കുട്ടി റമ്പൂട്ടാന്‍ കഴിച്ചിരുന്നു; വവ്വാലുകള്‍ എത്തിയ ഇടമോ?; കേന്ദ്രസംഘം പരിശോധിക്കും

അത് വവ്വാലുകള്‍ എത്തുന്ന ഇടമാണോയെന്നതും കേന്ദ്രസംഘം പരിശോധിക്കും
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കോഴിക്കോട്: നിപ സ്ഥിരീകരിച്ച് മരിച്ച 12 വയസുകാരന്റെ  വീട്  കേന്ദ്രസംഘം സന്ദര്‍ശിച്ചു. കുട്ടി റമ്പൂട്ടാന്‍ കഴിച്ചിരിരുന്നതായി കുടുംബാംഗങ്ങള്‍ കേന്ദ്രസംഘത്തെ അറിയിച്ചു. അത് വവ്വാലുകള്‍ എത്തുന്ന ഇടമാണോയെന്നതും കേന്ദ്രസംഘം പരിശോധിക്കും. ഉച്ചയോടെയാണ് കേന്ദ്രസംഘം മുന്നൂരിലെ വീട്ടിലെത്തിയത്.  റമ്പൂട്ടാന്റെ സാമ്പിളുകള്‍ കേന്ദ്രസംഘം ശേഖരിച്ചു

വൈറസ് ബാധിച്ച് 12കാരന്‍ മരിച്ചതിന് പിന്നാലെ രണ്ടു പേര്‍ക്ക് രോഗലക്ഷണങ്ങള്‍ കണ്ടെത്തി. മരിച്ച കുട്ടിയുമായി സമ്പര്‍ക്കം പുലര്‍ത്തിയ രണ്ടു പേരും ആരോഗ്യ പ്രവര്‍ത്തകരാണ്. സ്വകാര്യ ആശുപത്രിയിലേയും കോഴിക്കോട് മെഡിക്കല്‍ കോളജിലേയും ഓരോ ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ലക്ഷണങ്ങളുള്ളതെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു.

കുട്ടിക്ക് പനി വന്നപ്പോള്‍ ആദ്യ പോയത് സ്വകാര്യ ക്ലിനിക്കിലാണ്. ഇവിടെയുള്ള ഒമ്പത് പേരുമായി സമ്പര്‍ക്കമുണ്ട്. അതിന് ശേഷം ഒരു സ്വകാര്യ ആശുപത്രിയില്‍ പോയി. അവിടെ ഏഴോളം പേര്‍ സമ്പര്‍ക്കത്തിലുണ്ട്. വീണ്ടും മറ്റൊരു സ്വകാര്യ ആശുപത്രിയില്‍ പോയി. അവിടെ നിന്നാണ് കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുവരുന്നത്. തുടര്‍ന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്കുമാണ് കൊണ്ടുവന്നത്. ഈ ആശുപത്രികളിലും മറ്റുമായി മൊത്തം 188 സമ്പര്‍ക്കങ്ങളെയാണ് തിരിച്ചറിഞ്ഞിട്ടുള്ളത്. അവരെയെല്ലാം വിവരമറിയിച്ചിട്ടുണ്ട്. ഇതില്‍ ഹൈറിസ്‌കിലുള്ളത് 20 പേരാണ്. ഇവരില്‍ രണ്ടു പേര്‍ക്കാണ് രോഗ ലക്ഷണമുണ്ടായത്. 

ഇന്ന് നാലു മണിക്കകം ഹൈറിസ്‌കിലുള്ള 20 പേരെ മെഡിക്കല്‍ കോളജിലെ നിപ ചികിത്സയ്ക്കായി പ്രത്യേകം തിരിച്ചിട്ടുള്ള വാര്‍ഡിലേക്ക് മാറ്റും. കോഴിക്കോട് മെഡിക്കല്‍ കോളജിലെ പേ വാര്‍ഡ് ബ്ലോക്ക് നിപ ചികിത്സയ്ക്കായി മാറ്റാന്‍ തീരുമാനിച്ചിരുന്നു. ബ്ലോക്കിലെ ആദ്യ നിലയില്‍ നിപ പോസിറ്റീവായ രോഗികള്‍ ഉണ്ടാകുകയാണെങ്കില്‍ അവരെ പാര്‍പ്പിക്കും. മറ്റു രണ്ടു നിലകളില്‍ നിരീക്ഷണത്തിലുള്ളവരെ താമസിപ്പിക്കുമെന്നും ആരോഗ്യമന്ത്രി അറിയിച്ചു.

ചാത്തമംഗലം പഞ്ചായത്തിലാണ് നിപ ബാധിച്ച് കുട്ടിയുടെ വീട്. അതിന്റെ മൂന്ന് കിലോമീറ്റര്‍ പരിധിയില്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. മരിച്ച കുട്ടിയുടെ വീടിനടുത്ത പ്രദേശങ്ങളെ ഉള്‍പ്പെടുത്തി ചാത്തമംഗലം പഞ്ചായത്തിലെ മൂന്ന് കിലോമീറ്റര്‍ ചുറ്റളവ് കണ്ടെയിന്റ്‌മെന്റ് സോണാക്കി. സമീപ പ്രദേശങ്ങളിലും കോഴിക്കോട് ജില്ലയിലും മലപ്പുറം കണ്ണൂര്‍ ജില്ലകളിലും ജാഗ്രത നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.

നിരീക്ഷണത്തിലുള്ളവര്‍ക്കായി നാളെ വൈകുന്നേരത്തിനുള്ളില്‍ പോയിന്റ് ഓഫ് കെയര്‍ (ട്രൂനാറ്റ്) പരിശോധന കോഴിക്കോട് മെഡിക്കല്‍ കോളജില്‍ വെച്ച് തന്നെ നടത്തും. പുണെ വൈറോളജി ഇന്‍സ്റ്റിറ്റിയൂട്ടില്‍ നിന്ന് ഇതിനായി സംഘം എത്തുമെന്നാണ് അറിയിച്ചിട്ടുള്ളത്. പോയിന്റ് ഓഫ് കെയര്‍ പരിശോധനയില്‍ പോസിറ്റീവായാല്‍ കണ്‍ഫേര്‍മേറ്റീവ് പരിശോധ നടത്തും. 12 മണിക്കൂറിനുള്ളില്‍ പരിശോധന ഫലം ലഭ്യമാക്കാമെന്ന് പുണെ വൈറോളജി ഇന്‍സ്റ്റിറ്റിയൂട്ട് അറിയിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

നിപയ്ക്ക് വേണ്ടി മാത്രം പ്രത്യേക കോള്‍ സെന്ററും തുറന്നിട്ടുണ്ട്. 0495 2382500, 0495 2382800 എന്നിങ്ങനെയാണ് നമ്പറുകള്‍ ഗസ്റ്റ്ഹൗസ് കേന്ദ്രീകരിച്ച് ഒരു കണ്‍ട്രോള്‍ റൂമും തുറന്നിട്ടുണ്ടെന്നും ആരോഗ്യ മന്ത്രി അറിയിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com