'ജലീലിന് നല്‍കേണ്ട മറുപടി കൊടുത്തു'; മുഖ്യമന്ത്രിയെ അഭിനന്ദിച്ച് മുസ്ലിം ലീഗ്

എആര്‍ നഗര്‍ സഹകരണ ബാങ്കുമായി ബന്ധപ്പെട്ട ക്രമക്കേടില്‍ ഇഡി അന്വേഷണം ആവശ്യമില്ലെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാടിനെ അഭിനന്ദിച്ച് മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി പിഎംഎ സലാം
പിണറായി വിജയന്‍,കെ ടി ജലീല്‍/ഫയല്‍
പിണറായി വിജയന്‍,കെ ടി ജലീല്‍/ഫയല്‍


മലപ്പുറം: എആര്‍ നഗര്‍ സഹകരണ ബാങ്കുമായി ബന്ധപ്പെട്ട ക്രമക്കേടില്‍ ഇഡി അന്വേഷണം ആവശ്യമില്ലെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാടിനെ അഭിനന്ദിച്ച് മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി പിഎംഎ സലാം. കെ ടി ജലീലിന് നല്‍കേണ്ട മറുപടി മുഖ്യമന്ത്രി കൊടുത്തുകഴിഞ്ഞു. വഴിയേപോകുന്നവര്‍ക്ക് മറുപടി പറയേണ്ട ബാധ്യത ലീഗിനില്ല. എആര്‍ നഗര്‍ സഹകരണ ബാങ്കിലെ ക്രമക്കേട് അന്വേഷിക്കേണ്ടത് സഹകരണ വകുപ്പാണെന്നും പിഎംഎ സലാം പറഞ്ഞു. 

'ഞങ്ങളൊക്കെ പറയുന്നതിന് അപ്പുറം മുഖ്യമന്ത്രി ഇന്നലെ പറഞ്ഞിട്ടുണ്ട്. വഴിയേപോകുന്നവര്‍ വെറുതെ ട്രാന്‍സ്‌പോര്‍ട്ട് ബസിന് കല്ലെറിയുന്നത് പോലെ ആരുടെയെങ്കിലും പ്രീതികിട്ടും എന്ന് കരുത് എറിഞ്ഞുപോകുന്ന ആളുകളുണ്ട്. മുസ്ലിം ലീഗിനെ സംബന്ധിച്ച് ജലീല്‍ ഒന്നുമല്ല. ലീഗ് ഒരു രാഷ്ട്രീയ പാര്‍ട്ടിയാണ്. ഉത്തരവാദത്തപ്പെട്ട സംഘടനകളോ രാഷ്ട്രീയ പാര്‍ട്ടികളോ എതിര്‍ക്കുമ്പോഴാണ് ഞങ്ങള്‍ മറുപടി പറയേണ്ടത്. ഒരു വ്യക്തി വന്ന് വഴിയേപോകുന്നവരെയൊക്കെ തെറിവിളിച്ചാല്‍ അയാളെ എന്താണ് സ്വാഭാവികമായും വിളിക്കുക,അങ്ങനെ കണ്ടാല്‍ മതി' പിഎംഎ സലാം പറഞ്ഞു. 

എ ആര്‍ നഗര്‍ സഹകരണ ബാങ്ക് ക്രമക്കേടുമായി ബന്ധപ്പെട്ട ആരോപണങ്ങളില്‍ ഇ ഡി അന്വേഷണം വേണമെന്ന് കെ ടി ജലീല്‍ ആവശ്യപ്പെട്ടിരുന്നു. സാധാരണ നിലയ്ക്ക് ഉന്നയിക്കാന്‍ പാടില്ലാത്ത കാര്യമാണ് ജലീല്‍ പറഞ്ഞതെന്നും സഹകരണ മേഖലയില്‍ ഇ ഡി അന്വേഷണത്തിന്റെ ആവശ്യമില്ലെന്നും മുഖ്യമന്ത്രി കഴിഞ്ഞദിവസം പത്രസമ്മേളനത്തില്‍ പറഞ്ഞിരുന്നു. ഇഡി ചോദ്യം ചെയ്തതുകൊണ്ട് കെ.ടി.ജലീലിന് ഇഡിയില്‍ കൂടുതല്‍ വിശ്വാസം വന്നിട്ടുണ്ടാകാമെന്നും പിണറായി പറഞ്ഞിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com