അടുത്ത ഒരാഴ്ച നിര്‍ണായകം, നിപ കണ്‍ട്രോള്‍ റൂം തുറന്നു; രണ്ട് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് രോഗലക്ഷണങ്ങള്‍

കുട്ടിയുമായി സമ്പര്‍ക്കമുണ്ടായിരുന്ന 188 പേരില്‍ 20 പേര്‍ ഹൈ റിസ്‌ക് കോണ്ടാക്ടുകൾ
ടെലിവിഷന്‍ ചിത്രം
ടെലിവിഷന്‍ ചിത്രം

കോഴിക്കോട്: നിപ സ്ഥിരീകരിച്ച് മരിച്ച 12 വയസുകാരന്റെ സമ്പർക്കപ്പട്ടികയില്‍ ഉള്ള എല്ലാ ആളുകളെയും കണ്ടെത്തിയെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. കുട്ടിയുമായി സമ്പര്‍ക്കമുണ്ടായിരുന്ന 188 പേരില്‍ 20 പേര്‍ ഹൈ റിസ്‌ക് കോണ്ടാക്ടുകളാണെന്നും ഇതില്‍ രണ്ടുപേരില്‍ രോഗലക്ഷണം കണ്ടെത്തിയതായും മന്ത്രി സ്ഥിരീകരിച്ചു.

സ്വകാര്യ ആശുപത്രിയിലെയും കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലെയും ആരോഗ്യപ്രവര്‍ത്തകരിലാണ് നിപ ലക്ഷണം കണ്ടിരിക്കുന്നത്. ഹൈ റിസ്‌ക് കോണ്ടാക്ടിലുള്ള 20 പേരെയും കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിപ ചികിത്സയ്ക്ക് മാത്രമായി സജ്ജീകരിച്ച പ്രത്യേക വാര്‍ഡിലേക്ക് മാറ്റും. ഇതിനായി പേ വാര്‍ഡിലുണ്ടായിരുന്ന കോവിഡ് രോഗികളെ മാറ്റിയതായി മന്ത്രി അറിയിച്ചു.

വൈറസ് ബാധ മൂലം മരിച്ച കുട്ടിയുടെ വീട് സ്ഥിതിചെയ്യുന്ന കോഴിക്കോട് മാവൂര്‍ പ്രദേശത്ത് മൂന്ന് കിലോമീറ്റര്‍ ചുറ്റളവില്‍ കണ്ടെയിന്മെന്റ് ഏര്‍പ്പെടുത്താനാണ് തീരുമാനം.  ജില്ലയില്‍ മുഴുവനും കണ്ണൂര്‍, മലപ്പുറം ജില്ലകളിലും ജാഗ്രത പുലര്‍ത്തണമെന്ന് മന്ത്രി പറഞ്ഞു. 27-ാം തിയതി പനി തുടങ്ങിയ കുട്ടിയുടെ ഇന്‍ക്യുബേഷന്‍ കാലയളവ് കണക്കുകൂട്ടുമ്പോള്‍ വരുന്ന ഒരാഴ്ച നിര്‍ണായകമാണെന്നും ആരോഗ്യമന്ത്രി ചൂണ്ടിക്കാട്ടി.

കോണ്ടാക്ട് ലിസ്റ്റിലുള്ള ആളുകളുടെ പോയിന്റ് ഓഫ് കെയര്‍ ടെസ്റ്റ് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ തന്നെ നടത്തുമെന്നും ഈ പരിശോധനയില്‍ പോസിറ്റീവ് ആണെന്ന് കണ്ടെത്തിയാല്‍ കണ്‍ഫര്‍മേറ്ററി ടെസ്റ്റ് പൂനെയില്‍ നടത്താമെന്നാണ് ധാരണ. മരുന്നുകളുടെ ലഭ്യതയും പരിശോധിച്ച് ഉറപ്പാക്കിയിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.

കുട്ടിയുടെ റൂട്ട് മാപ്പ് ഉടന്‍ പ്രസിദ്ധീകരിക്കും. നിപയ്ക്ക് വേണ്ടി മാത്രം കോണ്‍സെന്റര്‍ പ്രവര്‍ത്തനവും ആരംഭിക്കും. കോവിഡ് കോള്‍ സെന്ററിന് പുറമെയായിരിക്കും ഇതിന്റെ പ്രവര്‍ത്തനം.കോള്‍ സെന്റര്‍ നമ്പര്‍: 0495 2382500, 0495 2382800

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com