പിപിഇ കിറ്റ് ധരിച്ച് പ്രാര്‍ത്ഥന; കര്‍ശന നിയന്ത്രണത്തില്‍ പന്ത്രണ്ടുകാരന്റെ മൃതദേഹം കബറടക്കി

കോഴിക്കോട് കണ്ണപറമ്പ് ജുമാ മസ്ജിദ് ഖബര്‍സ്ഥാനിലാണ്  കബറടക്കിയത്
നിപ വൈറസ് ബാധിച്ച് മരിച്ച പന്ത്രണ്ടുകാരന്റെ മൃതദേഹം കബറടക്കാനായി എത്തിക്കുന്നു
നിപ വൈറസ് ബാധിച്ച് മരിച്ച പന്ത്രണ്ടുകാരന്റെ മൃതദേഹം കബറടക്കാനായി എത്തിക്കുന്നു


കോഴിക്കോട്: നിപ ബാധിച്ചു മരിച്ച പന്ത്രണ്ടു വയസുകാരന്റെ മൃതദേഹം കബറടക്കി. കോഴിക്കോട് കണ്ണപറമ്പ് ജുമാ മസ്ജിദ് ഖബര്‍സ്ഥാനിലാണ്  കബറടക്കിയത്. പള്ളിയുടെ കവാടത്തിനു സമീപം പിപിഇ കിറ്റ് ധരിച്ചെത്തിയാണ് പ്രാര്‍ഥനാ ചടങ്ങ് പൂര്‍ത്തിയാക്കിയത്. 

സ്വകാര്യാശുപത്രിയില്‍ നിന്ന് നിപ പ്രോട്ടോക്കോള്‍ പാലിച്ചാണ് മൃതദേഹം എത്തിച്ചത്. പരിസരത്തേക്ക് മറ്റാരും വരാതിരിക്കാന്‍ പൊലിസ് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. കബറടക്കിയ ഭാഗത്തും പരിസരത്തും അണുനാശിനിയും ബ്ലീച്ചിങ് പൗഡര്‍ അടക്കമുള്ള രാസവസ്തുക്കള്‍ ഉപയോഗിച്ച് ശുചീകരിച്ചു.  നൂറു മീറ്റര്‍ അകലെ നിന്ന് ദൃശ്യങ്ങള്‍ പകര്‍ത്തണമെന്ന നിര്‍ദേശം മാധ്യമ പ്രവര്‍ത്തകര്‍ക്ക് നല്‍കിയിരുന്നു. 

അതേസമയം, നിപ സ്ഥിരീകരിച്ച് മരിച്ച 12 വയസുകാരന്റെ വീട് കേന്ദ്രസംഘം സന്ദര്‍ശിച്ചു. കുട്ടി റമ്പൂട്ടാന്‍ കഴിച്ചിരിരുന്നതായി കുടുംബാംഗങ്ങള്‍ കേന്ദ്രസംഘത്തെ അറിയിച്ചു. അത് വവ്വാലുകള്‍ എത്തുന്ന ഇടമാണോയെന്നതും കേന്ദ്രസംഘം പരിശോധിക്കും. ഉച്ചയോടെയാണ് കേന്ദ്രസംഘം മുന്നൂരിലെ വീട്ടിലെത്തിയത്.

12കാരന്‍ മരിച്ചതിന് പിന്നാലെ രണ്ടു പേര്‍ക്ക് രോഗലക്ഷണങ്ങള്‍ കണ്ടെത്തി. മരിച്ച കുട്ടിയുമായി സമ്പര്‍ക്കം പുലര്‍ത്തിയ രണ്ടു പേരും ആരോഗ്യ പ്രവര്‍ത്തകരാണ്. സ്വകാര്യ ആശുപത്രിയിലേയും കോഴിക്കോട് മെഡിക്കല്‍ കോളജിലേയും ഓരോ ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ലക്ഷണങ്ങളുള്ളതെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com