'പൊലീസില്‍ ആര്‍എസ്എസ് ഗ്യാങ്'; ഡി രാജയ്‌ക്കെതിരെ സിപിഐയില്‍ വിമര്‍ശനം, അതൃപ്തി അറിയിക്കും

ദേശീയ സെക്രട്ടേറിയറ്റ് അംഗം ബിനോയ് വിശ്വത്തെ ചുമതലപ്പെടുത്തി
ഡി രാജ/ഫയല്‍
ഡി രാജ/ഫയല്‍

തിരുവനന്തപുരം: കേരള പൊലീസില്‍ ആര്‍എസ്എസ് ഗ്യാങ് ഉണ്ടെന്ന  വിവാദവുമായി ബന്ധപ്പെട്ട് സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജ നടത്തിയ പ്രതികരണത്തില്‍ സംസ്ഥാന ഘടകം അതൃപ്തി അറിയിക്കും. ഇതിനായി ഇന്നു ചേര്‍ന്ന സംസ്ഥാന നിര്‍വാഹകസമിതി യോഗം ദേശീയ സെക്രട്ടേറിയറ്റ് അംഗം ബിനോയ് വിശ്വത്തെ ചുമതലപ്പെടുത്തി.

കേരള പൊലീസില്‍ ആര്‍എസ്എസ് ഗ്യാങ് ഉണ്ടെന്നു സംശയിക്കുന്നതായി മാധ്യമങ്ങളോടു പറഞ്ഞ പാര്‍ട്ടി നേതാവ് ആനി രാജയാണ് വിവാദത്തിനു തിരി കൊളുത്തിയത്. സിപിഐ സംസ്ഥാന ഘടകം ഇതിനെതിരെ രംഗത്തുവന്നു. സംസ്ഥാനത്തെ കാര്യങ്ങളില്‍ അഭിപ്രായം പറയുമ്പോള്‍ സംസ്ഥാന ഘടകത്തോട് ആലോചിക്കണമെന്ന കീഴ്‌വഴക്കം മറികടന്നാണ് ആനിരാജയുടെ പ്രസ്താവന എന്നായിരുന്നു വിമര്‍ശനം. കേരളത്തിലെ പൊലീസിനെപ്പറ്റി സിപിഐക്ക് അങ്ങനെയൊരു അഭിപ്രായമില്ലെന്ന് സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ വ്യക്തമാക്കുകയും ചെയ്തു. 

സംസ്ഥാന ഘടകം നിലപാട് വ്യക്തമാക്കിയിട്ടും ആനി രാജെ അനുകൂലിക്കുന്ന പ്രതികരണമാണ് ഡി രാജയില്‍നിന്നുണ്ടായത്. ഇന്നു ചേര്‍ന്ന നിര്‍വാഹക സമിതിയില്‍ ഇതിനെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ന്നു. ജനറല്‍ സെക്രട്ടറിയടെ പ്രസ്താവനയില്‍ അതൃപ്തി അറിയിക്കാന്‍ യോഗം തീരുമാനിക്കുകയായിരുന്നു.

സ്ത്രീകള്‍ക്കെതിരെ നടക്കുന്ന അക്രമങ്ങളുമായി ബന്ധപ്പെട്ടു മാധ്യമമങ്ങളോടു പ്രതികരിക്കുന്നതിനിടയിലാണ് ആനി രാജ പൊലീസിനെ വിമര്‍ശിച്ചത്. സര്‍ക്കാരിന്റെ പല തീരുമാനങ്ങളും പൊലീസിലെ ഒരു വിഭാഗം അട്ടിമറിക്കുകയാണെന്ന് അവര്‍ ആരോപിച്ചിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com