ഡി രാജ ഉള്‍പ്പെടെ നേതാക്കളുടെ പ്രചാരണ പരിപാടികളില്‍ ജാഗ്രതക്കുറവ് ; പീരുമേട്ടിലും മണ്ണാര്‍ക്കാടും സംഘടനാപരമായ വീഴ്ച ; സിപിഐ വിലയിരുത്തല്‍

സ്ഥാനാര്‍ത്ഥിത്വം നിഷേധിക്കപ്പെട്ട നാട്ടിക എംഎല്‍എ ഗീതാഗോപി പ്രചാരണത്തില്‍ സജീവമായിരുന്നില്ല
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

തിരുവനന്തപുരം : പാർട്ടി ജനറൽ സെക്രട്ടറി ഡി രാജ ഉള്‍പ്പെടെ നേതാക്കളുടെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളില്‍ ജാഗ്രതക്കുറവ് ഉണ്ടായെന്ന് സിപിഐ വിലയിരുത്തല്‍. സിപിഐ തെരഞ്ഞെടുപ്പ് വിലയിരുത്തല്‍ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. പീരുമേട്ടിലും മണ്ണാര്‍ക്കാടും സംഘടനാപരമായ വീഴ്ചയുണ്ടായി. 

സ്ഥാനാര്‍ത്ഥിത്വം നിഷേധിക്കപ്പെട്ട നാട്ടിക എംഎല്‍എ ഗീതാഗോപി പ്രചാരണത്തില്‍ സജീവമായിരുന്നില്ല. മണ്ണാര്‍ക്കാട് സിപിഐ ജില്ലാ സെക്രട്ടറി തോല്‍ക്കാന്‍ പല കാരണങ്ങളുണ്ട്. മന്ത്രിമാര്‍ക്ക് പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്താന്‍ ആയില്ലെന്നും സിപിഐ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. 

നിയമസഭ തെരഞ്ഞെടുപ്പില്‍ പറവൂരിലെയും മൂവാറ്റുപുഴയിലെയും തോല്‍വിയുടെ പൂര്‍ണ ഉത്തരവാദിത്തം എറണാകുളം ജില്ലാ കൗണ്‍സിലിനാണെന്ന് കുറ്റപ്പെടുത്തുന്നു. ഇടതുപക്ഷം ഭരിക്കുമ്പോള്‍ എറണാകുളം ജില്ലയില്‍ പാര്‍ട്ടിക്കു പ്രാതിനിധ്യം ഇല്ലാതെ പോയ കാലം ഉണ്ടായിട്ടില്ലെന്നും അതിന്റെ പൂര്‍ണ ഉത്തരവാദിത്തം ജില്ലാ നേതൃത്വത്തിനാണെന്നും സംസ്ഥാന കൗണ്‍സില്‍ വിലയിരുത്തി. 

ദാരിദ്ര്യം പറഞ്ഞു വോട്ടു നേടി തെരഞ്ഞെടുപ്പില്‍ ജയിച്ച എല്‍ദോ രണ്ടാം തെരഞ്ഞെടുപ്പിനു തൊട്ടു മുന്‍പു നടത്തിയ ആര്‍ഭാട വിവാഹം ജനങ്ങളെ അകറ്റിയതായി ജില്ലാ കൗണ്‍സിലിന്റെ തെരഞ്ഞെടുപ്പ് അവലോകനത്തില്‍ പറയുന്നു. സിറ്റിങ് സീറ്റായ മൂവാറ്റുപുഴയിലെ തോല്‍വിക്കു കാരണം എല്‍ദോ ഏബ്രഹാമിന്റെ ആര്‍ഭാട വിവാഹമാണെന്ന് പറഞ്ഞൊഴിയാന്‍ ശ്രമിച്ച ജില്ലാ സെക്രട്ടറി പി രാജുവിനെ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ രൂക്ഷമായി വിമര്‍ശിച്ചു. 

'നിങ്ങളെല്ലാം അവിടെ ഉണ്ടായിരുന്നില്ലേ' എന്നായിരുന്നു കാനത്തിന്റെ ചോദ്യം. വിവാഹം ലളിതമായി നടത്തണമെന്ന് എല്‍ദോയോട് ആവശ്യപ്പെട്ടെങ്കിലും അതുണ്ടായില്ലെന്ന് ജില്ലാ കൗണ്‍സിലിന്റെ തിരഞ്ഞെടുപ്പ് അവലോകന റിപ്പോര്‍ട്ട് അവതരിപ്പിച്ചു സംസ്ഥാന കൗണ്‍സിലില്‍ രാജു പറഞ്ഞു. സിപിഎമ്മിനെതിരെ സമരത്തിന് എംഎല്‍എയെ മുന്നില്‍ നിര്‍ത്തിയതും ലാത്തിച്ചാര്‍ജില്‍ എംഎല്‍എയുടെ കൈ ഒടിഞ്ഞതായി തെറ്റായ പ്രചാരണം നടത്തിയതും ദോഷം ചെയ്തതായി കൗണ്‍സിലില്‍ അഭിപ്രായമുയര്‍ന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com