ഇഷ്ടമുള്ള കാര്യങ്ങള്‍ മാത്രമേ വായിക്കൂ എങ്കില്‍ സര്‍വകലാശാലയില്‍ പോയിട്ട് കാര്യമില്ല; കണ്ണൂര്‍ യൂണിവേഴ്‌സിറ്റി സിലബസിനെ പിന്തുണച്ച് തരൂര്‍

കണ്ണൂര്‍ സര്‍വകലാശാലയിലെ വിവാദ സിലബസിനെ പിന്തുണച്ച് കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ എംപി
ശശി തരൂർ
ശശി തരൂർ


തിരുവനന്തപുരം: കണ്ണൂര്‍ സര്‍വകലാശാലയിലെ വിവാദ സിലബസിനെ പിന്തുണച്ച് കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ എംപി. വിമര്‍ശനാത്മകമായി ഗോള്‍വാള്‍ക്കറും സവര്‍ക്കറും സിലബസില്‍ ഉള്‍പ്പെടുന്നതില്‍ തെറ്റില്ല. ഇഷ്ടമുള്ള കാര്യങ്ങള്‍ മാത്രമേ വായിക്കൂ എങ്കില്‍ സര്‍വകലാശാലയില്‍ പോയിട്ട് കാര്യമില്ലെന്ന് തരൂര്‍ പറഞ്ഞു.

ചിലര്‍ പറയുന്നത് സിലബസില്‍ ഇത്തരം വിഷയങ്ങള്‍ ഉള്‍പ്പെടുത്തിയാല്‍ അധ്യാപകര്‍ പഠിപ്പിക്കുമ്പോള്‍ വിദ്യാര്‍ഥികള്‍ ഇതൊക്കെ യാഥാര്‍ഥ്യമാണെന്ന് വിശ്വസിക്കും എന്നാണ്. എന്നാല്‍ അധ്യാപകര്‍ക്ക് ഇത്തരത്തിലുള്ള സാഹചര്യം ഇല്ലാതാക്കാന്‍ ഉത്തരവാദിത്തമുണ്ട്. 

സവര്‍ക്കറും ഗോള്‍വാള്‍ക്കറും പുസ്തകം എപ്പോള്‍ എഴുതി, ആ സമയത്ത് ലോകത്ത് എന്തായിരുന്നു സംഭവിച്ചുകൊണ്ടിരുന്നത്, എന്താണ് അവരുടെ വിശ്വാസം എന്നതൊക്കെ മനസ്സിലാക്കി വിമര്‍ശനാത്മകമായി പുസ്തകത്തെ മനസ്സിലാക്കുന്നതില്‍ ഒരു തെറ്റും കാണുന്നില്ല. 

ഒരു യൂണിവേഴ്‌സിറ്റിക്കകത്ത് കയറിക്കഴിഞ്ഞാല്‍ പല അഭിപ്രായങ്ങളും ഉണ്ടാകും. അങ്ങനെ വരുമ്പോള്‍ ഒരു പുസ്തകം ഒരു സര്‍വകലാശാലയില്‍ ഉണ്ടാകരുതെന്ന് പറയാന്‍ സാധിക്കില്ല. ആ പുസ്തകം മാത്രമായിരുന്നു സിലബസില്‍ ഉള്‍പ്പെടുത്തിയിരുന്നതെങ്കില്‍ അത് ശരിയല്ലായിരുന്നു. എന്നാല്‍ പല പുസ്തകങ്ങള്‍ക്കിടയില്‍ ഈ പുസ്തകങ്ങളും ഉണ്ട്. വിദ്യാര്‍ഥികള്‍ക്ക് എല്ലാം വായിക്കാം, എല്ലാം ചര്‍ച്ച ചെയ്യാം എന്നുണ്ടെങ്കില്‍ അതില്‍ തെറ്റില്ലെന്ന് തരൂര്‍ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com