എന്തുകൊണ്ട് അവര്‍ പോയി? ; കോണ്‍ഗ്രസ് ആത്മപരിശോധന നടത്തണമെന്ന് ബെന്നി ബെഹനാന്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 15th September 2021 12:19 PM  |  

Last Updated: 15th September 2021 12:19 PM  |   A+A-   |  

benny

ബെന്നി ബഹനാന്‍/ഫയല്‍

 

കൊച്ചി: നേതാക്കള്‍ പാര്‍ട്ടി വിട്ടുപോയത് എന്തുകൊണ്ടെന്ന് കോണ്‍ഗ്രസ് പരിശോധിക്കണമെന്ന് ബെന്നി ബഹനാന്‍ എംപി. ആളുകള്‍ പോവാതിരിക്കാനും പിടിച്ചുനിര്‍ത്താനും ശ്രമം നടത്തണമെന്ന് ബെന്നി ബഹനാന്‍ പറഞ്ഞു. കെപി അനില്‍ കുമാര്‍ ഉള്‍പ്പെടെയുള്ളവര്‍ കോണ്‍ഗ്രസ് വിട്ട പശ്ചാത്തലത്തിലാണ് പ്രതികരണം.

ആരെങ്കിലും കോണ്‍ഗ്രസ് വിട്ടുപോയതിനെ താന്‍ ന്യായീകരിക്കുന്നില്ലെന്ന് ബെന്നി ബെഹനാന്‍ പറഞ്ഞു. വിട്ടുപോയതിനെയും വിട്ടുപോയവരെയും ന്യായീകരിക്കുന്നില്ല. എന്നാല്‍ എന്തുകൊണ്ട് അവര്‍ പോയി എന്ന് പാര്‍ട്ടി പരിശോധിക്കണം. ഇക്കാര്യത്തില്‍ ആത്മപരിശോധന ഉണ്ടാവണം. വിഷമമുള്ളവര്‍ക്ക് അതു പറയാന്‍ അവസരം നല്‍കണമെന്ന് ബെന്നി ബഹനാന്‍ അഭിപ്രായപ്പെട്ടു.

കോണ്‍ഗ്രസ് വിട്ടുപോയവരെല്ലാം 'വെയ്‌സ്റ്റ്' ആണ് എന്നു നേതൃത്വം നിലപാടെടുത്ത സാഹചര്യത്തിലാണ്, അതിനോടു വിയോജിച്ചുകൊണ്ട് എ ഗ്രൂപ്പ് നേതാവായ ബെന്നി ബഹനാന്‍ രംഗത്തുവന്നത്. അതേസമയം കെപി അനില്‍ കുമാര്‍ പാര്‍ട്ടി വിട്ടതിനെക്കുറിച്ച് പ്രതികരിക്കാന്‍ ഉമ്മന്‍ ചാണ്ടി വിസമ്മതിച്ചു. ഇക്കാര്യത്തില്‍ ഒന്നും പറയാനില്ലെന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞു.