'ഇ ബുൾ ജെറ്റ്' സഹോദരൻമാർക്ക് തിരിച്ചടി; 'നെപ്പോളിയൻ' കാരവാന്റെ രജിസ്‌ട്രേഷൻ റദ്ദാക്കി

'ഇ ബുൾ ജെറ്റ്' സഹോദരൻമാർക്ക് തിരിച്ചടി; 'നെപ്പോളിയൻ' കാരവാന്റെ രജിസ്‌ട്രേഷൻ റദ്ദാക്കി
വിഡിയോ സ്ക്രീൻഷോട്ട്
വിഡിയോ സ്ക്രീൻഷോട്ട്

കണ്ണൂർ: മോടി പിടിപ്പിക്കലിനെ തുടർന്ന് വിവാദമായ ഇ ബുൾ ജെറ്റ് സഹോദരങ്ങളുടെ 'നെപ്പോളിയൻ' കാരവാന്റെ രജിസ്‌ട്രേഷൻ താത്കാലികമായി റദ്ദാക്കി. മോട്ടോർ വാഹന വകുപ്പാണ് രജിസ്ട്രേഷൻ റദ്ദാക്കിയത്. വാഹനം മോടി പിടിപ്പിച്ചത് സംബന്ധിച്ച് വിശദീകരണം ആവശ്യപ്പെട്ട് മോട്ടോർ വാഹന വകുപ്പ് വ്‌ളോഗർ സഹോദരന്മാരായ എബിനും ലിബിനും കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നു. എന്നാൽ, ഇവർ നൽകിയ വിശദീകരണം തൃപ്തികരമല്ലെന്ന് കാണിച്ചാണ് രജിസ്ട്രേഷൻ റദ്ദാക്കിയിരിക്കുന്നത്. 

വാഹനത്തിൽ നിയമപ്രകാരമുള്ള മാറ്റങ്ങൾ മാത്രമേ വരുത്തിയിട്ടുള്ളെന്നും ഇതിൽ മാറ്റം വരുത്താൻ കഴിയില്ലെന്നുമായിരുന്നു ഇ ബുൾ ജെറ്റ് സഹോദരൻമാരുടെ നിലപാട്. ഇതോടെയാണ് മോട്ടോർ വാഹന വകുപ്പ് നടപടി എടുത്തത്. താക്കീത് എന്ന നിലയിലാണ് ഇപ്പോൾ താത്കാലികമായി രജിസ്‌ട്രേഷൻ റദ്ദാക്കിയിട്ടുള്ളത്. ആറ് മാസത്തിനുള്ളിൽ വാഹനം അതിന്റെ യഥാർഥ രൂപത്തിലേക്ക് മാറ്റി വകുപ്പ് ഉദ്യോഗസ്ഥർക്ക് മുൻപിൽ ഹാജരാക്കിയില്ലെങ്കിൽ വാഹനത്തിന്റെ രജിസ്‌ട്രേഷൻ പൂർണമായി റദ്ദാക്കുകയാണ് നിയമം അനുസരിച്ചുള്ള അടുത്ത നടപടിയെന്നാണ് മോട്ടോർ വാഹന ഉദ്യോഗസ്ഥർ പറയുന്നത്. വാഹനത്തിന്റെ രൂപം പൂർണമായും നിയമവിരുദ്ധമാണെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. 

ഓഗസ്റ്റ് ഒൻപതാം തീയതിയാണ് ഇ ബുൾ ജെറ്റ് വ്‌ളോഗർ സഹോദരൻമാർ കണ്ണൂർ ആർ.ടി. ഓഫീസിലെത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. വാഹനത്തിൽ വരുത്തിയിട്ടുള്ള രൂപമാറ്റത്തിന്റെ ചാർജായി 6400 രൂപയും നിയമവിരുദ്ധമായി വരുത്തിയിട്ടുള്ള രൂപമാറ്റത്തിന് ചുമത്തിയിട്ടുള്ള പിഴയായി ഏകദേശം 42,000 രൂപയോളം പിഴയും നൽകണമെന്നായിരുന്നു മോട്ടോർ വാഹന വകുപ്പ് ആദ്യം ആവശ്യപ്പെട്ടത്. 

എന്നാൽ, ഇവർ ഇതിന് തയാറായില്ല. ഓഫീസിൽ എത്തി പ്രശ്‌നമുണ്ടാക്കുകയും കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെ ആൾക്കൂട്ടം സൃഷ്ടിക്കുകയും ഉദ്യോഗസ്ഥരുടെ കൃത്യനിർവഹണം തടസ്സപ്പെടുത്തുകയും ചെയ്തത് ഉൾപ്പെടെ ഒമ്പതോളം വകുപ്പുകൾ ചുമത്തി ഇരുവർക്കുമെതിരെ പൊലീസ് കേസെടുക്കുകയായിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com