കണ്ണൂര്‍ സര്‍വകലാശാല സിലബസ് പ്രശ്‌നം നിറഞ്ഞത്; സാമൂഹ്യ കാഴ്ചപ്പാട് കൈവിടുന്ന സമീപനങ്ങള്‍ ഉണ്ടായാല്‍ തിരുത്തും: ഉന്നത വിദ്യാഭ്യാസ മന്ത്രി

സിലബസിന്റെ സാമൂഹ്യ കാഴ്ചപ്പാട് കൈവിടുന്ന സമീപനങ്ങള്‍ ഉണ്ടായാല്‍ ഉന്നത വിദ്യാഭ്യാസ വകുപ്പ് തിരുത്തുമെന്നതില്‍ ഒരു സംശയവും വേണ്ടെന്നും ബിന്ദു  കൂട്ടിച്ചേര്‍ത്തു
ഡോ. ആര്‍ ബിന്ദു/ഫെയ്‌സ്ബുക്ക്‌
ഡോ. ആര്‍ ബിന്ദു/ഫെയ്‌സ്ബുക്ക്‌

തിരുവനന്തപുരം: കണ്ണൂര്‍ സര്‍വകലാശാല വിവാദ സിലബര്‍ പ്രശ്‌നം നിറഞ്ഞതെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആര്‍ ബിന്ദു. ആവശ്യമെങ്കില്‍ സിലബസില്‍ മാറ്റങ്ങള്‍ വരുത്തുമെമുള്ള സര്‍വകലാശാലയുടെ മറുപടി സര്‍ക്കാര്‍ വിശ്വാസത്തിലെടുത്തെന്നും നടപടികള്‍ വരട്ടെയെന്നും മന്ത്രി ഫെയ്‌സ്ബുക്കില്‍ പറഞ്ഞു. സിലബസിന്റെ സാമൂഹ്യ കാഴ്ചപ്പാട് കൈവിടുന്ന സമീപനങ്ങള്‍ ഉണ്ടായാല്‍ ഉന്നത വിദ്യാഭ്യാസ വകുപ്പ് തിരുത്തുമെന്നതില്‍ ഒരു സംശയവും വേണ്ടെന്നും ബിന്ദു കൂട്ടിച്ചേര്‍ത്തു. കണ്ണൂര്‍ സര്‍വകലാശാലയിലെ പൊളിറ്റിക്‌സ് ആന്‍ഡ് ഗവേണന്‍സ് എം എ സിലബസില്‍ സവര്‍ക്കറിന്റെയും ഗോള്‍വാള്‍ക്കറിന്റെയും കൃതികള്‍ ഉള്‍പ്പെടുത്തിയതിന് എതിരെ വ്യാപക വിമര്‍ശനമുയര്‍ന്നിരുന്നു. 

വിവാദമായ സിലബസ്, പ്രശ്‌നം നിറഞ്ഞതാണെന്നതു തന്നെയാണ് ഉന്നതവിദ്യാഭ്യാസവകുപ്പിന്റെ കാഴ്ചപ്പാട്. രാഷ്ട്രീയചിന്ത എന്നാല്‍ മതജാതിബദ്ധമായ ചിന്തയാണെന്ന കാഴ്ചപ്പാടിലാണ് സിലബസ് തയ്യാറാക്കിയിട്ടുള്ളത് എന്ന് പ്രഥമദൃഷ്ട്യാതന്നെ സംശയിക്കാന്‍ ഇട നല്‍കുന്ന വിധത്തിലാണ് സിലബസിലെ നല്ലൊരു ഭാഗം. മറ്റു പല കാഴ്ചപ്പാടുകള്‍ക്കും അതില്‍ ഇടം നല്‍കിയിട്ടില്ല.- മന്ത്രി ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു. 

ഇന്ത്യന്‍ രാഷ്ട്രീയചിന്തയിലെ എല്ലാ ധാരകളും വിമര്‍ശനാത്മകമായി പരിശോധിക്കാനും നിഗമനങ്ങളില്‍ എത്താനും കുട്ടികള്‍ക്ക് കഴിവ് നല്‍കാന്‍ ഉതകുന്നതാകണം സിലബസ്. ചില പരികല്പനകള്‍ തമ്മില്‍ മാത്രമുള്ള സംവാദത്തിലൂടെ രാഷ്ട്രീയചിന്തയെ പരിചയപ്പെടുത്തുന്നത് പരിമിതിയാണ്. വിജ്ഞാനവിപുലീകരണത്തിന് വേണ്ടി നിലകൊള്ളേണ്ട സിലബസ് അങ്ങനെ ആയിക്കൂടാ. 

വര്‍ഗ്ഗീയവിഭജന അജണ്ടകള്‍ക്ക് ശക്തി കിട്ടാന്‍ സിലബസുകള്‍ കാരണം ആയിക്കൂടെന്ന സാമൂഹ്യകാഴ്ചപ്പാടും സര്‍ക്കാരിനുണ്ട്. സെക്യുലര്‍ ഇടമായി തുടരേണ്ട ക്ലാസ് റൂമുകളെ വിഭാഗീയചിന്തകളുടെ വേദിയാക്കുന്നത്  അപകടകരമാകും. വിമര്‍ശനാത്മകപഠനത്തിനായിപോലും വര്‍ഗ്ഗീയ നിലപാടുകളുള്ള ലേഖനങ്ങള്‍ ഔദ്യോഗിക സിലബസ്സിന്റെ ഭാഗമാകുന്നത് ദോഷം ചെയ്യും. ഭരണഘടനാമൂല്യങ്ങള്‍ക്ക് വിരുദ്ധമായ കൃതികള്‍ സിലബസില്‍ ഉണ്ടാകുന്നത് ശരിയല്ല.ഉന്നതവിദ്യാഭ്യാസവകുപ്പിന്റെ ഈ കാഴ്ചപ്പാടുകള്‍ സര്‍വകലാശാല അധികൃതരെ അറിയിച്ചിട്ടുണ്ട്. തുടര്‍ന്ന് അവര്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ അവരുടെ ഭാഗത്തുനിന്നുള്ള പുനരാലോചന അറിയിച്ചു. 

സര്‍വകലാശാലകളുടെ പ്രവര്‍ത്തനങ്ങളില്‍, അവര്‍ക്കുള്ള ജനാധിപത്യപരമായ സ്വയംഭരണാവകാശം മറന്ന് ഇടപെടല്‍ ഞങ്ങളുടെ കാഴ്ചപ്പാടല്ല. അതിനാല്‍, പൊതുസംവാദത്തിലേക്ക് വന്ന വിഷയം പരിശോധിക്കുമെന്നും ആവശ്യമെങ്കില്‍ സിലബസില്‍ മാറ്റങ്ങള്‍ വരുത്തുമെന്നുമുള്ള സര്‍വകലാശാലയുടെ മറുപടിയെ വിശ്വാസത്തിലെടുക്കുകയാണ്. അവരുടെ നടപടികള്‍ വരട്ടെ. സിലബസിന്റെ സാമൂഹ്യകാഴ്ചപ്പാട് കൈവിടുന്ന സമീപനങ്ങള്‍ ഉണ്ടായാല്‍ ഉന്നതവിദ്യാഭ്യാസവകുപ്പ് തിരുത്തുമെന്നതില്‍ ഒരു സംശയവും വേണ്ട.-മന്ത്രി കൂട്ടിച്ചേര്‍ത്തു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com