പന്തീരങ്കാവ് മാവോയിസ്റ്റ് കേസ്‌: മൂന്നാം പ്രതി സിപി ഉസ്മാന്‍ പിടിയില്‍

സിപി ഉസ്മാനുമായി സംസാരിച്ച് നില്‍ക്കുന്നതിനിടെയാണ് രണ്ട് വര്‍ഷം മുന്‍പ് അലനും താഹയും പൊലീസ് പിടിയിലായത്
പന്തീരങ്കാവ് കേസില്‍ അറസ്റ്റിലായ അലനും താഹയും
പന്തീരങ്കാവ് കേസില്‍ അറസ്റ്റിലായ അലനും താഹയും

മലപ്പുറം: പന്തീരങ്കാവ് മാവോയിസ്റ്റ് കേസിലെ മൂന്നാം പ്രതി സിപി ഉസ്മാന്‍ പിടിയില്‍. മലപ്പുറത്ത് നിന്നാണ് ഇയാള്‍ പിടിയിലായത്. തുവ്വൂര്‍ ചെമ്പ്രശേരി ഈസ്റ്റ് സ്വദേശിയാണ് ഉസ്മാന്‍. 

മാവോയിസ്റ്റ് ബന്ധമുള്ള പത്തിലേറെ കേസുകളില്‍ പ്രതിയാണ് ഉസ്മാനെന്ന് പൊലീസ് പറഞ്ഞു. സിപി ഉസ്മാനുമായി സംസാരിച്ച് നില്‍ക്കുന്നതിനിടെയാണ് രണ്ട് വര്‍ഷം മുന്‍പ് അലനും താഹയും പൊലീസ് പിടിയിലായത്. അതിന് ശേഷം ഉസ്മാന്‍ ഒളിവിലായിരുന്നു. അന്ന് ഇവരില്‍ നിന്ന് ഉസ്മാന്‍ നല്‍കിയ ലഘുലേഖകള്‍ പൊലീസ് കണ്ടെത്തിയിരുന്നു.

ആന്റി ടെററിസ്റ്റ് സ്‌ക്വാഡാണ് ഉസ്മാനെ പിടികൂടിയത്. ഭീകരവിരുദ്ധ സ്‌ക്വാഡ് മേധാവി ചൈത്ര തേരേസ ജോണിന്റെ നേതൃത്വത്തിലുള്ള സംഘം അരിക്കോട് പൊലീസ് ക്യാംപില്‍ ഉസ്മാനെ ചോദ്യം ചെയ്യുകയാണ്. 2016ലും മാവോയിസ്റ്റ് ബന്ധത്തിന്റെ അടിസ്ഥാനത്തില്‍ ഉസ്മാന്‍ അറസ്റ്റിലായിരുന്നു. അന്ന് കാളികാവിലുള്ള സഹോദരിയുടെ വീട്ടില്‍ നിന്നാണ് ഉസ്മാനെ പൊലീസ് പിടികൂടിയത്. പിന്നീട് ജയില്‍ നിന്ന് പുറത്തിറങ്ങിയ ശേഷവും ഉസ്മാന്‍ മാവോയിസ്റ്റ് ആശയങ്ങള്‍ പ്രചരിപ്പിക്കുകയും ലഘുലേഖ വിതരണം ചെയ്യുകയും ചെയ്തിരുന്നു

നേരത്തെ കേരളത്തിലും തമിഴ്‌നാട്ടിലുമായി അറസ്റ്റിലായ മാവോയിസ്റ്റുകളെ ചോദ്യം ചെയ്തപ്പോള്‍ ഉസ്മാനും മാവേയിസ്റ്റുകളും തമ്മിലുള്ള ബന്ധം കണ്ടെത്തിയിരുന്നു. കൂടാതെ മാവോയിസ്റ്റുകള്‍ നടത്തിയ വനമേഖലയിലെ ക്യാംപിലും ഉസ്മാന്‍ പങ്കെടുത്തിരുന്നതായും പൊലീസ് പറയുന്നു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com