രവി പിള്ളയുടെ മകന്റെ വിവാഹത്തിന് കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചു; വിമര്‍ശനവുമായി ഹൈക്കോടതി

വ്യവസായി രവി പിള്ളയുടെ മകന്റെ വിവാഹത്തിന് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിക്കപ്പെട്ടെന്ന് ഹൈക്കോടതി
ഗുരുവായൂർ ക്ഷേത്രം/ ഫയല്‍ ചിത്രം
ഗുരുവായൂർ ക്ഷേത്രം/ ഫയല്‍ ചിത്രം

കൊച്ചി: വ്യവസായി രവി പിള്ളയുടെ മകന്റെ വിവാഹത്തിന് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിക്കപ്പെട്ടെന്ന് ഹൈക്കോടതി. മാര്‍ഗ രേഖ ലംഘിച്ച് കൂടുതല്‍ ആളുകള്‍ വിവാഹത്തിനെത്തിയെന്ന് ഹൈക്കോടതി കുറ്റപ്പെടുത്തി.

രവി പിള്ളയുടെ മകന്റെ വിവാഹത്തിന് നടപ്പന്തലിനു രൂപമാറ്റം വരുത്തുംവിധത്തില്‍ അലങ്കാരങ്ങള്‍ സ്ഥാപിച്ചതുമായി ബന്ധപ്പെട്ട് സ്വമേധയാ എടുത്ത കേസിലാണ് ഹൈക്കോടതിയുടെ പരാമര്‍ശം. നടപ്പന്തലില്‍ ഓഡിറ്റോറിയത്തിനു സമാനമായ മാറ്റങ്ങളാണ് വരുത്തിയതെന്ന് കോടതി പറഞ്ഞു. വിവാഹ സമയത്ത് നടപ്പന്തലിന്റെ സുരക്ഷാ ചുമതല സ്വകാര്യ ഏജന്‍സിക്കു കൈമാറിയോയെന്ന് കോടതി ആരാഞ്ഞു.

വലിയ ആള്‍ക്കൂട്ടം വിവാഹച്ചടങ്ങില്‍ പങ്കെടുത്തെന്ന് ദൃശ്യമാണെന്നു വിലയിരുത്തിയ കോടതി നടപ്പന്തലിലെ സിസിടിവി ദൃശ്യങ്ങള്‍ സൂക്ഷിക്കാന്‍ നിര്‍ദേശം നല്‍കി. തൃശൂര്‍ എസ്പി, ഗുരുവായൂര്‍ സിഐ, സെക്ടറല്‍ മജിസ്‌ട്രേറ്റ് എന്നിവരെ കേസില്‍ കക്ഷിചേര്‍ത്തു. ഒരു മാസത്തിനിടെ ഗുരുവായൂര്‍ നടന്ന വിവാഹങ്ങളുടെ വിവരങ്ങള്‍ നല്‍കാന്‍ നിര്‍ദേശിച്ച കോടതി എല്ലാ വിവാഹങ്ങളും ഒരുപോലെ നടത്താന്‍ സാഹചര്യമുണ്ടാവണമെന്നും അഭിപ്രായപ്പെട്ടു.

കഴിഞ്ഞയാഴ്്ചയാണ് രവിപിള്ളയുടെ മകന്റെ വിവാഹം ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വച്ചു നടന്നത്. നടന്‍ മോഹന്‍ലാല്‍ ഉള്‍പ്പെടെയുള്ള പ്രമുഖര്‍ വിവാഹ ചടങ്ങില്‍ സംബന്ധിച്ചിരുന്നു. നടപ്പന്തലിലെ അലങ്കാരങ്ങളുമായി ബന്ധപ്പെട്ട് മാധ്യമങ്ങളില്‍ വന്ന വാര്‍ത്തയുടെ അടിസ്ഥാനത്തിലാണ് ഹൈക്കോടതി കേസെടുത്തത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com