സിപിഎമ്മില്‍ ഇനി സമ്മേളനകാലം ; ബ്രാഞ്ച് സമ്മേളനങ്ങള്‍ ഇന്നുമുതല്‍

കോവിഡ് മൂലം കടുത്ത നിയന്ത്രണങ്ങളാണ് സമ്മേളനങ്ങളില്‍ ഏര്‍പ്പെടുത്തിയിട്ടുള്ളത്
സിപിഎം പതാക /ഫയല്‍ ചിത്രം
സിപിഎം പതാക /ഫയല്‍ ചിത്രം

തിരുവനന്തപുരം : സിപിഎം സമ്മേളനങ്ങള്‍ക്ക് ഇന്ന് തുടക്കമാകുന്നു. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് സംസ്ഥാന വ്യാപകമായി ഇന്ന്  ബ്രാഞ്ച് സമ്മേളനങ്ങള്‍ ആരംഭിക്കും.  ചരിത്രത്തിലാദ്യമായി നേടിയ ഭരണത്തുടര്‍ച്ചയുടെ തിളക്കത്തിലാണ് ഇത്തവണ സമ്മേളനങ്ങള്‍. 

കോവിഡ് മൂലം കടുത്തനിയന്ത്രണങ്ങളാണ് സമ്മേളനങ്ങളില്‍ ഏര്‍പ്പെടുത്തിയിട്ടുള്ളത്. 15 പേരാണ് ബ്രാഞ്ച് സമ്മേളനത്തില്‍ പങ്കെടുക്കുന്നത്. അടുത്തമാസത്തോടെ 35000 ത്തോളം ബ്രാഞ്ച് സമ്മേളനങ്ങള്‍ പൂര്‍ത്തിയാക്കി ലോക്കല്‍ സമ്മേളനങ്ങളിലേക്ക് കടക്കും. ലോക്കല്‍ സമ്മേളനങ്ങളില്‍ പ്രതിനിധികളുടെ എണ്ണം 50 മുതല്‍ 75 വരെയാകും. കണ്ടെയ്ന്‍മെന്റ് സോണുകളില്‍ സമ്മേളനങ്ങള്‍ മാറ്റിവയ്ക്കും. 

പൊതു സമ്മേളനം, റാലി തുടങ്ങിയവയും വേണ്ടെന്നാണ് നിലവിലെ തീരുമാനം.  നവംബര്‍, ഡിസംബര്‍ മാസങ്ങളിലാണ് ഏരിയ സമ്മേളനങ്ങള്‍. ഡിസംബര്‍- ജനുവരി മാസങ്ങളിലാണ് ജില്ലാ സമ്മേളനങ്ങള്‍. ഫെബ്രുവരി ആദ്യം എറണാകുളത്താണ് സംസ്ഥാനസമ്മേളനം. ഏപ്രിലില്‍ കണ്ണൂര്‍ ജില്ലയിലാണ് പാര്‍ട്ടി കോണ്‍ഗ്രസ് നടക്കുക. 

പ്രായപരിധി 75 ആക്കിയതോടെ, സിപിഎം നേതൃനിരയിലേക്ക് കൂടുതല്‍ യുവാക്കള്‍ എത്തും. സമ്മേളനങ്ങളിലെ ജനപങ്കാളിത്തം ഉയര്‍ത്തണോയെന്ന് അടുത്തമാസം ചേരുന്ന പൊളിറ്റ് ബ്യൂറോ, കേന്ദ്ര കമ്മിറ്റി യോഗങ്ങള്‍ തീരുമാനിക്കും. ശക്തികേന്ദ്രങ്ങളായ കണ്ണൂരിലും ആലപ്പുഴയിലുമടക്കം പ്രാദേശിക പ്രശ്‌നങ്ങള്‍ സമ്മേളനങ്ങളിലും പ്രതിഫലിച്ചേക്കും. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com