ആ ശ്രീജയല്ല ഈ ശ്രീജ; വ്യാജ സമ്മതപത്രം നല്‍കി പേര് നീക്കല്‍, നടപടിയുമായി പിഎസ്‌സി

ഇവര്‍ക്കെതിരെ നിയമനടപടി തേടി പിഎസ്സി സംസ്ഥാന പൊലീസ് മേധാവിയെ സമീപിക്കും. പിഎസ്സിയുടെ വിജിലന്‍സും സംഭവം അന്വേഷിക്കും
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

തിരുവനന്തപുരം: റാങ്ക് ലിസ്റ്റില്‍ നിന്ന് ഉദ്യോഗാര്‍ഥിയുടെ പേര് നീക്കം ചെയ്യാന്‍ തെറ്റായ സത്യവാങ്മൂലം നല്‍കിയ സംഭവത്തില്‍ നിയമനടപടി സ്വീകരിക്കാന്‍ പിഎസ് സി. തെറ്റായ സത്യവാങ്മൂലവുമായി റാങ്ക് ലിസ്റ്റില്‍ നിന്ന് പേര് മാറ്റാന്‍ അപേക്ഷ നല്‍കിയ ആള്‍ക്കെതിരേയും ഇതിന് കൂട്ടുനിന്നവര്‍ക്കെതിരേയും നടപടി സ്വീകരിക്കാനാണ് തീരുമാനം. 

സപ്ലൈക്കോയില്‍ അസിസ്റ്റന്റ് സെയില്‍സ്മാന്‍ തസ്തികയിലേക്കുള്ള റാങ്ക് ലിസ്റ്റില്‍ നിന്ന് ഉേേദ്യാഗാര്‍ഥിയുടെ പേര് നീക്കം ചെയ്യാനാണ് തെറ്റായ സത്യവാങ്മൂലം നല്‍കിയത്. കോട്ടയം ജില്ലാ പിഎസ് സി ഓഫീസിലായിരുന്നു അപേക്ഷ നല്‍കിയത്. ഇവര്‍ക്കെതിരെ നിയമനടപടി തേടി പിഎസ്സി സംസ്ഥാന പൊലീസ് മേധാവിയെ സമീപിക്കും. പിഎസ് സിയുടെ വിജിലന്‍സും സംഭവം അന്വേഷിക്കും. 

റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടിരുന്ന യഥാര്‍ഥ ഉദ്യോഗാര്‍ഥിയായ എസ് ശ്രീജയ്ക്ക് നിയമന ശുപാര്‍ശ നല്‍കായും യോഗം തീരുമാനിച്ചിട്ടുണ്ട്. കൊല്ലം ജില്ലക്കാരിയായ റവന്യു ഉദ്യോഗസ്ഥയാണ് അതേ പേരും ഇനിഷ്യലും ജനനത്തിയതിലും ഉള്ള റാങ്ക് ലിസ്റ്റുലുള്ള മറ്റൊരു ഉദ്യോഗാര്‍ഥിയുടെ രജിസ്റ്റര്‍ നമ്പര്‍ വെച്ച് പട്ടികയില്‍ നിന്ന് ഒഴിവാക്കാന്‍ അപേക്ഷ നല്‍കിയത്. 

ഗസറ്റഡ് ഉദ്യോഗസ്ഥനും നോട്ടറിയും അപേക്ഷ സാക്ഷ്യപ്പെടുത്തി. കോട്ടയം പിഎസ് സി ജില്ലാ ഓഫീസ് സാക്ഷ്യപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ തുടര്‍ നടപടി സ്വീകരിക്കുകയും ചെയ്തു. ഇവരുടെ തട്ടിപ്പിന് കൂട്ടുനിന്ന പിഎസ് സി ഉദ്യോഗസ്ഥ ഇക്കാര്യം സമ്മതിച്ചിട്ടുണ്ട്. 

2015ലാണ് ഈ തസ്തികയിലേക്കായി അപേക്ഷ ക്ഷണിച്ചത്. നേരത്തെ വെള്ളക്കടലാസില്‍ സ്വയം പ്രസ്താവന തയ്യാറാക്കി ഗസറ്റഡ് ഉദ്യോഗസ്ഥനെ കൊണ്ട് സാക്ഷ്യപ്പെടുത്തി അപേക്ഷ സമര്‍പ്പിച്ചാല്‍ റാങ്ക് ലിസ്റ്റില്‍ നിന്ന് ഒഴിവാക്കുമായിരുന്നു. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട തട്ടിപ്പ് തടയാന്‍ വേണ്ടിയാണ് നോട്ടറിയുടെ സാക്ഷ്യപ്പെടുത്തല്‍ കൂടി നിര്‍ബന്ധമാക്കിയത്. 

മല്ലപ്പള്ളി സ്വദേശി എസ് ശ്രീജയാണ് റാങ്ക് ലിസ്റ്റില്‍ ഇടം നേടിയത്. കൊല്ലം മൈനാഗപ്പള്ളി സ്വദേശി എസ് ശ്രീജയാണ് ജോലി വേണ്ടെന്ന സമ്മതപത്രം സമര്‍പ്പിച്ചത്. ഇരുവരുടെയും പേരും ഇനിഷ്യലും ജനനത്തീയതിയും ഒന്നാണെങ്കിലും വിലാസം വ്യത്യസ്തമാണ്. സത്യപ്രസ്താവന നല്‍കിയ ശ്രീജയുമായി പിഎസ്‌സി ഓഫിസില്‍ നിന്നു കത്തിടപാടും നടത്തി. എന്നിട്ടും വിലാസം മാറിയത് പിഎസ് സി ഉദ്യോഗസ്ഥര്‍ ശ്രദ്ധിച്ചില്ല.

ഇരുവരുടെയും ഫോട്ടോകള്‍ വ്യത്യസ്തമാണ്. ജോലി വേണ്ട എന്ന് സത്യപ്രസ്താവന നല്‍കിയ ഉദ്യോഗാര്‍ഥി സിവില്‍ സപ്ലൈസ് സെയില്‍സ്മാന്‍ പരീക്ഷ എഴുതിയിട്ടില്ല. ഇക്കാര്യം പിഎസ്‌സി പരിശോധിച്ചില്ല എന്നതും വലിയ വീഴ്ചയാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com