ദിർഹമെന്ന് പറഞ്ഞ് തുണിയിൽ പൊതിഞ്ഞു നൽകിയത് കടലാസു കെട്ട്, ഓടിരക്ഷപ്പെട്ടു; ഓട്ടോ ഡ്രൈവറുടെ അഞ്ചു ലക്ഷം പോയി

ഹനീഫ ഭാര്യയുടെ സ്വര്‍ണമടക്കമുള്ള സമ്പാദ്യം വിറ്റ് പണം കണ്ടെത്തി അഞ്ചു ലക്ഷം നൽകുകയായിരുന്നു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കാസർകോട്; ഇന്ത്യന്‍ കറന്‍സിക്ക് പകരം ദിര്‍ഹം നല്‍കാമെന്ന് പറഞ്ഞ് ഓട്ടോ ഡ്രൈവറെ പറ്റിച്ചു. അഞ്ചു ലക്ഷം രൂപയാണ് നഷ്ടമായത്. തൃക്കരിപ്പൂര്‍ കാടാങ്കോട് നെല്ലിക്കാലിലെ പി ഹനീഫ എന്ന ഡ്രൈവറാണ് തട്ടിപ്പിന് ഇരയായത്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. 

ദിര്‍ഹം മാറാനുണ്ടെന്ന് പറഞ്ഞാണ് തട്ടിപ്പുകാര്‍ ഹനീഫയെ സമീപിക്കുന്നത്. തന്റെ സുഹൃത്ത് മാറ്റിത്തരുമെന്ന് ഹനീഫ അറിയിക്കുന്നു. അങ്ങനെ ആദ്യം 100 ദിര്‍ഹം മാറ്റി. അതില്‍ ഹനീഫക്ക് ലാഭം കിട്ടി. പിന്നീട് എട്ട് ലക്ഷം രൂപയുടെ ദിര്‍ഹമുണ്ടെന്നും അഞ്ച് ലക്ഷം തന്നാല്‍ മാറ്റിത്തരാമെന്നും സംഘം അറിയിച്ചു. തുടർന്ന് ഹനീഫ ഭാര്യയുടെ സ്വര്‍ണമടക്കമുള്ള സമ്പാദ്യം വിറ്റ് പണം കണ്ടെത്തി അഞ്ചു ലക്ഷം നൽകുകയായിരുന്നു. 

തൃക്കരിപ്പൂരില്‍വെച്ച് പണം കൈമാറാമെന്നും തീരുമാനമായി. ഭാര്യയോടൊപ്പം എത്തിയ ഹനീഫ, പണം സംഘത്തെ ഏല്‍പ്പിച്ചു. തുണിയില്‍ പൊതിഞ്ഞ ദിര്‍ഹം സംഘം ഹനീഫയുടെ കൈയില്‍ ഏല്‍പ്പിച്ചയുടന്‍ ഓടിക്കളഞ്ഞു. പരിശോധിച്ചപ്പോള്‍ ദിര്‍ഹത്തിന് പകരം കടലാസ് കെട്ടുകള്‍. ഇവരുടെ പേരോ വിവരമോ ഹനീഫക്ക് അറിയില്ല. ഇവര്‍ വിളിച്ച മൊബൈല്‍ നമ്പര്‍ മാത്രമാണ് ഏക തെളിവ്. ചെറുവത്തൂരില്‍വെച്ചാണ് സംഘത്തെ പരിചയപ്പെട്ടത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com