'ജനറല്‍ സെക്രട്ടറിയായാലും മാനദണ്ഡങ്ങള്‍ അനുസരിക്കണം'; 'ഇത് ഡാങ്കെയെ വിമര്‍ശിച്ച പാര്‍ട്ടി': ഡി രാജയെ തള്ളി കാനം രാജേന്ദ്രന്‍

യുപിയും കേരളവും ഒരുപോലെയാണെന്നാണ് രാജ പറഞ്ഞത്. അങ്ങനെയല്ല തങ്ങളുടെ അഭിപ്രായം. കേരളം വ്യത്യസ്തമാണ്. അത് അദ്ദേഹത്തിന് അറിയാന്‍ പാടില്ലാത്തതുകൊണ്ട് പറഞ്ഞതാണ്
ഡി രാജ, കാനം രാജേന്ദ്രന്‍, സുധാകര്‍ റെഡ്ഡി/ ഫയല്‍ ചിത്രം
ഡി രാജ, കാനം രാജേന്ദ്രന്‍, സുധാകര്‍ റെഡ്ഡി/ ഫയല്‍ ചിത്രം



തിരുവനന്തപുരം: കേരള പൊലീസില്‍ ആര്‍എസ്എസ് ഗ്യാങ്ങുണ്ടെന്ന ആനി രാജയുടെ പ്രസ്താവനയെ പിന്തുണച്ച സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജയ്ക്ക് എതിരെ സംസ്ഥാന കൗണ്‍സിലില്‍ വിമര്‍ശനമുയര്‍ന്നത് സ്ഥിരീകരിച്ച് സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. സംസ്ഥാന കൗണ്‍സിലിന്റെ എതിര്‍പ്പ് ജനറല്‍ സെക്രട്ടറിയെ നേരിട്ട് അറിയിക്കുമെന്ന് അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ജനറല്‍ സെക്രട്ടറിയായാലും പാര്‍ട്ടി മാനദണ്ഡങ്ങള്‍ തെറ്റിച്ചാല്‍ വിമര്‍ശനമുണ്ടാകുമെന്നും കാനം പറഞ്ഞു. 

യുപിയും കേരളവും ഒരുപോലെയാണെന്നാണ് രാജ പറഞ്ഞത്. അങ്ങനെയല്ല തങ്ങളുടെ അഭിപ്രായം. കേരളം വ്യത്യസ്തമാണ്. അത് അദ്ദേഹത്തിന് അറിയാന്‍ പാടില്ലാത്തതുകൊണ്ട് പറഞ്ഞതാണ്. ഓക്‌സിജന്‍ ഇല്ല എന്ന് പറഞ്ഞതുകൊണ്ട് ഒരു ഡോക്ടര്‍ക്ക് എതിരെ കേസെടുത്ത പൊലീസാണ് യുപിയിലേത്. കേരളത്തിലെ പൊലീസ് കോവിഡ് പ്രവര്‍ത്തനങ്ങളില്‍ എപ്പോഴും നിരത്തിലുള്ള പൊലീസാണ്. രണ്ടും വ്യത്യാസമുണ്ട്. ഡാങ്കെയെ വിമര്‍ശിച്ച പാര്‍ട്ടിയാണ് ഞങ്ങളുടേത്. ജനറല്‍ സെക്രട്ടറിയുടെ ഭാഗത്ത് നിന്ന് തെറ്റുണ്ടായാല്‍ വിമര്‍ശിക്കും. ജനറല്‍ സെക്രട്ടറിയായാലും ചെയര്‍മാനായാലും സ്റ്റേറ്റ് സെക്രട്ടറി ആയാലും പാര്‍ട്ടിയുടെ മാനദണ്ഡങ്ങള്‍ ലംഘിക്കപ്പെടാന്‍ പാടില്ല. അത് അനുസരിക്കണം.-കാനം പറഞ്ഞു. 

