നോക്കുകൂലി കേരളത്തിന് നാണക്കേട്, നിക്ഷേപ സൗഹൃദ സംസ്ഥാനമെന്ന് വെറുതേ പറഞ്ഞാല്‍ പോര ; രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി

അവകാശങ്ങള്‍ നിഷേധിക്കപ്പെട്ടാല്‍ നിയമപരമായ മാര്‍ഗങ്ങളാണ് ട്രേഡ് യൂണിയനുകള്‍ സ്വീകരിക്കേണ്ടത്
ഹൈക്കോടതി /ഫയല്‍ ചിത്രം
ഹൈക്കോടതി /ഫയല്‍ ചിത്രം

കൊച്ചി: നോക്കുകൂലി ആവശ്യപ്പെട്ട് ഐഎസ്ആര്‍ഒ കാര്‍ഗോ തടഞ്ഞ സംഭവത്തില്‍ രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി. വിഎസ് എസ് സിയിലെ നോക്കുകൂലി കേരളത്തിന് നാണക്കേടാണ്. യൂണിയനുകള്‍ നിയമം കയ്യിലെടുക്കുന്നത് അംഗീകരിക്കാനാകില്ല. ചുമട് ഇറക്കാന്‍ അനുവദിച്ചില്ലെങ്കില്‍ കയ്യേറ്റം ചെയ്യുന്നത് ശരിയായ നടപടിയല്ലെന്നും കോടതി അഭിപ്രായപ്പെട്ടു. 

കേരളം നിക്ഷേപ സൗഹൃദ സംസ്ഥാനമെന്ന് വെറുതേ വാക്കുകളില്‍ പറഞ്ഞാല്‍ പോര. നിയമം കയ്യിലെടുക്കുന്ന ട്രേഡ് യൂണിയനുകളെ സര്‍ക്കാര്‍ തടയണം. എങ്കില്‍ മാത്രമേ കേരളത്തില്‍ കൂടുതല്‍ വ്യവസായങ്ങള്‍ കേരളത്തില്‍ വരികയുള്ളൂ എന്നും ഹൈക്കോടതി നിരീക്ഷിച്ചു. 

നോക്ക് കൂലി നിരോധിച്ച് വര്‍ഷങ്ങള്‍ കഴിഞ്ഞു എന്നിട്ടും നിരോധനം പൂര്‍ണ്ണമായി നടപ്പായിട്ടില്ല. ഇങ്ങനെ പോയാല്‍ കേരളത്തില്‍ നിക്ഷേപമിറക്കാന്‍ ആരും തയ്യാറാകില്ല. കേരളത്തിലേക്ക് വരാന്‍ നിക്ഷേപകര്‍ ഭയക്കുന്നുവെന്നും കോടതി പറഞ്ഞു. 

അവകാശങ്ങള്‍ നിഷേധിക്കപ്പെട്ടാല്‍ നിയമപരമായ മാര്‍ഗങ്ങളാണ് ട്രേഡ് യൂണിയനുകള്‍ സ്വീകരിക്കേണ്ടത്, ട്രേഡ് യൂണിയനുകള്‍ നിയമം കയ്യിലെടുക്കരുതെന്ന് പറയാന്‍ സര്‍ക്കാര്‍ മടിക്കുന്നത് എന്തിന് എന്ന് കോടതി ചോദിച്ചു. ഒരു പൗരനെന്ന നിലയില്‍ ഈ അവസ്ഥ ആശങ്കപ്പെടുത്തുന്നു എന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ അഭിപ്രായപ്പെട്ടു. 

2017 ല്‍ നോക്കുകൂലി കേരള ഹൈക്കോടതി നിരോധിച്ചതാണ്. നോക്കുകൂലി ചോദിക്കുന്നവര്‍ക്കെതിരെ സര്‍ക്കാര്‍ ശക്തമായ നടപടി സ്വീകരിക്കണമെന്ന് കോടതി ആവശ്യപ്പെട്ടു. നോക്കുകൂലി നിരോധിച്ചുള്ള ഉത്തരവ് നടപ്പാക്കുന്നു എന്ന് ഡിജിപി ഉറപ്പ് വരുത്തണമെന്നും കോടതി നിര്‍ദ്ദേശിച്ചു. 

നോക്കുകൂലി വാങ്ങുന്നതിനെ പിന്തുണയ്ക്കില്ലെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. 2018 ന് ശേഷം 11 നോക്കുകൂലി കേസ് രജിസ്റ്റര്‍ ചെയ്തതായി സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. എന്നാല്‍ കേസുകള്‍ ഇതില്‍ കൂടുതലുണ്ടെന്നായിരുന്നു കോടതിയുടെ മറുപടി. പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് വരുന്ന കേസ് പരിശോധിച്ചാല്‍ ഇത് മനസിലാകുമെന്നും കോടതി ചൂണ്ടിക്കാട്ടി. കേസ് പരിഗണിക്കുന്നത് 27ലേക്ക് മാറ്റി. 

സെപ്റ്റംബര്‍ അഞ്ചാം തീയതിയാണ് തിരുവനന്തപുരം വിഎസ്എസ് എസ്സിയിലേക്ക് ഉപകരണവുമായി എത്തിയ കാര്‍ഗോ വാഹനം ഒരു കൂട്ടം ആളുകള്‍ തടഞ്ഞത്. ഉപകരണമ ഇറക്കുന്നതില്‍ നാട്ടുകാരായ തൊഴിലാളികളെ പങ്കാളികളാക്കണമെന്നും ഇതിന് കൂലി നല്‍കണം എന്നും ആവശ്യപ്പെട്ടായിരുന്നു തടഞ്ഞത്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com