'ശക്തിയുണ്ടെങ്കില്‍ പാലായില്‍ ജയിച്ചേനെ'; കേരള കോണ്‍ഗ്രസിന് എതിരെ സിപിഐ റിപ്പോര്‍ട്ട്, സംസ്ഥാന നേതൃയോഗങ്ങള്‍ ഇന്നുമുതല്‍

കേരള കോണ്‍ഗ്രസ് ജോസ് കെ മാണി വിഭാഗത്തിന്റെ വരവ് ഇടതുമുന്നണിക്ക് പ്രത്യേക നേട്ടങ്ങളുണ്ടാക്കിയില്ലെന്ന് സിപിഐയുടെ തെരഞ്ഞെടുപ്പ് അവലോകന റിപ്പോര്‍ട്ട്
സിപിഐ യോഗത്തില്‍ നിന്ന്/ ഫയല്‍ ചിത്രം
സിപിഐ യോഗത്തില്‍ നിന്ന്/ ഫയല്‍ ചിത്രം

തിരുവനന്തപുരം: കേരള കോണ്‍ഗ്രസ് ജോസ് കെ മാണി വിഭാഗത്തിന്റെ വരവ് ഇടതുമുന്നണിക്ക് പ്രത്യേക നേട്ടങ്ങളുണ്ടാക്കിയില്ലെന്ന് സിപിഐയുടെ തെരഞ്ഞെടുപ്പ് അവലോകന റിപ്പോര്‍ട്ട്. ശക്തി കേന്ദ്രങ്ങളായ കടുത്തുരുത്തിയിലേയും പാലായിലേയും തോല്‍വികള്‍ ഉദാഹരിച്ചാണ് സിപിഐ കേരള കോണ്‍ഗ്രസിനെതിരെ രംഗത്തുവന്നിരിക്കുന്നത്. ഇന്ന് മുതല്‍ ആരംഭിക്കുന്ന സംസ്ഥാന നേതൃയോഗങ്ങളില്‍ റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്യും. സംസ്ഥാന നിര്‍വാഹക സമിതി ഇന്നും സംസ്ഥാന കൗണ്‍സില്‍ നാളെയും മറ്റന്നാളും യോഗം ചേരും. 

സംസ്ഥാന നിര്‍വാഹക സമിതി യോഗത്തില്‍ സമ്മേളനങ്ങള്‍ സംബന്ധിച്ച ഷെഡ്യൂള്‍ ചര്‍ച്ച ചെയ്യും. പാര്‍ട്ടി ഭരിക്കുന്ന വകുപ്പുകളിലെ നൂറു ദിവസത്തെ പ്രകടനവും പരിശോധിക്കും. സിപിഐയ്ക്ക് അനുവദിച്ചിട്ടുള്ള ബോര്‍ഡ് കോര്‍പ്പറേഷനുകളിലെ തലപ്പത്തെ നിയമനങ്ങളിലും തീരുമാനമെടുക്കും. 

പാര്‍ട്ടി മുഖപത്രം ജനയുഗത്തെ വിമര്‍ശിച്ച ഇടുക്കി ജില്ലാ സെക്രട്ടറി കെ കെ ശിവരാമന്റെ മറുപടിയും ഇന്ന് ചേരുന്ന നിര്‍വാഹകസമിതി ചര്‍ച്ച ചെയ്യും.

തെരഞ്ഞെടുപ്പ് വിജയം ഭരണത്തുടര്‍ച്ച ജനം ആഗ്രഹിച്ചതുകൊണ്ടെന്ന വിലയിരുത്തലാണ് സിപിഐ അവലോകന റിപ്പോര്‍ട്ടിലുള്ളത്. ജനജീവിതത്തിലുള്ള സര്‍ക്കാരിന്റെ ഇടപെടലില്‍ വോട്ടര്‍മാര്‍ക്ക് സംശയമുണ്ടായില്ല. പുതിയതായി മുന്നണിയിലേക്കെത്തിയ കേരള കോണ്‍ഗ്രസ് ജോസ് കെ മാണി പക്ഷത്തിന്റെ സ്വാധീനം തെരഞ്ഞെടുപ്പില്‍ പ്രകടമായില്ല. 

കേരള കോണ്‍ഗ്രസിന്റെ ശക്തികേന്ദ്രങ്ങളിലെ വിജയം ഒന്നാം സര്‍ക്കാരിന്റെ വിജയമാണെന്ന ധ്വനിയാണ് റിപ്പോര്‍ട്ടിലുള്ളത്. കേരള കോണ്‍ഗ്രസിന് വലിയ ശക്തിയുണ്ടായിരുന്നെങ്കില്‍ ഉറച്ച കോട്ടയായ പാലായിലെയും കടുത്തുരുത്തിയിലും തോല്‍ക്കില്ലായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 

കരുനാഗപ്പള്ളിയിലെ തോല്‍വിക്ക് സിറ്റിങ് എംഎല്‍എയുടെ വീഴ്ചയും സംഘടനപരമായ പ്രശ്നങ്ങളും ഉണ്ടെന്നാണ് പ്രാഥമിക വിലയിരുത്തല്‍. വിശദമായ പരിശോധനക്ക് നിയോഗിക്കപ്പെട്ട കമ്മീഷന്‍ തോല്‍വി പരിശോധിച്ചുവരികയാണ്. മൂവാറ്റുപുഴയിലെ തോല്‍വിയിലും സ്ഥാനാര്‍ഥിക്ക് ഉത്തരവാദിത്വമുണ്ടെന്നാണ് വിമര്‍ശനം. അടൂരില്‍ സാമൂദായിക സമവാക്യങ്ങള്‍ വോട്ടുകുറച്ചുവെന്ന കണ്ടെത്തലും റിപ്പോര്‍ട്ടിലുണ്ട്. 

ശ്രീനാരായണ ഗുരു ജയന്തി ദിനത്തില്‍ ജനയുഗം ഗുരുനിന്ദ നടത്തിയെന്ന വിര്‍ശനത്തിനാണ് കെ കെ ശിവരാമനോട് വിശദീകരണം തേടിയത്. ശിവരാമന്റെ മറുപടി നിര്‍വാഹകസമിതി ചര്‍ച്ചചെയ്യും. ശിവരാമനെതിരായ നടപടി പരസ്യ ശാസനിയില്‍ ഒതുങ്ങിയേക്കും. 

സിപിഐ തെരഞ്ഞെടുപ്പ് റിപ്പോര്‍ട്ട് സിപിഐ നേതൃയോഗം സംസ്ഥാന നിര്‍വഹാക സമിതി ജോസ് കെ മാണി കാനം രാജേന്ദ്രന്‍ കെ കെ ശിവരാമന്‍ ജനയുഗം സിപിഐ സമ്മേളനം
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com