മുഖ്യമന്ത്രി പിണറായി വിജയന്‍, ഫയല്‍
മുഖ്യമന്ത്രി പിണറായി വിജയന്‍, ഫയല്‍

വീട് പണി പൂര്‍ത്തിയാക്കിയില്ലെങ്കില്‍ നല്‍കേണ്ട ഉയര്‍ന്ന പലിശ ഒഴിവാക്കും, മുഖ്യമന്ത്രിയുടെ ഇടപെടല്‍; പുനര്‍ഗേഹം പദ്ധതിയില്‍ 10ലക്ഷം രൂപ വരെ ധനസഹായം 

പുനര്‍ഗേഹം പദ്ധതിയുടെ പുരോഗതി വിലയിരുത്താന്‍ ചേര്‍ന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി

തിരുവനന്തപുരം: മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്കുള്ള പുനര്‍ഗേഹം ഭവന പദ്ധതി പ്രകാരം ഒരു വര്‍ഷത്തിനുള്ളില്‍ വീട് പണി പൂര്‍ത്തിയാക്കിയില്ലെങ്കിലും പണം തിരിച്ചടവ് ഉറപ്പാക്കി പലിശ ഒഴിവാക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദ്ദേശിച്ചു. പുനര്‍ഗേഹം പദ്ധതിയുടെ പുരോഗതി വിലയിരുത്താന്‍ ചേര്‍ന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
 
12 മാസത്തിനകം വീട് പണി പൂര്‍ത്തിയാക്കിയില്ലെങ്കില്‍ 18 ശതമാനം പലിശ സഹിതം പണം തിരിച്ചടയ്ക്കണമെന്ന വ്യവസ്ഥയാണ് മാറ്റിയത്. നിലവില്‍ മത്സ്യ തൊഴിലാളികളുടെ ഭൂമിയുടെ കൈവശാവകാശം അവരില്‍ തന്നെ നിക്ഷിപ്തമാക്കും.കേരളത്തിന്റെ തീരദേശ മേഖലയില്‍ വേലിയേറ്റ പരിധിയില്‍ നിന്നും  50 മീറ്ററിനുള്ളില്‍ അധിവസിക്കുന്ന കുടുംബങ്ങളെ സുരക്ഷാ കാരണങ്ങളാല്‍ മാറ്റി പാര്‍പ്പിക്കുകയാണ് പുനര്‍ഗേഹം പദ്ധതിയുടെ ലക്ഷ്യം. 

18655 പേരെ മൂന്നുവര്‍ഷത്തിനുള്ളില്‍ പുനരധിവസിപ്പിക്കും. വ്യക്തിഗത ഭവനനിര്‍മ്മാണം, ഭവനസമുച്ചയ നിര്‍മ്മാണം, ഗുണഭോക്താവ് നേരിട്ട് വീടും സ്ഥലവും വാങ്ങല്‍ എന്നീ രീതികളാണ് സ്വീകരിക്കുന്നത്. ഗുണഭോക്താവിന് ഭൂമി വാങ്ങുന്നതിനും ഭവന നിര്‍മ്മാണത്തിനും കൂടി പരമാവധി 10 ലക്ഷം രൂപയുടെ ധനസഹായമാണ് നല്‍കുന്നത്. ഭൂമിയും വീടും വിലയ്ക്കുവാങ്ങുന്നതിന് നിലവില്‍ 500 സ്‌ക്വയര്‍ ഫീറ്റ് വീടാണ് മാനദണ്ഡമായി സ്വീകരിച്ചിരിക്കുന്നത്. ഇത് 400 സ്‌ക്വയര്‍ ഫീറ്റാക്കി നിജപ്പെടുത്താന്‍ മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു.

ജില്ലാതല അപ്രൂവല്‍ കമ്മിറ്റി അംഗീകാരം നല്‍കിയ 10909 ഗുണഭോക്താക്കളില്‍ 2363 പേര്‍ ഭൂമി കണ്ടെത്തി വില നിശ്ചയിക്കുകയും 1746  പേര്‍ ഭൂമി രജിസ്ട്രേഷന്‍ നടപടികള്‍ പൂര്‍ത്തീകരിക്കുകയും ചെയ്തു. 601 പേര്‍ ഭവന നിര്‍മ്മാണം പൂര്‍ത്തീകരിച്ചു. ഇതില്‍ 91 ഗുണഭോക്താക്കള്‍ വീടും സ്ഥലവുമായി വാങ്ങി പുനരധിവസിപ്പിക്കപ്പെട്ടവരാണ്. പദ്ധതി നിര്‍വ്വഹണത്തിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും 200 കോടി രൂപയാണ് അനുവദിച്ചത്. അതില്‍ 180.21 കോടി രൂപ ചെലവഴിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com