യഹിയ/ഫെയ്‌സ്ബുക്ക് ചിത്രം
യഹിയ/ഫെയ്‌സ്ബുക്ക് ചിത്രം

മടിക്കുത്തഴിക്കാത്തതിന് പൊലീസിന്റെ മുഖത്തടി; പ്രതിഷേധിച്ച് മുണ്ടു തന്നെ ഉപേക്ഷിച്ച യഹിയാക്ക വിടവാങ്ങി

ഡിമോണറ്റൈസേഷന്‍ കാലത്ത് നോട്ടുകള്‍ കത്തിച്ചുകൊണ്ടായിരുന്നു യഹിയയുടെ പ്രതിഷേധം

കൊല്ലം: മുണ്ടിന്റെ മടിക്കുത്തഴിച്ചില്ല എന്ന കാരണത്താല്‍ പൊലീസ് മുഖത്തടിച്ചപ്പോള്‍, മുണ്ടുതന്നെ ഉപേക്ഷിച്ച് മാക്‌സി വേഷമാക്കി മാറ്റി വാര്‍ത്തകളില്‍ നിറഞ്ഞ യഹിയ പ്രതിഷേധങ്ങളുടെ ലോകത്തുനിന്നു മടങ്ങി. വാര്‍ധക്യ സഹജമായ അസുഖങ്ങളെത്തുടര്‍ന്ന് ഇന്നലെ എണ്‍പതാം വയസ്സിലായിരുന്നു, യഹിയയുടെ വിടവാങ്ങല്‍. മുണ്ട് ഉപേക്ഷിച്ചതു കൂടാതെ, നരേന്ദ്രമോദി സര്‍ക്കാരിന്റെ ഡിമോണറ്റൈസേഷന് എതിരെയും യഹിയ വ്യത്യസ്ത മാര്‍ഗത്തില്‍ പ്രതിഷേധിച്ചിരുന്നു. 

കൊല്ലത്തു കടയ്ക്കല്‍ മുക്കുന്നം സ്വദേശിയാണ് യഹിയാക്ക എന്ന് അടുപ്പക്കാര്‍ വിളിച്ച യഹിയ. പതിമൂന്ന് മക്കളടങ്ങുന്ന ദരിദ്രകുടുംബത്തിലെ ഒരംഗം. ഒന്നാം ക്ലാസ്സില്‍ തന്നെ പഠനം ഉപേക്ഷിച്ചു പല പല ജോലികള്‍ ചെയ്യേണ്ടി വന്നു. ഭാര്യയും രണ്ട് പെണ്മക്കളും അടങ്ങുന്നതാണ് കുടുംബം. തെങ്ങുകയറ്റവും കൂലിപ്പണിയുമായി ആയിരുന്നു ജീവിതം മുന്നോട്ടുകൊണ്ടുപോയത്. പിന്നെ  ഉള്ളതെല്ലാം വിറ്റുപെറുക്കി ഗള്‍ഫിലേക്കു പോയി. അവിടെ ഒട്ടകങ്ങളെയും ആടുകളെയും മേയ്ക്കുകയിരുന്നു ജോലി. ദുരിതം നിറഞ്ഞ മരുഭൂമിവാസത്തില്‍നിന്നു തിരിച്ചു നാട്ടിലെത്തി ഉപജീവനത്തിനായി ചെറിയൊരു ചായക്കട തുടങ്ങി.

അങ്ങനെ ജീവിതം പൊയ്‌ക്കൊണ്ടിരിക്കുമ്പോള്‍ ആണ് കവലയില്‍ വെച്ച് എസ്‌ഐയെ കണ്ടപ്പോള്‍ മുണ്ടിന്റെ തലക്കുത്തഴിച്ചില്ല എന്ന കാരണത്താല്‍ മുഖത്തടിയേറ്റത്. അന്ന് മുതല്‍ മുണ്ട് ഉപേക്ഷിച്ചു വേഷം നൈറ്റി ആക്കി മാറ്റി യഹിയ. 

ഇയാള്‍ക്കെന്താ വട്ടുണ്ടോ എന്നു നാട്ടുകാരില്‍ പലരും കളിയാക്കി പറഞ്ഞപ്പോഴും നിലപാടില്‍ നിന്ന് ഒരടി പിന്നോട്ടു പോയില്ല, യഹിയ. പ്രതികരിക്കാന്‍ ശേഷിയില്ലാത്ത ഒരു സാധാരണക്കാരന്റെ വ്യത്യസ്തമായ നിശബ്ദ പ്രതിഷേധം ആയിരുന്നു അത്. ഒടുവില്‍ നാടും വീടും കുടുംബക്കാരും അംഗീകരിച്ച വേഷമായി അത് മാറുകയായിരുന്നു.

ഡിമോണറ്റൈസേഷന്‍ കാലത്ത് നോട്ടുകള്‍ കത്തിച്ചുകൊണ്ടായിരുന്നു യഹിയയുടെ പ്രതിഷേധം. ചായക്കടയിലെ വരുമാനത്തില്‍നിന്നു മിച്ചം പിടിക്കുന്ന തുക ചെറിയ കുഴികളുണ്ടാക്കി അതില്‍ സൂക്ഷിക്കുകയായിരുന്നു പതിവ്. ഒരിക്കല്‍ കടയില്‍ കള്ളന്‍ കയറിയതിനു ശേഷമാണ് ഈ 'സമ്പാദ്യ ശീലം' തുടങ്ങിയത്. അങ്ങനെ കൂട്ടിവച്ച കാശാണ് നോട്ടുനിരോധനത്തോടെ അസാധുവായത്. നോട്ടു മാറിക്കിട്ടാന്‍ രണ്ടു ദിവസം ബാങ്കില്‍ ക്യൂ നിന്നു. ഒടുവില്‍ മടുത്ത് നോട്ടുകളെല്ലാം കത്തിക്കുകയായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com