'ബിഷപ്പിന്റെ പ്രസ്താവന അതിരുകടന്നത് ; സമാധാന അന്തരീക്ഷവും പരസ്പര വിശ്വാസവും തകര്‍ക്കരുത്' : വി ഡി സതീശന്‍

'ജാതി തിരിച്ചും മതം നോക്കിയും ഇവയുടെ കണക്കെടുക്കുന്നതും ഏതെങ്കിലും സമുദായത്തിനു മേല്‍ കുറ്റം ചാര്‍ത്തുന്നതും ശരിയല്ല'
വി ഡി സതീശന്‍ / ഫയല്‍ ചിത്രം
വി ഡി സതീശന്‍ / ഫയല്‍ ചിത്രം

തിരുവനന്തപുരം : കേരളത്തില്‍ ക്രൈസ്തവ പെണ്‍കുട്ടികളെ ലക്ഷ്യമിട്ട് ലവ് ജിഹാദും നര്‍ക്കോട്ടിക് ജിഹാദും ഉണ്ടെന്ന പാലാ ബിഷപ്പ് ജോസഫ് കല്ലറങ്ങാടിന്റെ പ്രസ്താവനക്കെതിരെ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. സമാധാന അന്തരീക്ഷവും പരസ്പര വിശ്വാസവും തകര്‍ക്കരുത്. കേരളത്തിലെ സമാധാന അന്തരീക്ഷവും മനുഷ്യര്‍ തമ്മിലുള്ള പരസ്പര വിശ്വാസവും തകര്‍ക്കുന്ന ഒരു നീക്കവും പ്രസ്താവനകളും ഉണ്ടാകരുതെന്ന് സതീശന്‍ ആവശ്യപ്പെട്ടു. 

കുറ്റകൃത്യങ്ങള്‍ക്ക് ജാതിയോ മതമോ ജെന്‍ഡറോ ഇല്ല. ജാതി തിരിച്ചും മതം നോക്കിയും ഇവയുടെ കണക്കെടുക്കുന്നതും ഏതെങ്കിലും സമുദായത്തിനു മേല്‍ കുറ്റം ചാര്‍ത്തുന്നതും ശരിയല്ല. കടുത്ത മാനസിക വൈകല്യങ്ങള്‍ക്ക് ജാതിയും മതവും നിശ്ചയിക്കുന്നത് വര്‍ണവിവേചനത്തിന് തുല്യമാണ്. പാലാ ബിഷപ്പിന്റെ പ്രസ്താവന അതിരുകടന്നതായിപ്പോയി. പരസ്പരം ചെളിവാരിയെറിഞ്ഞ് കേരളത്തിന്റെ സാമൂഹിക അന്തരീക്ഷം കലുഷിതമാക്കരുത്. സതീശന്‍ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ ആവശ്യപ്പെട്ടു.

പാലാ ബിഷപ്പിനെ  വിമര്‍ശിച്ച് കെപിസിസി വര്‍ക്കിങ് പ്രസിഡന്റ് പിടി തോമസ് നേരത്തെ രംഗത്തുവന്നിരുന്നു. പാലാ ബിഷപ്പിന്റേതായി പുറത്തുവന്ന വാര്‍ത്ത സമുദായ സൗഹാര്‍ദം വളര്‍ത്താന്‍ ഉപകരിക്കുന്നതല്ല.  ജാതി മതാടിസ്ഥാനത്തില്‍  കുറ്റവാളികള്‍ പ്രവര്‍ത്തിക്കുന്നതു ആധുനിക കാലഘട്ടത്തില്‍ വിരളമാണ്. സാമ്പത്തിക ലാഭവും വ്യക്തികളുടെ സ്വര്‍ത്ഥതയുമാണ് കുറ്റകൃത്യങ്ങളുടെ കാതലെന്നുമാണ് പിടി തോമസ് അഭിപ്രായപ്പെട്ടത്. 

വി ഡി സതീശന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം : 

സമാധാന അന്തരീക്ഷവും പരസ്പര വിശ്വാസവും തകര്‍ക്കരുത് 
കേരളത്തിലെ സമാധാന അന്തരീക്ഷവും മനുഷ്യര്‍ തമ്മിലുള്ള പരസ്പര വിശ്വാസവും തകര്‍ക്കുന്ന ഒരു നീക്കവും പ്രസ്താവനകളും ഉണ്ടാകരുതെന്ന് സമുദായ, ആത്മീയ നേതാക്കളോട് വിനീതമായി അഭ്യര്‍ഥിക്കുകയാണ്. കുറ്റകൃത്യങ്ങള്‍ക്ക് ജാതിയോ മതമോ ജെന്‍ഡറോ ഇല്ല. കൊലപാതകങ്ങള്‍, തീവ്ര നിലപാടുകള്‍, ലഹരി വസ്തുക്കളുടെ ഉപയോഗം തുടങ്ങി സാമൂഹിക മാധ്യമങ്ങളുടെ ദുരുപയോഗവും സത്രീകളെയും കുഞ്ഞുങ്ങളെയും ആക്രമിക്കുന്നതും വരെ എന്തെല്ലാം നീചവും ഭീകരവുമായ സംഭവപരമ്പരകളാണ് ദിവസേന അരങ്ങേറുന്നത്. ജാതി തിരിച്ചും മതം നോക്കിയും ഇവയുടെ കണക്കെടുക്കുന്നതും ഏതെങ്കിലും സമുദായത്തിനു മേല്‍ കുറ്റം ചാര്‍ത്തുന്നതും ശരിയല്ല. അത് അക്ഷന്തവ്യമായ തെറ്റാണ് താനും. കടുത്ത മാനസിക വൈകല്യങ്ങള്‍ക്ക് ജാതിയും മതവും നിശ്ചയിക്കുന്നത് വര്‍ണവിവേചനത്തിന് തുല്യമാണ്. 

പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിലിന്റെ പ്രസ്താവന അതിരുകടന്നതായിപ്പോയി. മതമേലദ്ധ്യക്ഷന്‍മാര്‍ സംയമനവും ആത്മനിയന്ത്രണവും പാലിക്കണം. അനാവശ്യമായ അഭിപ്രായ പ്രകടനങ്ങള്‍ സമൂഹത്തില്‍ സ്പര്‍ദ്ധ വളര്‍ത്തും. വെല്ലുവിളികളെ നമുക്ക് ഒരുമിച്ച് നേരിടാം. അതിന് ആത്മീയ നേതൃത്വം വെളിച്ചം പകരണം, അല്ലാതെ കൂരിരുട്ട് പടര്‍ത്തുകയല്ല ചെയ്യേണ്ടത്. ഈ വിവാദങ്ങള്‍ ഇവിടെ അവസാനിപ്പിക്കുന്നതാണ് ഉചിതം. താഴേത്തട്ടിലേക്ക് കൊണ്ടുപോയി, പരസ്പരം ചെളിവാരിയെറിഞ്ഞ് കേരളത്തിന്റെ സാമൂഹിക അന്തരീക്ഷം കലുഷിതമാക്കരുത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com