എടാ, എടീ, നീ വിളികള്‍ വേണ്ട; മാന്യമായി പെരുമാറണം; ഡിജിപിയുടെ സര്‍ക്കുലര്‍

മോശം പെരുമാറ്റം ഉണ്ടായാല്‍ കര്‍ശന നടപടിയുണ്ടാകുമെന്നും ഡിജിപി സര്‍ക്കുലറില്‍ പറയുന്നു
അനില്‍ കാന്ത്/ടിവി ചിത്രം
അനില്‍ കാന്ത്/ടിവി ചിത്രം

തിരുവനന്തപുരം: എടാ, എടീ, നീ വിളികള്‍ വേണ്ടെന്ന് പൊലീസിന് ഡിജിപിയുടെ സര്‍ക്കുലര്‍. ഹൈക്കോടതി നിര്‍ദേശപ്രകാരമാണ് ഡിജിപി അനില്‍ കാന്ത്‌ സര്‍ക്കുലര്‍ ഇറക്കിയത്. പൊലീസുകാരുടെ പെരുമാറ്റരീതി സ്‌പെഷ്യല്‍ ബ്രാഞ്ച് സൂക്ഷ്മമായി നിരീക്ഷിക്കും. മോശം പെരുമാറ്റം ഉണ്ടായാല്‍ കര്‍ശന നടപടിയുണ്ടാകുമെന്നും ഡിജിപി സര്‍ക്കുലറില്‍ പറയുന്നു.

പൊലീസ് ഉദ്യോഗസ്ഥര്‍ ജനങ്ങളോട് മാന്യമായി പെരുമാറണമെന്നും സഭ്യമായ വാക്കുകള്‍ മാത്രമെ ഉപയോഗിക്കാവൂ എന്നും സര്‍ക്കുലറില്‍ പറയുന്നു. പൊതുജനങ്ങളുമായി ഇടപഴകുമ്പോള്‍ മാന്യമായും വിനയത്തോടെയും പെരുമാറണമെന്നും ഡിജിപി ഇറക്കിയ സര്‍ക്കുലറില്‍ പറയുന്നു. 

പൊലീസിന്റെ 'എടാ' 'എടീ' വിളികള്‍ കീഴ്‌പ്പെടുത്താനുള്ള കൊളോണിയല്‍ മുറയുടെ ശേഷിപ്പാണെന്നാണ് കഴിഞ്ഞ ദിവസം കോടതി അഭിപ്രായപ്പെട്ടിരുന്നു. പരിഷ്‌കൃതവും സംസ്‌കാരവുമുള്ള സേനയ്ക്ക് ഇത്തരം പദപ്രയോഗങ്ങള്‍ ചേര്‍ന്നതല്ലെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ അഭിപ്രായപ്പെട്ടിരുന്നു. ചേര്‍പ്പ് എസ്‌ഐ തന്നോടും മകളോടും മോശമായി പെരുമാറിയെന്ന് ആരോപിച്ച് തൃശൂര്‍ ചേര്‍പ്പ് സ്വദേശി ജെ.എസ്.അനില്‍ നല്‍കിയ ഹര്‍ജി തീര്‍പ്പാക്കിയപ്പോഴായിരുന്നു ഹൈക്കോടതിയുടെ പരാമര്‍ശം. 

പൊലീസ് ജനങ്ങളെ എടാ, എടീ എന്നടക്കം വിളിക്കുന്നത് ഭരണഘടനാപരമായ ധാര്‍മികതയ്ക്കും രാജ്യത്തിന്റെ മനഃസാക്ഷിക്കും വിരുദ്ധമാണ്. സ്വീകാര്യമായ പദങ്ങള്‍ ഉപയോഗിച്ച് ജനങ്ങളെ സംബോധന ചെയ്യാനും അല്ലാത്ത പദങ്ങള്‍ ഉപയോഗിക്കരുതെന്ന് നിര്‍ദേശിക്കണമെന്നും പൊലീസ് മേധാവിക്കു ഹൈക്കോടതി നിര്‍ദേശം നല്‍കി. എന്നാല്‍ ഹര്‍ജിക്കാരന്‍ ഉന്നയിച്ച പരാതിയുടെ മാത്രം അടിസ്ഥാനത്തില്‍ അല്ല ഇക്കാര്യം വ്യക്തമാക്കുന്നതെന്നും കോടതി പറഞ്ഞു. 

പൗരന്‍മാര്‍ക്കെതിരെ മോശം വാക്കുകള്‍ ഉപയോഗിക്കുന്നത് അനുവദിക്കാനാവില്ല. എന്നാല്‍ ഇതുസംബന്ധിച്ച പരാതികള്‍ പരിഗണിക്കുന്നതും പൊലീസ് തന്നെയായതില്‍ തെളിയിക്കാന്‍ ബുദ്ധിമുട്ടാണ്. എടാ എടീ വിളികള്‍ പൊലീസ് സാധാരണയായി ഉപയോഗിക്കുന്നുണ്ടെന്നും കോവിഡ് പ്രോട്ടോക്കോള്‍ നടപ്പാക്കുന്നതിന്റെ ഭാഗമായും ഇതുണ്ടാകുന്നുണ്ടെന്നും കോടതി പറഞ്ഞു. ജനങ്ങളോടു പൊലീസ് മാന്യമായി പെരുമാറണമെന്ന നിര്‍ദേശം നടപ്പാക്കാന്‍ സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കി ഡിജിപി രണ്ടാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കാനും കോടതി നിര്‍ദേശിച്ചിരുന്നു.

ജനങ്ങളോട് മാന്യമായി മാത്രമേ പെരുമാറാവൂ എന്ന് ഹൈക്കോടതി 2018ല്‍ ഉത്തരവിട്ടിട്ടുണ്ട്. തുടര്‍ന്ന് സംസ്ഥാന പൊലീസ് മേധാവി പൊലീസ് വകുപ്പിലെ ഉദ്യോഗസ്ഥര്‍ക്ക് ഇതുസംബന്ധിച്ചു സര്‍ക്കുലര്‍ ഇറക്കിയിന്നെന്നു സര്‍ക്കാര്‍ അഭിഭാഷകന്‍ വ്യക്തമാക്കി. മുന്‍ ഉത്തരവിലെ നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കണമെന്നും കോടതി പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com