ഹരിത സംസ്ഥാന കമ്മിറ്റി പിരിച്ചു വിട്ടു ; കടുത്ത അച്ചടക്കലംഘനം നടത്തിയെന്ന് ലീഗ് 

പുതിയ ഹരിത സംസ്ഥാന കമ്മിറ്റിയെ ഉടന്‍ പ്രഖ്യാപിക്കുമെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി എംഎ സലാം പറഞ്ഞു
പി എംഎ സലാം മാധ്യമങ്ങളോട് സംസാരിക്കുന്നു / ടെലിവിഷന്‍ ചിത്രം
പി എംഎ സലാം മാധ്യമങ്ങളോട് സംസാരിക്കുന്നു / ടെലിവിഷന്‍ ചിത്രം

കോഴിക്കോട് : മുസ്ലിം ലീഗിന്റെ വിദ്യാര്‍ത്ഥി വിഭാഗമായ എംഎസ്എഫിന്റെ വനിതാ വിഭാഗമായ ഹരിത സംസ്ഥാന കമ്മിറ്റി പിരിച്ചു വിട്ടു. ഹരിത നേതാക്കള്‍ കടുത്ത അച്ചടക്ക ലംഘനം നടത്തി. ഇത് അംഗീകരിക്കാനാവില്ലെന്ന് ലീഗ് ഉന്നതാധികാര സമിതി യോഗം വിലയിരുത്തി. പുതിയ ഹരിത സംസ്ഥാന കമ്മിറ്റിയെ ഉടന്‍ പ്രഖ്യാപിക്കുമെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി എംഎ സലാം പറഞ്ഞു. 

പാര്‍ട്ടി അച്ചടക്കം ഹരിത തുടര്‍ച്ചയായി ലംഘിച്ചുകൊണ്ടിരിക്കുകയാണ്. അതുകൊണ്ടാണ് നടപടിയെടുത്തതെന്നും സലാം വിശദീകരിച്ചു. എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് അടക്കമുള്ള ഏതാനും നേതാക്കള്‍ക്കെതിരെ ലൈംഗികചുവയോടെ സംസാരിക്കുന്നു, മാനസികമായും വ്യക്തിപരമായും തകര്‍ക്കാന്‍ ശ്രമിക്കുന്നു തുടങ്ങിയ കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി ഹരിത നേതാക്കള്‍ മനുഷ്യാവകാശ കമ്മീഷന് പരാതി നല്‍കിയിരുന്നു. 

ഈ പരാതി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ലീഗ് നേതാക്കളായ പി കെ കുഞ്ഞാലിക്കുട്ടി, ഇ ടി മുഹമ്മദ് ബഷീര്‍, എം കെ മുനീര്‍, പിഎംഎ സലാം, സാദിഖലി ശിഹാബ് തങ്ങള്‍ തുടങ്ങിയവര്‍  ഹരിത നേതാക്കളുമായി ചര്‍ച്ച നടത്തിയിരുന്നു. പരാതി പിന്‍വലിക്കാനായി പല തലത്തിലും സമ്മര്‍ദ്ദവും ചെലുത്തിയിരുന്നു. എന്നാല്‍ പരാതി പിന്‍വലിക്കാന്‍ ഹരിത നേതാക്കള്‍ തയ്യാറായില്ല. ഇതാണ് നടപടിക്ക് ഇടയാക്കിയത്. 

ഹരിത സംസ്ഥാന കമ്മിറ്റി കാലഹരണപ്പെട്ടതാണെന്നും നടപടി വിശദീകരിക്കവെ പി എംഎ സലാം പറഞ്ഞു. നേരത്തെ ഹരിത സംസ്ഥാന കമ്മിറ്റിയെ മുസ്ലിം ലീഗ് മരവിപ്പിച്ചിരുന്നു. ലൈംഗികമായി അധിക്ഷേപിച്ചുവെന്ന് ആരോപണ വിധേയരായ എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് പി കെ നവാസ്, എംഎസ്എഫ് ജില്ലാ പ്രസിഡന്റ് കബീര്‍ മുതുപറമ്പ്, വി എ വഹാബ് എന്നിവരോട് വിശദീകരണവും തേടിയിരുന്നു. 

എന്നാൽ ലൈം​ഗിക അധിക്ഷേപം സംബന്ധിച്ച് മുസ്ലിം ലീ​ഗ് നേതൃത്വത്തിന് പരാതി നൽകിയിട്ടും മാതൃകാപരമായ നടപടി ഉണ്ടാകാത്ത സാഹചര്യത്തിലാണ് വനിതാ കമ്മീഷനെ സമീപിച്ചതെന്നാണ് ഹരിത നേതാക്കൾ ചൂണ്ടിക്കാട്ടുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com