വിഷ്ണുനാഥ് വിനയാന്വിതന്‍, മേഴ്‌സിക്കുട്ടിയമ്മ തോറ്റത് സ്വഭാവരീതി കൊണ്ട് ; സിപിഐ തെരഞ്ഞെടുപ്പ് റിപ്പോര്‍ട്ട്

പാലായിലെ തോല്‍വിക്ക് കാരണം ജോസ് കെ മാണിയുടെ ജനകീയത ഇല്ലായ്മയാണെന്നും സിപിഐ റിപ്പോര്‍ട്ട് പറയുന്നു
വിഷ്ണുനാഥ്, കാനം, മേഴ്‌സിക്കുട്ടിയമ്മ / ഫയല്‍ ചിത്രം
വിഷ്ണുനാഥ്, കാനം, മേഴ്‌സിക്കുട്ടിയമ്മ / ഫയല്‍ ചിത്രം

തിരുവനന്തപുരം : കുണ്ടറയിലെ നിയമസഭ തെരഞ്ഞെടുപ്പ് തോല്‍വിയില്‍ സിപിഎം സ്ഥാനാര്‍ത്ഥിയെ കുറ്റപ്പെടുത്തി സിപിഐ അവലോകന റിപ്പോര്‍ട്ട്. കുണ്ടറയിലെ ഇടതുപക്ഷത്തിന്റെ തോല്‍വിക്ക് കാരണം സ്ഥാനാര്‍ത്ഥി ജെ മേഴ്‌സിക്കുട്ടിയമ്മയുടെ സ്വഭാവ രീതി കൊണ്ടാണെന്നാണ് റിപ്പോര്‍ട്ടിലെ പരാമര്‍ശം. ഇവിടെ യുഡിഎഫ് സ്ഥാനാര്‍ത്ഥി വിനയശീലനായിരുന്നു എന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. 

കുണ്ടറയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായിരുന്ന പി സി വിഷ്ണുനാഥാണ് വിജയിച്ചത്. തെരഞ്ഞെടുപ്പില്‍ മല്‍സരിച്ചതില്‍ തോറ്റ ഏക മന്ത്രിയും മേഴ്‌സിക്കുട്ടിയമ്മയാണ്. 4454 വോട്ടുകള്‍ക്കാണ് വിഷ്ണുനാഥ് മേഴ്‌സിക്കുട്ടിയമ്മയെ പരാജയപ്പെടുത്തിയത്. 

പാലായിലെ തോല്‍വിക്ക് കാരണം ജോസ് കെ മാണിയുടെ ജനകീയത ഇല്ലായ്മയാണെന്നും സിപിഐ റിപ്പോര്‍ട്ട് പറയുന്നു. പാലായില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിക്കായിരുന്നു ജനകീയത. കേരള കോണ്‍ഗ്രസിനെ എല്‍ഡിഎഫിലെ ഒരുവിഭാഗം ഉള്‍ക്കൊണ്ടില്ലെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. 

വി ഡി സതീശൻ വിജയിച്ച പറവൂരിൽ സിപിഎമ്മിൻ്റെ പ്രവർത്തനങ്ങൾ സംശയകരമായിരുന്നു എന്ന ഗുരുതര പരാമർശവും റിപ്പോർട്ടിലുണ്ട്. ഉറച്ച വോട്ടുകൾ പോലും പല ബൂത്തുകളിലും എത്തിയില്ല. കേരള കോൺഗ്രസ് എം തോറ്റ മണ്ഡലങ്ങളിലും സി പി എം വീഴ്ച പ്രകടമാണ്. ഹരിപ്പാട് സിപിഎം വോട്ടുകൾ ചോർന്നു. ചാത്തന്നൂർ മണ്ഡലത്തിൽ പല വോട്ടുകളും ബി ജെപിക്ക് പോയെന്നും സിപിഐ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.  

കരുനാ​ഗപ്പള്ളിയിലെ തോൽവിയിലും സിപിഎമ്മിനെ റിപ്പോർട്ടിൽ കുറ്റപ്പെടുത്തുന്നു. പീരുമേട് , മണ്ണാർക്കാട് മണ്ഡ‍ലങ്ങളിൽ പാർട്ടിക്ക് ജാ​ഗ്രതക്കുറവ് ഉണ്ടായി. മണ്ണാര്‍ക്കാട് സിപിഐ ജില്ലാ സെക്രട്ടറി തോല്‍ക്കാന്‍ പല കാരണങ്ങളുണ്ട്. നാട്ടികയിൽ സ്ഥാനാർഥിത്വം നിഷേധിക്കപ്പെട്ട എം എൽ എ ഗീതാ ഗോപി പ്രചാരണത്തിൽ സജീവമായില്ലെന്ന് റിപ്പോർട്ടിൽ വിമർശിക്കുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com