നിപയില്‍ കൂടുതല്‍ ആശ്വാസം ; 15 പേരുടെ ഫലം കൂടി നെഗറ്റീവ്

കോഴിക്കോട് താലൂക്കില്‍ നിര്‍ത്തിവച്ചിരുന്ന കോവിഡ് വാക്‌സിനേഷന്‍ ഇന്ന് പുനരാരംഭിക്കും
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

കോഴിക്കോട് : നിപ ബാധിച്ച് മരിച്ച കുട്ടിയുടെ സമ്പര്‍ക്കപ്പട്ടികയിലുള്‍പ്പെട്ട 15 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആണെന്ന് കണ്ടെത്തി. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നടത്തിയ പരിശോധനയിലാണ് ഫലം നെഗറ്റീവ് ആണെന്ന് കണ്ടെത്തിയത്. 

ഇതോടെ നെഗറ്റീവ് ആയവരുടെ എണ്ണം 61 ആയി. നിപ ബാധിച്ച് മരിച്ച കുട്ടിയുമായി അടുത്ത സമ്പര്‍ക്കമുണ്ടായിരുന്നവരെല്ലാം നെഗറ്റീവ് ആയി എന്നത് ഏറെ ആശ്വാസകരമാണ്. കൂടുതല്‍ സാംപിളുകള്‍ ഇന്ന് പരിശോധിക്കും. 

64 പേരാണ് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നിരീക്ഷണത്തിലുള്ളത്. ഇവര്‍ ആരും തന്നെ കുട്ടിയുമായി നേരിട്ട് സമ്പര്‍ക്കത്തിലേര്‍പ്പെട്ടിരുന്നില്ലെന്നാണ് റിപ്പോര്‍ട്ട്. ഇവര്‍ക്ക് കാര്യമായ രോഗലക്ഷണങ്ങളില്ലെന്നുമാണ് വിവരം. 

എങ്കിലും ജില്ലയില്‍ ആരോഗ്യവകുപ്പ് ജാഗ്രത തുടരുകയാണ്. ആരോഗ്യവകുപ്പിന്റെ വീടുകള്‍ കയറിയുള്ള സര്‍വേ ഇന്ന് പൂര്‍ത്തിയാകും. കണ്ടെയ്ന്‍മെന്റ് സോണില്‍ ഇതുവരെ മൊത്തം 4995 വീടുകളില്‍ സര്‍വേ നടത്തി. 27,506 പേരെയാണ് സര്‍വേ നടത്തിയത്. രോഗം സ്ഥിരീകരിച്ച ചാത്തമംഗലം പഞ്ചായത്തില്‍ കടുത്ത നിയന്ത്രണങ്ങള്‍ തുടരുകയാണ്. 

വൈറസിന്റെ ഉറവിടം കണ്ടെത്താനുള്ള പരിശോധനകള്‍ ഇന്നും തുടരും. മൃഗസംരക്ഷണവകുപ്പ്  വീണ്ടും ചാത്തമംഗലത്തെത്തി പരിശോധന നടത്തും. കഴിഞ്ഞ ദിവസം കേന്ദ്രസംഘവും മൃഗസംരക്ഷണവകുപ്പും ശേഖരിച്ച റമ്പൂട്ടാന്റേയും പേരയ്ക്കയുടേയും സാംപിളുകള്‍ പരിശോധനയ്ക്കായി അയച്ചിരിക്കുകയാണ്.

എന്‍ഐവി ഭോപ്പാലില്‍ നിന്നുള്ള സംഘം കോഴിക്കോടെത്തിയിട്ടുണ്ട്. ഇവര്‍ വവ്വാലിനെ പിടികൂടി സ്രവം ശേഖരിക്കും. നിപ രോഗബാധയുടെ പശ്ചാത്തലത്തില്‍ കോഴിക്കോട് താലൂക്കില്‍ നിര്‍ത്തിവച്ചിരുന്ന കോവിഡ് വാക്‌സിനേഷന്‍ ഇന്ന് പുനരാരംഭിക്കും. നിപ കണ്ടെയ്ന്‍മെന്റ് സോണില്‍ വാക്‌സിനേഷന്‍ ഉണ്ടായിരിക്കില്ല.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com