'ജോസ് കെ മാണിക്ക് മാര്‍ക്കിടുന്നത് പല തെരഞ്ഞെടുപ്പുകളിലും തോറ്റവര്‍'; 'ശക്തി അറിയാന്‍ വാഴൂര്‍ സോമനോട് ചോദിച്ചാല്‍ മതി': സിപിഐയ്ക്ക് എതിരെ കേരള കോണ്‍ഗ്രസ്

സിപിഐ തെരഞ്ഞെടുപ്പ് അവലോകന റിപ്പോര്‍ട്ടിന് എതിരെ കേരള കോണ്‍ഗ്രസ് എം
ജോസ് കെ മാണി ഫയല്‍ ചിത്രം
ജോസ് കെ മാണി ഫയല്‍ ചിത്രം


കോട്ടയം: സിപിഐ തെരഞ്ഞെടുപ്പ് അവലോകന റിപ്പോര്‍ട്ടിന് എതിരെ കേരള കോണ്‍ഗ്രസ് എം. സിപിഐ വിമര്‍ശനം അടിസ്ഥാന രഹിതമെന്ന് കേരള കോണ്‍ഗ്രസ് ഉന്നതാധികാര സമിതി യോഗത്തില്‍ ജോസ് കെ മാണി പറഞ്ഞു. സിപിഐ റിപ്പോര്‍ട്ട് ബാലിശമാണ്. കേരള കോണ്‍ഗ്രസ് ഉള്ളതുകൊണ്ടാണ് പല സീറ്റുകളിലും എല്‍ഡിഎഫ് ജയിച്ചതെന്നും ജോസ് കെ മാണി അവകാശപ്പെട്ടു. പാലാ, കടുത്തുരുത്തി തോല്‍വികളില്‍ എല്‍ഡിഎഫിന് ഉത്തരവാദിത്തമുണ്ടെന്നും യോഗം വിലയിരുത്തി. 

പല തെരഞ്ഞെടുപ്പിലും തോറ്റവരാണ് ജോസ് കെ മാണിയുടെ ജനകീയ അടിത്തറയ്ക്ക് മാര്‍ക്കിടുന്നത്. മൂവാറ്റുപുഴയിലും കരുനാഗപ്പള്ളിയിലും സിപിഐ തോറ്റത് എന്തുകൊണ്ടാണ്? കേരള കോണ്‍ഗ്രസിന്റെ സ്വാധീനം അറിയണമെങ്കില്‍ വാഴൂര്‍ സോമനോട് ചോദിച്ചാല്‍ മതിയെന്നും യോഗത്തില്‍ വിമര്‍ശനമുയര്‍ന്നു.

സിപിഐ സംസ്ഥാന കൗണ്‍സിലില്‍ അവതരിപ്പിച്ച തെരഞ്ഞെടുപ്പ് അവലോകന റിപ്പോര്‍ട്ടില്‍ കേരള കോണ്‍ഗ്രസിന് എതിരെ വിമര്‍ശനമുന്നയിച്ചിരുന്നു. ജോസ് കെ മാണി വന്നത് മുന്നണിക്ക് ഗുണമായില്ല എന്നായിരുന്നു റിപ്പോര്‍ട്ട്. ജോസ് കെ മാണി മുന്നണി വിട്ടത് യുഡിഎഫിനെ ക്ഷീണിപ്പിച്ചെങ്കിലും എല്‍ഡിഎഫിന് അതുകൊണ്ട് പ്രത്യേക നേട്ടമൊന്നും ഉണ്ടായില്ല.കേരള കോണ്‍ഗ്രസിന് ശക്തിയുണ്ടായിരുന്നെങ്കില്‍ പാര്‍ട്ടിയുടെ ശക്തികേന്ദ്രമെന്ന് പറയുന്ന പാലായിലും കടുത്തുരുത്തിയിലും ജയിച്ചേനെയെന്നും റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. 

പാലായില്‍ ജോസ് കെ മാണിയല്ലാതെ നേരത്തേ ഇടതുമുന്നണിയിലുള്ള പാര്‍ട്ടിയിലെ ആരെങ്കിലുമാണ് മത്സരിച്ചതെങ്കില്‍ ജയിക്കുമായിരുന്നു. കേരള കോണ്‍ഗ്രസ് വന്നതുകൊണ്ട് കോട്ടയത്ത് സിപിഐയ്ക്ക് ഒരു സീറ്റ് നഷ്ടമായെന്നും റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com