നിപ്പ; ഇന്ന് വവ്വാലുകളെ പിടിക്കും, പുനെയിൽ നിന്ന് വിദ​ഗ്ധ സംഘമെത്തി; കോഴിക്കോട് ജാ​ഗ്രത തുടരും

വീട്ടുപറമ്പിലെ അടയ്ക്കകൾ വവ്വാലുകൾ കടിച്ചത് വ്യക്തമായതിനാൽ അതിൽനിന്നാണോ വൈറസ് വ്യാപനമുണ്ടായതെന്ന പരിശോധന വേണമെന്നും സംഘം അഭിപ്രായപ്പെട്ടിട്ടുണ്ട്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കോഴിക്കോട്;  കോഴിക്കോട് ചാത്തമംഗലത്ത് റിപ്പോർട്ട് ചെയ്ത നിപയുടെ ഉറവിടം കണ്ടെത്തുന്നതിനുള്ള പരിശോധന ഊർജ്ജിതമാക്കി. ഇന്ന് വവ്വാലുകളെ പിടിക്കും. പുണെയിലെ നാഷണൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽനിന്നുള്ള സംഘാംഗങ്ങളുടെ സാന്നിധ്യത്തിൽ വനംവകുപ്പുദ്യോഗസ്ഥർ അതിനുള്ള മുന്നൊരുക്കങ്ങൾ പൂർത്തിയാക്കി. മുന്നൂരിന് പരിസരത്തെ വവ്വാലുകളെയാണ് വലവിരിച്ച് പിടിച്ച് നിരീക്ഷിക്കുക. 

നിപ ബാധിച്ചുമരിച്ച ചാത്തമംഗലം പാഴൂർ മുന്നൂരിലെ മുഹമ്മദ് ഹാഷിമിന്റെ വീട്ടുപറമ്പിലും വവ്വാലുകളുടെ ആവാസസ്ഥലത്തും സംഘം പരിശോധന നടത്തി. ചേന്ദമംഗലത്തും കൊടിയത്തൂരിലും സംഘമെത്തി. വവ്വാലുകൾ പറക്കുന്ന പാതയും സമ്പർക്കസാധ്യതയും വിലയിരുത്തി. വീട്ടുപറമ്പിലെ അടയ്ക്കകൾ വവ്വാലുകൾ കടിച്ചത് വ്യക്തമായതിനാൽ അതിൽനിന്നാണോ വൈറസ് വ്യാപനമുണ്ടായതെന്ന പരിശോധന വേണമെന്നും സംഘം അഭിപ്രായപ്പെട്ടിട്ടുണ്ട്.

വവ്വാലുകൾ കഴിച്ച് താഴെവീണ അടയ്ക്കയുടെ സാംപിളുകൾ പരിശോധനയ്ക്കായി ശേഖരിച്ചു. റമ്പൂട്ടൻ മരത്തിനടുത്തേക്കുള്ള വവ്വാലുകളുടെ സഞ്ചാരപാതയ്ക്കരികിൽ കന്നുകാലികളെ മേയ്ക്കുന്നതും മീൻപിടിക്കുന്നതും നിർത്തിവെക്കാൻ നിർദേശിച്ചിട്ടുണ്ട്. പ്രദേശത്തെ ക്ഷീരകർഷകരുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ അടിയന്തരനടപടികൾ സ്വീകരിക്കുമെന്ന് സംഘം പറഞ്ഞു. ക്ഷീരകർഷകർ പാൽ വിൽപ്പന നടത്താൻ കഴിയാതെ ഒഴുക്കിക്കളയുകയായിരുന്നു. പാൽ അളക്കാനും ഇത് ആർആർടി വൊളന്റിയർമാരെ ഉപയോഗിച്ച് ക്ഷീരസഹകരണസംഘത്തിലും വീടുകളിലും എത്തിക്കാനുമുള്ള സംവിധാനം ഏർപ്പെടുത്തി.

രോഗം ബാധിച്ച് മരിച്ച 12കാരന്റെ സമ്പർക്കപ്പട്ടികയിൽ നിലവിൽ 274 പേരുണ്ട്. ഇവരിൽ ഏഴ് പേർ കൂടി രോഗലക്ഷണങ്ങൾ പ്രകടിപ്പിക്കുന്നുണ്ടെങ്കിലും ആശങ്ക വേണ്ടെന്ന് ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചു. ഇതുവരെ പരിശോധിച്ച 68 പേർക്ക് രോഗബാധയില്ലെന്ന് വ്യക്തമായി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com