ബ്രാഞ്ച് സെക്രട്ടറി തെരഞ്ഞെടുപ്പില്‍ രഹസ്യബാലറ്റ് വേണ്ട ; വോട്ട് ക്യാന്‍വാസ് പാടില്ല ; വിഭാഗീയത തടയാന്‍ കര്‍ശന മാര്‍ഗനിര്‍ദേശങ്ങളുമായി സിപിഎം

നിലവിലെ കമ്മിറ്റി പുതിയ കമ്മിറ്റിയുടെ പാനല്‍ നിര്‍ദേശിക്കുന്ന രീതി തുടരും
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

തിരുവനന്തപുരം : സി പിഎം സമ്മേളനങ്ങളിലേക്ക് കടക്കുമ്പോള്‍, വിഭാഗീയ പ്രവര്‍ത്തനങ്ങള്‍ തടയാന്‍ കര്‍ശന മാര്‍ഗനിര്‍ദേശങ്ങള്‍. സമ്മേളന നടത്തിപ്പിനായി പാര്‍ട്ടി കേന്ദ്രക്കമ്മിറ്റി ഇറക്കിയ മാര്‍ഗരേഖയിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നത്. കമ്മിറ്റികളിലേക്കോ പദവികളിലേക്കോ തെരഞ്ഞെടുക്കപ്പെടുന്നതിനായി വോട്ടു ക്യാന്‍വാസ് ചെയ്യുന്നത് മാര്‍ഗരേഖയില്‍ കര്‍ശനമായി നിരോധിച്ചിട്ടുണ്ട്. 

സമ്മേളനത്തില്‍ മല്‍സരവും തെരഞ്ഞെടുപ്പുമാകാം. എന്നാല്‍ വിഭാഗീയമാകരുത്.  ബദല്‍ പാനലുണ്ടാക്കുന്നതും സ്ലിപ്പ് വിതരണം ചെയ്യുന്നതും വിഭാഗീയ പ്രവര്‍ത്തനമായി വിലയിരുത്തും. നിലവിലെ കമ്മിറ്റി പുതിയ കമ്മിറ്റിയുടെ പാനല്‍ നിര്‍ദേശിക്കുന്ന രീതി തുടരും. ഇതിനെതിരേ ഒരാള്‍ക്ക് സ്വയം നാമനിര്‍ദേശം ചെയ്യാനും അനുമതിയുണ്ട്. രഹസ്യബാലറ്റില്‍ തെരഞ്ഞെടുപ്പു വേണ്ടിവന്നാല്‍ മേല്‍നോട്ടം വഹിക്കുന്ന ആള്‍ സ്ഥാനാര്‍ഥിയാകരുത്. 

നേരത്തേപ്പോലെ. പാനല്‍ അവതരിപ്പിച്ചു കഴിഞ്ഞാല്‍ ഒരു മണിക്കൂര്‍ വരെയുള്ള ഇടവേള ഒഴിവാക്കണം. ചായ ഇടവേളകള്‍ വിഭാഗീയ നീക്കങ്ങള്‍ക്ക് ഉപയോഗിക്കുന്നതായാണ് വിലയിരുത്തല്‍. എന്നാല്‍, പ്രതിനിധികള്‍ക്ക് മത്സരിക്കുന്നവരെ പഠിക്കാന്‍ 15 മിനിറ്റുവരെ അനുവദിക്കും. വോട്ടെണ്ണാന്‍ നിയോഗിക്കപ്പെടുന്ന സംഘത്തില്‍ സ്ഥാനാര്‍ഥികള്‍ ഉണ്ടാകരുത്.

ബ്രാഞ്ച് സെക്രട്ടറി തെരഞ്ഞെടുപ്പില്‍ രഹസ്യബാലറ്റ് വേണ്ട. മത്സരമുണ്ടായാല്‍ കൈകള്‍ ഉയര്‍ത്തിയുള്ള രീതി മതിയാകുമെന്നും മാര്‍ഗരേഖയില്‍ പറയുന്നു. ഇതിനു കഴിയാതെ വന്നാല്‍ പരസ്യമായ വോട്ടു രീതിയായിരിക്കും സ്വീകരിക്കുക. തുല്യവോട്ടുകള്‍ വന്നാല്‍ നറുക്കിട്ട് തെരഞ്ഞെടുക്കാനും രേഖയില്‍ നിര്‍ദേശിക്കുന്നു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com