'ഓനങ്ങനെ നെലത്ത് കിടക്കുന്ന പേരയ്ക്കയൊന്നും തിന്നൂല്ല, കഴിച്ചത് ഞാൻ പറിച്ച റമ്പൂട്ടാൻ'; അബൂബക്കറിനും വാഹിദയ്ക്കും നഷ്ടപ്പെട്ടത് ഏകമകനെ

നിപ്പ സ്ഥിരീകരിക്കുന്നതുവരെ മകനൊപ്പം കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു ഇരുവരും
നിപ വൈറസ് ബാധിച്ച് മരിച്ച പന്ത്രണ്ടുകാരന്റെ മൃതദേഹം കബറടക്കാനായി എത്തിക്കുന്നു
നിപ വൈറസ് ബാധിച്ച് മരിച്ച പന്ത്രണ്ടുകാരന്റെ മൃതദേഹം കബറടക്കാനായി എത്തിക്കുന്നു

കോഴിക്കോട്; ‘‘ഓനങ്ങനെ നെലത്ത് വീണുകിടക്കുന്ന പേരയ്ക്കയൊന്നും തിന്നൂല്ല. ഞാൻ പോയി പറിച്ചു കൊണ്ടുവന്ന റമ്പൂട്ടാൻ കഴിച്ചിട്ടുണ്ട്. വേറെ പ്രശ്നൊന്നും ഉണ്ടായിരുന്നില്ല. അന്നും കൂടി ഓടിക്കളിച്ചതാണേ’’ കണ്ണു നിറഞ്ഞ് ഇട‌റിയ ശബ്ദത്തിൽ തന്റെ മകനെക്കുറിച്ചു പറയുകയാണ് അബൂബക്കർ. തങ്ങളുടെ ഏക മകനെയാണ് അബൂബക്കറിനും വാഹിദയ്ക്കും നഷ്ടമായത്. ഇന്നലെയാണ് നിപ്പ ബാധിച്ച് 12കാരനായ ഹാഷിം മരിക്കുന്നത്. 

നിപ്പ സ്ഥിരീകരിക്കുന്നതുവരെ മകനൊപ്പം കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു ഇരുവരും. ശനിയാഴ്ച രാത്രി 12 മണിയോടെയാണ്  മകന് നിപ്പയാണെന്നും ഐസൊലേഷനിൽ പോകണമെന്നുമുള്ള അറിയിപ്പു കിട്ടുന്നത്. തുടർന്ന് ഇരുവരും വാഹിദയുടെ ബന്ധുവിന്റെ ചെറുവാടിയിലെ വീട്ടിലേക്കു പോന്നു. പുലർച്ചെ 4.30ന് മകന്റെ മരണവാർത്തയെത്തുന്നത്. അവസാനമായി ഹാഷിമിനെ കാണാൻ പോലും ഇവർക്കായില്ല. 

റമ്പൂട്ടാൻ കഴിച്ചതിൽ നിന്നാണ് കുട്ടിയ്ക്ക് നിപ്പ ബാധ ഏറ്റിരിക്കുന്നത് എന്നാണ് പ്രാഥമിക നി​ഗമനം.  ഹാഷിമിന്റെ പ്രാഥമിക സമ്പർക്ക പട്ടികയിൽ‍പ്പെട്ട അബൂബക്കറും വാഹിദയും ബന്ധുക്കളുമടക്കം 5 പേരെ ആശുപത്രിയിലേക്ക് മാറ്റി. വാഹിദയ്ക്കും രണ്ട് ആരോ​ഗ്യപ്രവർത്തകർക്കുമാണ് രോ​ഗലക്ഷണമുള്ളത്. ഹൈ റിസ്ക് കോണ്ടാക്ടിലുള്ള ഏഴ് പേരുടെ സാംപിളുകൾ പൂനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com