ആനി രാജയുടെ പ്രതികരണം ദേശീയ എക്‌സിക്യൂട്ടീവിന്റെയോ സെക്രട്ടറിയേറ്റിന്റെയോ അല്ല. സംസ്ഥാന നേതൃത്വം കൊടുത്ത കത്തില്‍ പറയുന്നതുപോലെ, പാര്‍ട്ടിയുടെ ദേശീയ എക്‌സിക്യൂട്ടീവ് അംഗങ്ങള്‍ സംസ്ഥാന രാഷ്ട്രീയത്തെ കുറിച്ച് പ്രതികരിക്കുമ്പോള്‍ സംസ്ഥാന ഘടകത്തിന്റെ കൂടി അറിവോട് കൂടിവേണം എന്നാണ്. അത് ഇന്നലെ എടുത്ത തീരുമാനമല്ല, നേരത്തെ എടുത്തതാണ്. ആ തീരുമാനം ലംഘിക്കപ്പെട്ടു എന്നതാണ് താന്‍ കത്തില്‍ ചൂണ്ടിക്കാട്ടിയതെന്നും കാനം പറഞ്ഞു. 

കേരള പൊലീസിന്റെ ഒറ്റപ്പെട്ട സംഭവങ്ങളെ സാമാന്യവത്കരിക്കുകയാണ് മാധ്യമങ്ങള്‍ ചെയ്യുന്നത്. അതുകണ്ട് ഒറ്റപ്പെട്ട സംഭവങ്ങളില്‍ രാഷ്ട്രീയ നേതാക്കള്‍ പ്രതികരിക്കേണ്ടതില്ല എന്നാണ് തങ്ങളുടെ അഭിപ്രായം. മാവോയിസ്റ്റുകളോടുള്ള സമീപനത്തില്‍ സിപിഐയും സിപിഎമ്മും ദേശീയതലത്തില്‍ സ്വീകരിച്ച നിലപാടില്‍ നിന്ന് സംസ്ഥാനസര്‍ക്കാര്‍ മാറിപ്പോകുന്നതുകൊണ്ടാണ് തങ്ങള്‍ വിമര്‍ശനം ഉന്നയിച്ചത്. ഇനിയും ഉന്നയിക്കുമെന്നും  കാനം കൂട്ടിച്ചേര്‍ത്തു. 

പാര്‍ട്ടി ദിനപ്പത്രത്തിന് എതിരെ ഗുരുനിന്ദ ആരോപണം നടത്തിയ ഇടുക്കി ജില്ലാ സെക്രട്ടറി കെ കെ ശിവരാമനെ പരസ്യമായി ശാസിക്കാന്‍ കൗണ്‍സില്‍ യോഗം തീരുമാനിച്ചതായും കാനം പറഞ്ഞു. കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും ജനയുഗവും ശ്രീനാരായണ ദര്‍ശനങ്ങളെ എന്നും ബഹുമാനിച്ചിട്ടേയുള്ളു. എത്ര സെന്റീമീറ്റര്‍ കോളത്തില്‍ ഫോട്ടോ കൊടുക്കണമെന്ന് തീരുമാനിക്കുന്നതിന്് അനുസരിച്ചല്ല ശ്രീനാരായണ ഗുരുവിനോടുള്ള ബഹുമാനത്തിന്റെ വലിപ്പം വരുന്നത്. കെ കെ ശിവരാമന് ഗുരുഭക്തി കൂടുതലാണോ എന്നറിയില്ല. ഏതായാലും ജനയുഗം ഗുരുനിന്ദ കാണിച്ചിട്ടില്ല.-അദ്ദേഹം പറഞ്ഞു. 

കേരള കോണ്‍ഗ്രസ് ജോസ് കെ മാണി പക്ഷം മുന്നണിയില്‍ വന്നതുകൊണ്ട് ഗുണമുണ്ടായില്ല എന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞതവണ എഴുപത് ശതമാനത്തില്‍ അധികം ജയിച്ചെങ്കിലും ഇപ്രാവശ്യം 68 ശതമാനമായി കുറഞ്ഞു.യുഡിഎഫ് ദുര്‍ബലപ്പെടാന്‍ ജോസ് കെ മാണി വിട്ടുപോയത് സഹായിച്ചിട്ടുണ്ട്. പക്ഷേ പ്രതീക്ഷിച്ചതുപോലെ എല്‍ഡിഎഫ് ശക്തിപ്പെട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com