വിസ്മയയുടേത് സ്ത്രീധന പീഡനത്തെത്തുടര്‍ന്നുള്ള ആത്മഹത്യ ; 500 പേജുള്ള കുറ്റപത്രം കോടതിയില്‍

ഡിജിറ്റല്‍ തെളിവുകൾ നന്നായി വേര്‍തിരിച്ചെടുക്കാന്‍ കഴിഞ്ഞതായി ഡിവൈഎസ്പി പറഞ്ഞു
കിരണ്‍ കുമാര്‍, വിസ്മയ / ഫയല്‍ ചിത്രം
കിരണ്‍ കുമാര്‍, വിസ്മയ / ഫയല്‍ ചിത്രം

കൊല്ലം : കൊല്ലം ശാസ്താംകോട്ടയിലെ വിസ്മയയുടേത് സ്ത്രീധനപീഡനത്തെത്തുടര്‍ന്നുള്ള ആത്മഹത്യയെന്ന് പൊലീസിന്റെ കുറ്റപത്രം. 500 പേജുള്ള കുറ്റപത്രമാണ് കോടതിയില്‍ സമര്‍പ്പിച്ചത്. കേസില്‍ 102 സാക്ഷികളും 92 രേഖകളും 56 തൊണ്ടി മുതലുകളും ഉണ്ട്. ഡിജിറ്റല്‍ തെളിവുകള്‍ നന്നായി വേര്‍തിരിച്ചെടുക്കാന്‍ കഴിഞ്ഞതായി അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈഎസ്പി രാജ്കുമാര്‍ പറഞ്ഞു. 

കേസിലെ പ്രതിയും വിസ്മയയുടെ ഭര്‍ത്താവുമായ കിരണ്‍ കുമാറിനെതിരെ ആത്മഹത്യാ പ്രേരണ അടക്കം ഒമ്പതു വകുപ്പുകള്‍ ചുമത്തിയിട്ടുണ്ട്. കുറ്റമറ്റ കുറ്റപത്രമാണ് തയ്യാറാക്കിയതെന്ന് വിശ്വസിക്കുന്നു. ആത്മഹത്യാവിരുദ്ധ ദിനത്തില്‍ തന്നെ കുറ്റപത്രം കൊടുക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും കൊല്ലം റൂറല്‍ എസ്പി കെ ബി രവി പറഞ്ഞു. 

കേസിലെ പ്രതിയും ഭര്‍ത്താവുമായ എസ് കിരണ്‍ കുമാറിന്റെ പോരുവഴി ശാസ്താംനടയിലെ വീട്ടില്‍ കഴിഞ്ഞ ജൂണ്‍ 21നു പുലര്‍ച്ചെയാണ് വിസ്മയയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. കേസില്‍ അറസ്റ്റിലായ കിരണ്‍ കുമാറിന്റെ ജുഡീഷ്യല്‍ കസ്റ്റഡി ഈ മാസം 20ന്  90 ദിവസം പൂര്‍ത്തിയാകും. 

കിരണ്‍കുമാര്‍ ജാമ്യത്തിലിറങ്ങുന്നത് തടയുക ലക്ഷ്യമിട്ടാണ് പൊലീസ് ഇതിനു മുമ്പായി കുറ്റപത്രം സമര്‍പ്പിച്ചത്. സ്ത്രീധന പീഡന മരണം, ഗാര്‍ഹിക പീഡനം തുടങ്ങിയ വകുപ്പുകളാണു അസി. മോട്ടര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറായ കിരണ്‍ കുമാറിനെതിരെ ചുമത്തിയത്. 

സുഹൃത്തുക്കള്‍ക്കും ബന്ധുകള്‍ക്കും വിസ്മയ അയച്ച വാട്ട്‌സ് ആപ്പ് സന്ദേശങ്ങള്‍ തന്നെയാണ് കുറ്റപത്രത്തില്‍ കിരണിന് എതിരായ മുഖ്യ തെളിവ് ആവുക. വിസ്മയ കടുത്ത മാനസ്സിക പീഡനത്തിന് ഇരയായിരുന്നു എന്നതിനുള്ള സാഹചര്യ തെളിവുകളും പൊലീസ് ശേഖരിച്ചിട്ടുണ്ട്. കേസിനെ തുടര്‍ന്ന് കിരണ്‍കുമാറിനെ മോട്ടോര്‍ വാഹന വകുപ്പിലെ ജോലിയില്‍ നിന്നും സര്‍ക്കാര്‍ പിരിച്ചുവിട്ടിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com