എട്ടുപേരുടെയും പരിശോധനാഫലം നെഗറ്റീവ് ; കുട്ടിയുടെ മാതാപിതാക്കള്‍ക്കും നിപയില്ല ; ആശ്വാസകരമെന്ന് ആരോഗ്യമന്ത്രി ; അഞ്ചുപേരുടെ ഫലം ഇന്നറിയാം

നിലവില്‍ ആശുപത്രിയില്‍ ചികില്‍സയിലുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്
ആരോഗ്യമന്ത്രി മാധ്യമങ്ങളോട് സംസാരിക്കുന്നു / ടെലിവിഷന്‍ ചിത്രം
ആരോഗ്യമന്ത്രി മാധ്യമങ്ങളോട് സംസാരിക്കുന്നു / ടെലിവിഷന്‍ ചിത്രം

തിരുവനന്തപുരം : കോഴിക്കോട് നിപ രോഗലക്ഷണങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് വിദഗ്ധ പരിശോധനയ്ക്ക് പൂനെ വൈറോളജി ലാബിലേക്ക് അയച്ച എട്ടു സാംപിളുകളും നെഗറ്റീവ് ആണെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. കുട്ടികളുടെ രക്ഷിതാക്കളുടെ ഉള്‍പ്പെടെയുള്ളവരുടെ സാംപിളുകളാണ് പൂനെയില്‍ പരിശോധനയ്ക്ക് അയച്ചത്. ഏറെ ആശ്വാസകരമായ ഫലമാണ് ലഭിച്ചതെന്നും മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. 

കുട്ടികളുടെ ഉറ്റബന്ധുക്കളുടെയും രോഗലക്ഷണങ്ങളുണ്ടായിരുന്ന ആരോഗ്യപ്രവര്‍ത്തകരുടെയും സാംപിളുകളാണ് വിദഗ്ധ പരിശോധനയ്ക്ക് അയച്ചത്. നിലവില്‍ ആശുപത്രിയില്‍ ചികില്‍സയിലുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്. ആര്‍ക്കും ഗുരുതരമായ പ്രശ്‌നങ്ങളില്ല. മരിച്ച കുട്ടിയുടെ അമ്മയുടെ പനി കുറഞ്ഞതായും ആരോഗ്യമന്ത്രി പറഞ്ഞു. 

കൂടുതല്‍ സാംപിളുകള്‍ ഇന്നു പരിശോധിക്കും. ഇന്നലെ രാത്രി മുതല്‍ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവര്‍ത്തനം ആരംഭിച്ച ലാബില്‍ ഇപ്പോള്‍ 5 സാംപിളുകള്‍ ടെസ്റ്റ് ചെയ്യുന്നുണ്ട്. ഇതിന്റെ ആര്‍ടിപിസിആര്‍ ടെസ്റ്റിങ് പുലര്‍ച്ചെയാണ് ആരംഭിച്ചത്. ഇന്നു തന്നെ ഈ ഫലവും ലഭിക്കും. 

ഇപ്പോള്‍ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ഉള്ളത് 48 പേരാണ്. ഹൈറിസ്‌ക് കോണ്‍ടാക്റ്റ് കാറ്റഗറിയില്‍പ്പെടുന്നവരാണ് ഇവര്‍. ഇവരില്‍ എട്ടുപേരുടെ പരിശോധനാഫലമാണ് ലഭിച്ചത്. അഞ്ചുപേരുടെ പരിശോധന കോഴിക്കോട് നടക്കുകയാണ്. ബാക്കിയുള്ളവരുടെ സാംപിളുകളും ഇന്നു പരിശോധിക്കുമെന്ന് മന്ത്രി പറഞ്ഞു. 

കോഴിക്കോട് ജില്ലയില്‍ നിന്ന് 31 പേരാണ് ഹൈ റിസ്‌ക് വിഭാഗത്തില്‍ മെഡിക്കല്‍ കോളേജിലുള്ളത്. വയനാട് നിന്നും നാലുപേര്‍, എറണാകുളത്തു നിന്നും ഒരാള്‍, മലപ്പുറത്ത് നിന്ന് എട്ട്, കണ്ണൂര്‍ നിന്ന് മൂന്ന്, പാലക്കാട് നിന്ന് ഒരാള്‍ എന്നിവരാണ് മെഡിക്കല്‍ കോളജിലുള്ളതെന്നും മന്ത്രി അറിയിച്ചു.  
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com