ചികിത്സയിലുള്ള രോഗി മരിച്ചെന്ന് സന്ദേശം, ആംബുലന്‍സുമായി ബന്ധുക്കളെത്തി, പിഴവ് ; നടപടി 

കായംകുളം പള്ളിക്കല്‍ സ്വദേശി രമണന്‍ മരിച്ചെന്ന് ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളജില്‍ നിന്നും ബന്ധുക്കളെ അറിയിക്കുകയായിരുന്നു
വണ്ടാനം മെഡിക്കല്‍ കോളജ്
വണ്ടാനം മെഡിക്കല്‍ കോളജ്

തിരുവനന്തപുരം : ആലപ്പുഴ മെഡിക്കല്‍ കോളജില്‍ വീണ്ടും അധികൃതരുടെ വീഴ്ച. ചികില്‍സയിലുള്ള രോഗി മരിച്ചെന്ന് ബന്ധുക്കള്‍ക്ക് തെറ്റായി വിവരം നല്‍കി. കോവിഡ് ബാധിച്ച് ചികില്‍സയിലിരുന്ന കായംകുളം പള്ളിക്കല്‍ സ്വദേശി രമണന്‍ മരിച്ചെന്ന് ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളജില്‍ നിന്നും രാത്രി ബന്ധുക്കളെ അറിയിക്കുകയായിരുന്നു. ഇന്ന് മൃതദേഹം കൈമാറാമെന്നും, ആംബുലന്‍സുമായി എത്താനുമായിരുന്നു നിര്‍ദേശം. 

ഇതനുസരിച്ച് ബന്ധുക്കള്‍ സംസ്‌കാരചടങ്ങുകള്‍ക്കുള്ള ക്രമീകരണങ്ങള്‍ നടത്തി. ആംബുലന്‍സുമായി എത്തിയപ്പോഴാണ് രമണന്‍ മരിച്ചിട്ടില്ലെന്നും വെന്റിലേറ്ററില്‍ ചികില്‍സയില്‍ തുടരുകയാണെന്നും അറിയിച്ചു. തുടര്‍ന്ന് ബന്ധുക്കള്‍ മെഡിക്കല്‍ കോളജ് സൂപ്രണ്ടിനെ കണ്ടപ്പോള്‍ പരാതി എഴുതി നല്‍കാന്‍ നിര്‍ദേശിച്ചു. 

ഇന്നലെയും ആലപ്പുഴ മെഡിക്കല്‍ കോളജില്‍ അധികൃതരുടെ വീഴ്ചയുണ്ടായിരുന്നു. കോവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹം മാറി നല്‍കി. ചേര്‍ത്തല സ്വദേശി കുമാരന്റെ ബന്ധുക്കള്‍ക്കാണ് മൃതദേഹം മാറി നല്‍കിയത്. 

കുമാരന്റെ മൃതദേഹത്തിന് പകരം കായംകുളം കൃഷ്ണപുരം മുണ്ടകത്തറ തെക്കതില്‍ രമണന്റെ (70) മ!ൃതദേഹമാണു നല്‍കിയത്. ചേര്‍ത്തലയില്‍ കൊണ്ടുപോയ മൃതദേഹം കുമാരന്റേതല്ലെന്നു തിരിച്ചറിഞ്ഞ് ബന്ധുക്കള്‍ രാത്രി പത്തു മണിയോടെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. കുമാരന്റെ മൃതദേഹം അപ്പോഴും കോവിഡ് വാര്‍ഡില്‍ ഉണ്ടായിരുന്നു. ഇതേത്തടുര്‍ന്ന് രാത്രി മെഡിക്കല്‍ കോളജില്‍ സംഘര്‍ഷവും ഉണ്ടായിരുന്നു. 

ചികില്‍സയിലുള്ള രോഗി മരിച്ചെന്ന് തെറ്റായ വിവരം നല്‍കിയ സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടി ഉണ്ടാകുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ആലപ്പുഴ മെഡിക്കല്‍ കോളജില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നത് പരിശോധിക്കും. ആശുപത്രിയുടെ വീഴ്ചയില്‍ പ്രാഥമിക അന്വേഷണം നടത്തുമെന്നും മന്ത്രി പഅറിയിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com