കെ സുധാകരന്‍/ഫയല്‍
കെ സുധാകരന്‍/ഫയല്‍

സര്‍, മാഡം വിളി വേണ്ട; മാത്തൂര്‍ മാതൃക കോണ്‍ഗ്രസ് ഭരിക്കുന്ന എല്ലാ പഞ്ചായത്തുകളിലും നടപ്പാക്കും: കെ സുധാകരന്‍

: ജീവനക്കാരെയും ഭരണസമിതി അംഗങ്ങളെയും സര്‍, മാഡം എന്ന് വിളിക്കുന്നത് ഒഴിവാക്കിയ മാത്തൂര്‍ ഗ്രാമപഞ്ചായത്തിന്റെ മാതൃക കോണ്‍ഗ്രസ് ഭരിക്കുന്ന എല്ലാ പഞ്ചായത്തുകളിലും നടപ്പാക്കുമെന്ന് കെപിസിസി പ്രസിഡന്റ്


തിരുവനന്തപുരം: ജീവനക്കാരെയും ഭരണസമിതി അംഗങ്ങളെയും സര്‍, മാഡം എന്ന് വിളിക്കുന്നത് ഒഴിവാക്കിയ മാത്തൂര്‍ ഗ്രാമപഞ്ചായത്തിന്റെ മാതൃക കോണ്‍ഗ്രസ് ഭരിക്കുന്ന എല്ലാ പഞ്ചായത്തുകളിലും നടപ്പാക്കുമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. സംസ്ഥാനത്ത് ആകെ ഈ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ ശക്തമായ സമ്മര്‍ദ്ദം ചെലുത്തുമെന്നും അദ്ദേഹം പറഞ്ഞു. അതിന് നേതൃത്വം നല്‍കാന്‍ ഡിസിസി പ്രസിഡന്റുമാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പൂര്‍ണ്ണ അര്‍ത്ഥത്തില്‍ അധികാര വികേന്ദ്രീകരണം സാധ്യമാക്കുക എന്നതാണ് കോണ്‍ഗ്രസിന്റെ ലക്ഷ്യമെന്നും സുധാകരന്‍ പറഞ്ഞു.

കാലോചിതമായ ഇടപെടലുകളിലൂടെ ജനാധിപത്യത്തെ വീണ്ടെടുക്കാനുള്ള കെപിസിസിയുടെ ശ്രമങ്ങള്‍ക്ക് മാത്തൂര്‍ പഞ്ചായത്ത് ഒരു തുടക്കമാണ്. ജനാധിപത്യവും പൗരാവകാശവും കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ പാടെ വിസ്മരിക്കുകയും പൊലീസ് അനുദിനം സാധാരണ പൗരന്റെ അന്തസിനെ ചോദ്യം ചെയ്യുകയും ചെയ്യുന്ന ഇക്കാലത്ത് രാജ്യത്തിനാകെ മാതൃകയാണ് മാത്തൂര്‍ പഞ്ചായത്തിന്റെ പുതിയ ചുവടുവെയ്‌പ്പെന്നും സുധാകരന്‍ പറഞ്ഞു.

എല്ലാ സര്‍ക്കാര്‍ ഓഫീസുകളിലും പൊലീസിലും സര്‍,മാഡം വിളി ഒഴിവാക്കാനാവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ മുഖ്യമന്ത്രി തയ്യാറാകണം. ഏകാധിപത്യസ്വഭാവമുള്ള സര്‍ക്കാരുകളില്‍ നിന്ന് ജനങ്ങളെ രക്ഷിക്കാന്‍ ഗാന്ധിജി സ്വപ്നം കണ്ട ഗ്രാമസ്വരാജ്, 73-ാം ഭരണഘടനാ ഭേദഗതിയിലൂടെ കൊണ്ടുവന്നത് കോണ്‍ഗ്രസ്സാണ്. ആധുനിക ജനാധിപത്യ സങ്കല്‍്പങ്ങള്‍ക്കനുസരിച്ച് ഗ്രാമസ്വരാജിനെ വീണ്ടും പുനര്‍വിഭാവനം ചെയ്യാന്‍ കോണ്‍ഗ്രസ് ശ്രമിക്കുകയാണ്. അതിനായി നിയമനിര്‍മ്മാണം അടക്കമുള്ള കാര്യങ്ങള്‍ ചെയ്യേണ്ടതുണ്ടെന്നും ജനാധിപത്യത്തെ വീണ്ടെടുക്കുവാനും സംരക്ഷിക്കുവാനുമുള്ള മാറ്റങ്ങള്‍ കൊണ്ടുവരാന്‍ മുന്നില്‍ തന്നെ കോണ്‍ഗ്രസുണ്ടാവുമെന്നും സുധാകരന്‍ പറഞ്ഞു.

സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവരും ജനപ്രതിനിധികളും ജനസേവകരാണ്. ബ്രിട്ടീഷ് കോളനി വാഴ്ചയുടെ ശേഷിപ്പുകളായ സര്‍, മാഡം അഭിസംബോധന ജനാധിപത്യ വിരുദ്ധമാണ്. അതിനാലാണ് യുഡിഎഫ് ഭരിക്കുന്ന മാത്തൂര്‍ ഗ്രാമപഞ്ചായത്ത് വിപ്ലവകരമായ ഈ തിരുമാനം നടപ്പിലാക്കിയത്. ഇതിന് നേതൃത്വം കൊടുത്ത പഞ്ചായത്ത് പ്രസിഡന്റ് പ്രവിത മുരളീധരന്‍, വൈസ് പ്രസിഡന്റ് പി ആര്‍ പ്രസാദ്, ഭരണസമിതി അംഗങ്ങള്‍, പഞ്ചായത്ത് മെമ്പര്‍മാര്‍ തുടങ്ങിയവരെയും ഇതിനായി നിരന്തരം ക്യാമ്പയിന്‍ നടത്തുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ബോബന്‍ മാട്ടുമന്തയേയും ഹൃദയം നിറഞ്ഞ് അഭിനന്ദിക്കുന്നുവെന്നും കെ സുധാകരന്‍ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com