ഇടതുപക്ഷത്തിന് പിന്തുണ പ്രഖ്യാപിച്ച് കൗണ്‍സിലര്‍ മേരി കലിസ്റ്റ ; കൊച്ചി കോര്‍പ്പറേഷനില്‍ എല്‍ഡിഎഫിന് കേവല ഭൂരിപക്ഷം

കോണ്‍ഗ്രസ്സിന്റെ  മാനസിക പീഡനത്തിലും, ഭീഷണിയിലും സഹിക്കെട്ടാണ് യു ഡി എഫിനുള്ള പിന്തുണ പിന്‍വലിക്കാൻ തീരുമാനിച്ചതെന്ന് മേരി കലിസ്റ്റ പറഞ്ഞു
മേരി കലിസ്റ്റയെ എല്‍ഡിഎഫ് പാര്‍ലമെന്ററി പാര്‍ട്ടി സെക്രട്ടറി സ്വീകരിക്കുന്നു / ഫെയ്‌സ്ബുക്ക് ചിത്രം
മേരി കലിസ്റ്റയെ എല്‍ഡിഎഫ് പാര്‍ലമെന്ററി പാര്‍ട്ടി സെക്രട്ടറി സ്വീകരിക്കുന്നു / ഫെയ്‌സ്ബുക്ക് ചിത്രം

കൊച്ചി : കൊച്ചി കോര്‍പ്പറേഷനില്‍ ഇടതുമുന്നണിക്ക് കേവല ഭൂരിപക്ഷമായി. കോണ്‍ഗ്രസ് വിമതയായി മത്സരിച്ച് ജയിച്ച മുണ്ടംവേലി ഡിവിഷന്‍ കൗണ്‍സിലര്‍ മേരി കലിസ്റ്റ പ്രകാശന്‍ എല്‍ഡിഎഫിന് പിന്തുണ അറിയിച്ചതോടെയാണിത്. നിലവില്‍ 74 അംഗ കൗണ്‍സിലില്‍  എല്‍ഡിഎഫിന് 37 ഉം യുഡിഎഫിന് 31 ഉം ബിജെപിക്ക് 5 ഉം അംഗങ്ങളുടെ പിന്തുണയാണുള്ളത്. 

കോണ്‍ഗ്രസ്സിന്റെ  മാനസിക പീഡനത്തിലും, ഭീഷണിയിലും സഹിക്കെട്ടാണ് യു ഡി എഫിനുള്ള പിന്തുണ പിന്‍വലിക്കാനും, എല്‍ ഡി എഫിനോടൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കാനും തിരുമാനിച്ചതെന്ന് മേരി കലിസ്റ്റ പ്രകാശനും  ഭര്‍ത്താവും, മുന്‍ കൗണ്‍സിലറുമായ കെ ജെ പ്രകാശനും വ്യക്തമാക്കി. 

കോണ്‍ഗ്രസ് പ്രവര്‍ത്തകയായിരുന്ന മേരി കലിസ്റ്റ ഇത്തവണ വിമതയായാണ്  മത്സരിച്ചു ജയിച്ചത്. 25 വര്‍ഷമായി മുണ്ടംവേലി ഡിവിഷനില്‍ നിന്ന് മേരി കലിസ്റ്റയോ ഭര്‍ത്താവ് പ്രകാശനോ ആണ് വിജയിക്കാറുള്ളത്. കഴിഞ്ഞ തവണ കോണ്‍ഗ്രസ്സ് മേരിക്ക്  സീറ്റ് നിഷേധിച്ചു. തുടര്‍ന്ന് സിഎംപി പിന്തുണയോടെ സ്വതന്ത്രയായി  മല്‍സരിച്ച് വിജയിക്കുകയായിരുന്നു.

ഗാന്ധിനഗര്‍ സീറ്റിലെ സിറ്റിങ്ങ് കൗണ്‍സിലര്‍ സിപിഎമ്മിലെ കെ കെ ശിവന്‍ അന്തരിച്ചതിനെ തുടര്‍ന്ന് ആ സീറ്റ് ഒഴിഞ്ഞു കിടക്കുകയാണ്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com