ഹണിട്രാപ്പിന് നിര്‍ദ്ദേശിച്ചത് എസ്‌ഐ; ഐപിഎസ് ഉദ്യോഗസ്ഥരെ വീഴ്ത്താന്‍ ആവശ്യപ്പെട്ടു, ശബ്ദസന്ദേശം പ്രചരിപ്പിച്ചത് താനറിയാതെ ; പരാതിക്കാരനെതിരെ യുവതി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 10th September 2021 05:05 PM  |  

Last Updated: 10th September 2021 05:05 PM  |   A+A-   |  

police honey trap

ആരോപണ വിധേയയായ യുവതി / ടെലിവിഷന്‍ ചിത്രം

 

കൊല്ലം : ഹണിട്രാപ്പ് കേസില്‍ പരാതി നല്‍കിയ എസ്‌ഐക്കെതിരെ ആരോപണവിധേയയായ യുവതി. ഹണിട്രാപ്പിന് നിര്‍ദ്ദേശിച്ചത് പരാതിക്കാരനായ എസ്‌ഐ തന്നെയാണെന്ന് യുവതി ആരോപിച്ചു. ഐപിഎസ് ഉദ്യോഗസ്ഥരെ അടക്കം കെണിയില്‍ വീഴ്ത്താന്‍ തന്നോട് ആവശ്യപ്പെട്ടു. എസ്‌ഐയെ സസ്‌പെന്‍ഡ് ചെയ്തതിലെ വൈരാഗ്യമാണ് കാരണം. താന്‍ ആരെയും ഹണിട്രാപ്പ് ചെയ്തിട്ടില്ലെന്നും യുവതി പറഞ്ഞു. 

ഹണിട്രാപ്പില്‍ കുടുക്കി ലക്ഷങ്ങള്‍ തട്ടിയെന്ന കൊല്ലം റൂറലിലെ എസ്‌ഐയുടെ പരാതിയില്‍ കൊല്ലം അഞ്ചല്‍ സ്വദേശിനിയായ യുവതിക്കെതിരെ തിരുവനന്തപുരം പാങ്ങോട് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ഫോണിലൂടെ സൗഹൃദം സ്ഥാപിച്ച് ലക്ഷങ്ങള്‍ തട്ടിയെടുത്തു എന്നായിരുന്നു പരാതി. 

സസ്‌പെന്‍ഷനിലായിരുന്ന സമയത്ത് ഈ പൊലീസുകാരന്‍ ഉന്നത ഉദ്യോഗസ്ഥരുമായി ചാറ്റ് ചെയ്യണമെന്ന് നിര്‍ബന്ധിക്കുകയും അതിന്റെ സ്‌ക്രീന്‍ ഷോട്ട് അയച്ചു കൊടുക്കണമെന്ന് പറയുകയും ചെയ്തു. സസ്‌പെന്‍ഷന്‍ പിന്‍വലിച്ച് തിരികെ സര്‍വീസില്‍ കയറിയാല്‍ നല്ലൊരു തുക പ്രതിഫലം നല്‍കാമെന്നാണ് പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞിരുന്നതെന്നും യുവതി മാധ്യമങ്ങളോട് പറഞ്ഞു.

പുറത്തുവന്ന ശബ്ദസന്ദേശങ്ങള്‍ കൊല്ലം റൂറലിലെ എസ്‌ഐ തന്റെ ഫോണില്‍ താനറിയാതെ റെക്കോര്‍ഡ് ചെയ്തതിന് ശേഷം പ്രചരിപ്പിച്ചതാണെന്നും യുവതി പറയുന്നു. തനിക്ക് പോലിസ് ഉന്നതരുമായി ബന്ധമൊന്നുമില്ല. ഉന്നത ഉദ്യോഗസ്ഥരുമായി ഇതുവരെ ചാറ്റ് ചെയ്തിട്ടില്ലെന്നും മറിച്ചുള്ള പ്രചാരണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും യുവതി പറഞ്ഞു. 

രണ്ടു വര്‍ഷം മുമ്പ് യുവതി ഈ എസ് ഐക്ക് എതിരെ മ്യൂസിയം പൊലീസില്‍ പീഡന പരാതി നല്‍കിയിരുന്നു. അന്ന് തുമ്പ സ്‌റ്റേഷനിലെ എസ്‌ഐയായിരുന്ന ഉദ്യോഗസ്ഥനെതിരെ അച്ചടക്ക നടപടിയും സ്വീകരിച്ചിരുന്നു. അതിനുശേഷം ഈ പരാതി യുവതി പിന്‍വലിച്ചു. പിന്നീട് വീണ്ടും ഇതേ കാര്യം പറഞ്ഞ് ഭീഷണിപ്പെടുത്തി പണം തട്ടിയെന്നാണ് എസ് ഐയുടെ പരാതി. വിവിധ റാങ്കുകളിലുള്ള ചില പോലീസ് ഉദ്യോഗസ്ഥര്‍ യുവതിയുടെ ഫോണ്‍കെണിയില്‍ വീണിട്ടുണ്ടെന്നും വാര്‍ത്തകളുണ്ട്. 

പൊലീസ് ഉദ്യോഗസ്ഥരെയും ബന്ധുക്കളെയും ഒരു യുവതി ഭീഷണിപ്പെടുത്തുന്നതിന്റെ ശബ്ദരേഖ നവമാധ്യങ്ങളില്‍ പ്രചരിച്ചതോടെ സ്‌പെഷ്യല്‍ ബ്രാഞ്ചും പൊലീസ് എഡിജിപിയും രഹസ്യാന്വേഷണം നടത്തിയിരുന്നു. തിരുവനന്തപുരത്ത് താമസിക്കുന്ന ഒരു യുവതി നിരവധി പൊലീസുകാരെ ഭീഷണിപ്പെടുത്തുന്നതായി കണ്ടെത്തുകയും ചെയ്തിരുന്നു. ഹണിട്രാപ്പിന്റെ അന്വേഷണം നെയ്യാറ്റിന്‍കര ഡിവൈഎസ്പിക്ക് തിരുവനന്തപുരം റൂറല്‍ എസ്പി കൈമാറിയിട്ടുണ്ട്.