്നതിനും കുറ്റകൃത്യങ്ങള്‍ വിശകലനം ചെയ്യുന്നതിനുമായി ഹാക്കത്തോണിലൂടെ നിര്‍മ്മിച്ചെടുത്ത 'Grapnel 1.0' എന്ന സോഫ്റ്റ് വെയറിന്റെ പ്രോജക്ട് ലോഞ്ച് മുഖ്യമന്ത്രി ചടങ്ങില്‍ നിര്‍വ്വഹിച്ചു. ഡാര്‍ക്ക് വെബില്‍ നടക്കുന്ന ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ കണ്ടുപിടിക്കാന്‍ പൊതുവെ പ്രയാസമാണ്. ഇതിന് പരിഹാരമായി വികസിപ്പിച്ചെടുത്ത പുതിയ സോഫ്റ്റ് വെയര്‍ പൊലീസിന് മാത്രമല്ല രാജ്യത്തിന് തന്നെ അഭിമാനകരമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

സൈബര്‍ കുറ്റകൃത്യങ്ങളെക്കുറിച്ച് പൊതുജനങ്ങള്‍ക്ക് അവബോധം നല്‍കിയാല്‍ മാത്രമേ അവയെ ഇല്ലായ്മ ചെയ്യാനാകൂ എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ബോധവത്ക്കരണ പരിപാടികള്‍ പൊലീസിന്റെ മറ്റ് ഉത്തരവാദിത്തങ്ങള്‍ നിര്‍വ്വഹിക്കാതിരിക്കാനുളള ഉപായമായി കാണരുതെന്നും അദ്ദേഹം പറഞ്ഞു. 
    
ഡാര്‍ക്ക് വെബിലൂടെ  നടക്കുന്ന കുറ്റകൃത്യങ്ങളായ ലൈംഗിക വ്യാപാരം, മയക്കുമരുന്ന് കച്ചവടം, ആയുധ വ്യാപാരം, സാമ്പത്തിക തട്ടിപ്പുകള്‍ എന്നിവ ഈ സോഫ്റ്റ് വെയര്‍ ഉപയോഗിച്ച് കണ്ടെത്തുവാനും അവയുമായി ബന്ധപ്പെട്ട അന്വേഷണങ്ങള്‍ നടത്തുവാനും സാധിക്കും. സൈബര്‍ ഡോം മെഡല്‍ ഓഫ് എക്സലന്‍സ്, സമ്മേളനത്തിലെ വിജയികള്‍ക്കുളള അവാര്‍ഡ്, കഴിഞ്ഞ വര്‍ഷം സംസ്ഥാനത്തെ മികച്ച പൊലീസ് സ്റ്റേഷനുകളായി തെരഞ്ഞെടുക്കപ്പെട്ട തമ്പാനൂര്‍, ഇരിങ്ങാലക്കുട, കുന്നമംഗലം എന്നീ പൊലീസ് സ്റ്റേഷനുകള്‍ക്കുളള മുഖ്യമന്ത്രിയുടെ വാര്‍ഷിക ട്രോഫി എന്നിവയും ചടങ്ങില്‍ വിതരണം ചെയ്തു. 
    
സൈബര്‍ ഡോമിന്റെ ആഭിമുഖ്യത്തിലാണ് അന്താരാഷ്ട്രതലത്തില്‍ സമ്മേളനം സംഘടിപ്പിച്ചത്. ഡീമിസ്റ്റിഫയിങ് ദി ഡാര്‍ക്ക് വെബ് എന്നതായിരുന്നു ഈ വര്‍ഷത്തെ ഹാക്കത്തോണ്‍ തീം. സൈബര്‍ ഡോം നോഡല്‍ ഓഫീസറായ എ.ഡി.ജി.പി മനോജ് എബ്രഹാമിന്റെ നേതൃത്വത്തില്‍ കഴിഞ്ഞ മാര്‍ച്ച് 15 ന് ആരംഭിച്ച ഹാക്കത്തോണ്‍ രജിസ്ട്രേഷനില്‍  ലോകത്തിന്റെ പല ഭാഗങ്ങളില്‍  നിന്നായി വിദഗ്ദ്ധരുടെ 360 ഓളം അപേക്ഷകള്‍  ലഭിച്ചു. രണ്ട് ഘട്ടങ്ങളായി നടന്ന സ്‌ക്രീനിങ്ങില്‍ മികച്ച രീതിയില്‍ ടെക്നിക്കല്‍/പ്രോഗ്രാമിങ്  സ്‌കില്‍ പ്രകടിപ്പിച്ച  26  പേരാണ് അവസാന ഘട്ടത്തില്‍ മല്‍സരിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com