'ചേട്ടാ അങ്ങനെ ചെയ്യല്ലേ... ചാക്കിലാക്കി തരൂ ഞാന്‍ കൊണ്ടുപൊയ്‌ക്കോളാം...'; മാലിന്യം കായലില്‍ തള്ളിയ യുവാവിനോട് കമ്മീഷണര്‍

കായലിലൂടെ കൊച്ചിന്‍ പാഡില്‍ ക്ലബ് അംഗങ്ങള്‍ക്കൊപ്പം കയാക്കിങ് വഞ്ചി തുഴഞ്ഞ് വരാപ്പുഴ ഭാഗത്തേക്ക് പോയതായിരുന്നു കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ സി എച്ച് നാഗരാജു
ചിത്രം: ഫെയ്‌സ്ബുക്ക് 
ചിത്രം: ഫെയ്‌സ്ബുക്ക് 


കൊച്ചി: കായലിലൂടെ കൊച്ചിന്‍ പാഡില്‍ ക്ലബ് അംഗങ്ങള്‍ക്കൊപ്പം കയാക്കിങ് വഞ്ചി തുഴഞ്ഞ് വരാപ്പുഴ ഭാഗത്തേക്ക് പോയതായിരുന്നു കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ സി എച്ച് നാഗരാജു. പിഴല ഭാഗത്തെത്തിയപ്പോള്‍ കമ്മീഷണര്‍ ഒരു കാഴ്ചകണ്ടു. ഒരാള്‍ കായലിലേക്ക് പ്ലാസ്റ്റിക് മാലിന്യം വലിച്ചെറിയുന്നു. 

ഉടന്‍ കമ്മീഷണര്‍ വിളിച്ചുപറഞ്ഞു. 'ഏയ് ചേട്ടാ, എന്താണ് ചെയ്യുന്നത്? അത് ചാക്കിലാക്കി തരൂ ഞാന്‍ കൊണ്ടുപൊയ്‌ക്കോളാം'. യൂണിഫോമില്‍ അല്ലാതിരുന്നതിനാല്‍ കമ്മീഷണര്‍ ആണ് സംസാരിക്കുന്നതെന്ന് യുവാവിന് മനസ്സിലായില്ല. 

'വേണ്ട, അത് ഞാന്‍ തന്നെ തിരികെയെടുത്തോളാം' എന്ന് മറുപടി പറഞ്ഞ് യുവാവ് കായലില്‍ ഇറങ്ങി പ്ലാസ്റ്റിക് മാലിന്യം തിരികെയെടുക്കാന്‍ തുടങ്ങി. ഇത് കമ്മീഷണറാണെന്ന് വഞ്ചിയില്‍ ഒപ്പമുണ്ടായിരുന്നവര്‍ പരിചയപ്പെടുത്തിയപ്പോഴാണ് യുവാവിന് ആളെ മനസ്സിലായത്. ഈ വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായി. 

യുവാവിന് മാലിന്യം കളയാന്‍ മറ്റു വഴികള്‍ ഇല്ലാത്തതിനാലാകാം കായലില്‍ വലിച്ചെറിയേണ്ടിവന്നത് എന്നായിരുന്നു കമ്മീഷണറുടെ പ്രതികരണം. കേസ് എടുക്കാമായിരുന്നു. എന്നാല്‍ തെറ്റ് മനസ്സിലാക്കി സ്വയം തിരുത്തിയതുകൊണ്ടാണ് ചെയ്യാതിരുന്നത് എന്നും കമ്മീഷണര്‍ വ്യക്തമാക്കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com