നിപ : മാനേജ്‌മെന്റ് പ്ലാന്‍ തയ്യാറാക്കി ആരോഗ്യവകുപ്പ് ; ജില്ലകള്‍ക്ക് ജാഗ്രതാ നിര്‍ദേശം ;  എന്‍സെഫലൈറ്റിസ് രോഗബാധിതരെ നിരീക്ഷിക്കും

ട്രീറ്റ്‌മെന്റ് പ്രോട്ടോകോള്‍ കൃത്യമായി പാലിക്കുകയും അത് നിരീക്ഷിക്കുകയും ചെയ്യും
ആരോഗ്യമന്ത്രി വീണാ ജോര്‍ജ് / എഎന്‍ഐ ചിത്രം
ആരോഗ്യമന്ത്രി വീണാ ജോര്‍ജ് / എഎന്‍ഐ ചിത്രം

കോഴിക്കോട് : സംസ്ഥാനത്ത് വീണ്ടും നിപ വൈറസ് റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ആരോഗ്യ വകുപ്പ് നിപ മാനേജ്‌മെന്റ് പ്ലാന്‍ തയ്യാറാക്കി. ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചതാണ് ഇക്കാര്യം. സര്‍ക്കാര്‍, സ്വകാര്യം ഉള്‍പ്പെടെ എല്ലാ ആശുപത്രികളും പ്രോട്ടോകോള്‍ കൃത്യമായി പാലിക്കേണ്ടതാണ്. എല്ലാ ജില്ലകളും ജാഗ്രത പാലിക്കുകയും എന്‍സെഫലൈറ്റിസ് രോഗബാധിതരെ നിരീക്ഷണം നടത്തുകയും വേണമെന്നും മന്ത്രി നിര്‍ദേശിച്ചു.  

ജില്ലകള്‍ ആവശ്യമെങ്കില്‍ നിപ മാനേജ്‌മെന്റ് പ്ലാന്‍ തയ്യാറാക്കേണ്ടതാണ്. ഇതോടൊപ്പം പുതുക്കിയ ട്രീറ്റ്‌മെന്റ് ഗൈഡ്‌ലൈനും, ഡിസ്ചാര്‍ജ് ഗൈഡ്‌ലൈനും പുറത്തിറക്കി. സംസ്ഥാന, ജില്ലാ, ആശുപത്രിതലത്തില്‍ ഏകോപിപ്പിച്ചുള്ളതാണ് നിപ മാനേജ്‌മെന്റിന്റെ ഘടന. മുഖ്യമന്ത്രി, ആരോഗ്യമന്ത്രി, ചീഫ് സെക്രട്ടറി, ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി, ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് അഡീഷണല്‍ ചീഫ് സെക്രട്ടറി, ആരോഗ്യ വകുപ്പ് ഡയറക്ടര്‍, ആരോഗ്യ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ എന്നിവര്‍ ചേര്‍ന്നതാണ് സംസ്ഥാന സമിതി. 

ജില്ലാ വികസന മാനേജ്‌മെന്റ് അതോറിറ്റിയും പ്രത്യേക സബ്ജറ്റ് കമ്മിറ്റികളും ചേര്‍ന്നതാണ് ജില്ലാതല സമിതി. ഇന്‍സ്റ്റിറ്റിയൂഷന്‍ മെഡിക്കല്‍ ബോര്‍ഡും സ്റ്റാന്‍ഡേര്‍ഡ് ചികിത്സാ മാനേജ്‌മെന്റ് പ്രോട്ടോകോളുമാണ് ആശുപത്രിതലത്തിലെ ഘടന. ഈ മൂന്ന് തലങ്ങളും അതിലെ എല്ലാ കമ്മിറ്റികളും സ്റ്റാന്‍ഡേര്‍ഡ് ഓപ്പറേറ്റിംഗ് പ്രൊസീജിയര്‍ പിന്തുടരണം. സര്‍വയലന്‍സ്, ടെസ്റ്റിംഗ്, രോഗീ പരിചരണം എന്നിവയാണ് പ്രധാനം. സര്‍വയലന്‍സിന്റെ ഭാഗമായി കോണ്ടാക്ട് ട്രെയ്‌സിംഗും ക്വാറന്റൈനും നടത്തണം. നിപ പരിശോധന സുഗമമാക്കണം. 

ട്രീറ്റ്‌മെന്റ് പ്രോട്ടോകോള്‍ കൃത്യമായി പാലിക്കുകയും അത് നിരീക്ഷിക്കുകയും ചെയ്യും. ദിവസവും ഏകോപന യോഗങ്ങള്‍ നടത്തുകയും അതിന്റെ വിശദാംശങ്ങള്‍ മാധ്യമങ്ങള്‍ക്ക് നല്‍കുകയും ചെയ്യുന്നതാണ്.
ആരോഗ്യ പ്രവര്‍ത്തകര്‍, ഫീല്‍ഡ്തല പ്രവര്‍ത്തകര്‍, സര്‍ക്കാര്‍ സ്വകാര്യ ആശുപത്രികളിലെ ഡോക്ടര്‍മാര്‍ എന്നിവര്‍ക്ക് വിദഗ്ധ പരിശീലനം ഉറപ്പാക്കും. മരുന്നുകളും അവശ്യ സാമഗ്രികളുടേയും ലഭ്യത ഉറപ്പാക്കും. പ്രതിരോധവും മുന്‍കരുതലുകളും സംബന്ധിച്ച് ശക്തമായ അവബോധം നല്‍കും. കേന്ദ്രവും മറ്റിതര വകുപ്പുകളുമായുള്ള ബന്ധം, ഭരണപരമായ പ്രവര്‍ത്തനങ്ങള്‍, കണ്‍ട്രോള്‍ റൂം എന്നിവയ്ക്കായി മാനേജ്‌മെന്റ് ഏകോപനവും ഉണ്ടായിരിക്കേണ്ടതാണെന്ന് മന്ത്രി അറിയിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com