ഫോണില്‍ പലരുടെയും കോളുകള്‍, ഭര്‍ത്താവിനൊപ്പം പോയേക്കുമെന്നും സംശയം ; ശ്വാസം മുട്ടിച്ചു, മണ്ണെണ്ണയൊഴിച്ചു കത്തിക്കാനും ശ്രമിച്ചു ; മരിക്കുംമുമ്പേ കുഴിച്ചുമൂടി ; ബിനോയിയുടെ മൊഴി പുറത്ത്

സിന്ധു അബോധാവസ്ഥയിലായ ഉടന്‍ അടുപ്പു മാറ്റി കുഴി എടുത്ത് ശരീരത്തില്‍ നിന്നു വസ്ത്രങ്ങള്‍ മാറ്റിയ ശേഷം കുഴിയിലിട്ടു മൂടുകയായിരുന്നു
ബിനോയ്, കൊല്ലപ്പെട്ട സിന്ധു - ടെലിവിഷന്‍ ചിത്രം
ബിനോയ്, കൊല്ലപ്പെട്ട സിന്ധു - ടെലിവിഷന്‍ ചിത്രം

അടിമാലി : ഇടുക്കി പണിക്കന്‍കുടിയില്‍ കാമാക്ഷി താമഠത്തില്‍ സിന്ധുവിനെ (45) കൊലപ്പെടുത്തിയ കേസില്‍ പിടിയിലായ പ്രതി ബിനോയിയുടെ മൊഴി പുറത്ത്. സിന്ധുവിനെ  മര്‍ദിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് ബിനോയി സേവ്യര്‍ പൊലീസിന് മൊഴി നല്‍കി. അഞ്ചു വര്‍ഷമായി തന്നോടൊപ്പം താമസിച്ചിരുന്ന സിന്ധു രോഗിയായ ഭര്‍ത്താവിനൊപ്പം പോകാനുള്ള സാധ്യതയും ഫോണില്‍ മറ്റു പലരുടെയും കോളുകള്‍ വരുന്നതു സംബന്ധിച്ച സംശയവുമാണ് കൊലപാതകത്തിലേക്കു നയിച്ചത്. സിന്ധുവുമായി കലഹം പതിവായിരുന്നെന്നും ഇയാള്‍ പൊലീസിനോട് പറഞ്ഞു.

സിന്ധുവിന്റെ 12 വയസ്സുള്ള മകനെ ബിനോയിയുടെ സഹോദരിയുടെ വീട്ടിലേക്കു പറഞ്ഞയച്ച ശേഷം ഓഗസ്റ്റ് 11ന് രാത്രി 12.30 നാണ്  കൊലപാതകം നടത്തിയത്. മര്‍ദിച്ചതും ശ്വാസംമുട്ടിച്ചതും കൂടാതെ മണ്ണെണ്ണയൊഴിച്ചു കത്തിക്കുന്നതിനും ശ്രമിച്ചു. ദേഹത്തു കയറി ഇരുന്ന് മുഖത്ത് അമര്‍ത്തിപ്പിടിച്ചു. ഇതിനിടെയാണ് സിന്ധുവിന്റെ വാരിയെല്ലുകള്‍ പൊട്ടിയത്. 

സിന്ധു അബോധാവസ്ഥയിലായ ഉടന്‍ അടുപ്പു മാറ്റി കുഴി എടുത്ത് ശരീരത്തില്‍ നിന്നു വസ്ത്രങ്ങള്‍ മാറ്റിയ ശേഷം കുഴിയിലിട്ടു മൂടുകയായിരുന്നു. വായ തുറന്നിരുന്നതിനാല്‍ പ്ലാസ്റ്റിക് ഉപയോഗിച്ചു മൂടി. തുടര്‍ന്നു മണ്ണിട്ട ശേഷം അടുപ്പ് പഴയപടിയാക്കി ചാണകം കൊണ്ട് മെഴുകി അടുപ്പില്‍ തീ കത്തിക്കുകയും ചെയ്തുവെന്ന് ബിനോയി പറഞ്ഞു.

സിന്ധുവിന്റെ ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കിയതോടെ വീടുവിട്ടിറങ്ങിയ ബിനോയി 16നു പെരിഞ്ചാന്‍കുട്ടി തേക്ക് പ്ലാന്റേഷനുള്ളില്‍ പാറയുടെ വിള്ളലില്‍ താമസിച്ചു. പിറ്റേന്ന് കേരളം വിടുന്നതിനായി അണക്കരയിലെത്തി. തുടര്‍ന്ന് കേരളത്തിലെ വിവിധ സ്ഥലങ്ങളില്‍ താമസിച്ചശേഷം തമിഴ്‌നാട്ടിലേക്കു പോയി. മൃതദേഹം കണ്ടെത്താതിരുന്നതിനെത്തുടര്‍ന്ന് വീണ്ടും നാട്ടിലെത്തി. ഈ മാസം 3ന് പെരിഞ്ചാന്‍കുട്ടി പ്ലാന്റേഷനിലെത്തി മുന്‍പ് തങ്ങിയ പാറയുടെ വിള്ളലില്‍  താമസിച്ചു.

ശ്വാസകോശസംബന്ധമായി അസുഖം ഉണ്ടായിരുന്നതിനാല്‍ കാട്ടിലെ തണുപ്പില്‍ തുടരാനും പ്രയാസമായി. ഇതിനിടെ വീട്ടിലെ അടുക്കളയില്‍ നിന്നും സിന്ധുവിന്റെ മൃതദേഹം കണ്ടെടുത്തു. ഇതോടെ മൂന്നു ദിവസമായി ഒളിവില്‍ കഴിഞ്ഞ പെരിഞ്ചാന്‍കുട്ടി തേക്ക്-മുള പ്ലാന്റേഷനില്‍ നിന്നും കേരളം വിടാനായി പുറത്തേക്ക് വരുമ്പോഴാണ് സ്വകാര്യ ജീപ്പില്‍ എത്തിയ പൊലീസ് സംഘം ഇയാളെ അറസ്റ്റ് ചെയ്തത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com