ഇനി ലോകത്തിന്റെ ഏതു കോണിലിരുന്നും ഭൂ നികുതി ഒടുക്കാം, മൊബൈല്‍ ആപ്പ് പുറത്തിറക്കി ;  കൂടുതല്‍ റവന്യൂ സേവനങ്ങള്‍ ഓണ്‍ലൈനില്‍ 

പൊതുജനങ്ങള്‍ക്ക് അനായാസം ഉപയോഗിക്കാന്‍ കഴിയും വിധമാണ് മൊബൈല്‍ ആപ്പ് തയ്യാറാക്കിയിട്ടുള്ളത്
മൊബൈൽ ആപ്പ് ലോഞ്ചിങ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യുന്നു / ഫെയ്സ്ബുക്ക്
മൊബൈൽ ആപ്പ് ലോഞ്ചിങ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യുന്നു / ഫെയ്സ്ബുക്ക്

തിരുവനന്തപുരം :  പരമാവധി സര്‍ക്കാര്‍ സേവനങ്ങള്‍ വീട്ടുപടിക്കലെത്തിക്കുക എന്നതാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഭൂ നികുതി ആപ്പ് യാഥാര്‍ത്ഥ്യമായതോടെ, ഭൂമി സംബന്ധമായ വിവിധ സര്‍ട്ടിഫിക്കറ്റുകള്‍ക്കുള്ള അപേക്ഷ സമര്‍പ്പിക്കലും കരം ഒടുക്കലും ഇനി ലോകത്തിന്റെ ഏതു കോണിലിരുന്നും സാധിക്കും. പ്രവാസി കള്‍ക്കും ഈ സംവിധാനത്തിന്റെ പ്രയോജനം ലഭിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഭൂനികുതി മൊബൈല്‍ ആപ്ലിക്കേഷന്‍ ലോഞ്ചിംഗ്, റവന്യൂ വകുപ്പിന്റെ ഡിജിറ്റലൈസേഷന്‍ പദ്ധതികളുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു പിണറായി വിജയന്‍.  

പൊതുജനങ്ങള്‍ക്ക് അനായാസം ഉപയോഗിക്കാന്‍ കഴിയും വിധമാണ് മൊബൈല്‍ ആപ്പ് തയ്യാറാക്കിയിട്ടുള്ളത്. റവന്യൂ വകുപ്പില്‍ നിന്നുള്ള മറ്റ് സേവനങ്ങളും മൊബൈല്‍ ആപ്പില്‍ ഉള്‍ക്കൊള്ളിക്കാന്‍ തീരുമാനിച്ചതായും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്തെ ഡിജിറ്റല്‍ സര്‍വേ പൂര്‍ത്തിയാക്കിയ വില്ലേജുകളില്‍ ഫീല്‍ഡ് മെഷര്‍മെന്റ് സ്‌കെച്ച്, സര്‍വേ മാപ്പ് ഇന്നു മുതല്‍ ഓണ്‍ലൈന്‍ സംവിധാനത്തിലേക്ക് മാറുകയാണ്. ഭൂ ഉടമകള്‍ക്ക് വിവിധ ആവശ്യങ്ങള്‍ക്ക് സ്‌കെച്ചും പ്ലാനും ലഭിക്കുന്നതിന് ഇനി ഓഫീസുകള്‍ കയറിയിറങ്ങേണ്ട ആവശ്യമില്ല. 

ഭൂ ഉടമയുടെ തണ്ടപ്പേര്‍ അക്കൗണ്ട് പകര്‍പ്പിനുള്ള അപേക്ഷ സമര്‍പ്പിക്കുന്നത് നേരത്തെ തന്നെ ഓണ്‍ലൈന്‍ ആക്കിയിരുന്നു. ഇത് മൊബൈല്‍ ആപ്പിലേക്ക് മാറ്റാന്‍ തീരുമാനിച്ചിട്ടുണ്ട്.  പ്രാദേശിക വികസന ലക്ഷ്യങ്ങള്‍ക്കായി ഡിജിറ്റല്‍ സാങ്കേതിക വിദ്യ പരമാവധി ഉപയോഗപ്പെടുത്തുകയെന്നതാണ് സ്മാര്‍ട്ട് വില്ലേജ് എന്ന ആശയത്തിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. സര്‍ക്കാര്‍ സേവനങ്ങളില്‍ കാര്യക്ഷമതയും സുതാര്യതയും ഉറപ്പാക്കാന്‍ ഓണ്‍ലൈന്‍ സംവിധാനങ്ങള്‍ പര്യാപ്തമാണ്. ജനോപകാരപ്രദമായ സിവില്‍ സര്‍വീസ് എന്ന ആശയം യാഥാര്‍ത്ഥ്യമാക്കുന്നതിന് ഇ-സേവനങ്ങള്‍ കൂടുതല്‍ വ്യാപിപ്പിക്കേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. 

കഴിഞ്ഞ ഇടതു സര്‍ക്കാരിന്റെ കാലത്താണ് റവന്യൂ വകുപ്പില്‍ ഓണ്‍ലൈന്‍ സേവനങ്ങള്‍ ആരംഭിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിട്ടത്. ഇതിനായി വെബ് പോര്‍ട്ടല്‍ ആരംഭിക്കുകയും വിവിധ സേവനങ്ങള്‍ പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കുകയും ചെയ്തു. ഒറ്റത്തവണ കെട്ടിട നികുതി ഒടുക്കല്‍, റവന്യൂ വിഷയങ്ങളിന്മേലുള്ള പൊതുജന  പരാതി പരിഹാര സംവിധാനം, ദുരിത ബാധിതര്‍ക്കുള്ള അടിയന്തര സഹായ വിതരണം, പ്രകൃതി ദുരന്ത സാധ്യതാ മേഖലകളുടെ മാപ്പിങ്ങ് എന്നിവ ഉള്‍പ്പെട്ട സമഗ്ര റവന്യൂ പോര്‍ട്ടലാണ് തയ്യാറാക്കിയത്. ഈ സംവിധാനത്തിന്റെ വിവിധ വശങ്ങള്‍ പഠിച്ച ശേഷമാണ് ഓണ്‍ലൈന്‍ സേവനങ്ങള്‍ മൊബൈല്‍ ആപ്ലിക്കഷനിലേക്ക് മാറ്റാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com