ഇതെല്ലാം ക്രിസ്തുവിന്റെ മക്കളെ കാക്കാനാണെന്ന് പറയുമ്പോള്‍.. വീണ്ടും ഫാ. പനവേലില്‍; പ്രസംഗം വൈറല്‍ 

'കര്‍ഷകനല്ലേ മാഡം, ഒന്നു കളപറിക്കാനിറങ്ങിയതാണ്' എന്ന ലൂസിഫറിലെ മോഹന്‍ലാലിന്റെ ഹിറ്റ് ഡയലോഗുമായി തുടങ്ങുന്ന പ്രസംഗം സോഷ്യല്‍ മീഡിയയില്‍ വൈറലാണ്
വിഡിയോ ദൃശ്യം
വിഡിയോ ദൃശ്യം

ര്‍ക്കോട്ടിക് ജിഹാദ്‌ വിവാദത്തിന്റെ പശ്ചാത്തലത്തില്‍, വിശ്വാസികളെ ചിന്തിപ്പിക്കുന്ന പ്രസംഗവുമായി വീണ്ടും സത്യദീപം അസോസിയേറ്റ് എഡിറ്റര്‍ ഫാദര്‍ ജെയിംസ് പനവേലില്‍. 'കര്‍ഷകനല്ലേ മാഡം, ഒന്നു കളപറിക്കാനിറങ്ങിയതാണ്' എന്ന ലൂസിഫറിലെ മോഹന്‍ലാലിന്റെ ഹിറ്റ് ഡയലോഗുമായി തുടങ്ങുന്ന പ്രസംഗം സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. നേരത്തെ ഈശോ സിനിമാ വിവാദത്തിന്റെ പശ്ചാത്തലത്തില്‍ ഫാ. ജെയിംസ് നടത്തിയ പ്രസംഗം വ്യാപകമായി പ്രചരിച്ചിരുന്നു.

എല്ലാ തരം വ്യത്യസ്തതകളെയും ഉള്‍ക്കൊള്ളാനാണ് ദൈവം സൃഷ്ടിയില്‍ വൈവിധ്യം കൊണ്ടുവന്നതെന്ന് ഫാദര്‍ പറയുന്നു. എല്ലാവരും ഒരുപോലെ ചിന്തിക്കുന്നവരായിരുന്നുവെങ്കില്‍ എത്ര മനോഹരമായേനെ എന്ന സാമാന്യ യുക്തിക്ക് വിഭിന്നമായി ദൈവം ചിന്തിച്ചു എന്നിടത്താണ് സ്രഷ്ടാവിന്റെ പ്രത്യേകത. എല്ലാ വിഭാഗക്കാരും നിലനില്‍ക്കട്ടെ, എല്ലാ വിശ്വാസവും മതങ്ങളും നിലനില്‍ക്കട്ടെ, എല്ലാവരും വളരട്ടെ എന്നതാണ് ദൈവത്തിന്റെ ഉദ്ദേശ്യം- ഫാദര്‍ പനവേലില്‍ പറഞ്ഞു.

എല്ലാവരെയും ഉള്‍ക്കൊള്ളാനുള്ള വലിയ മനസ്സുള്ള ദൈവമുണ്ടായിട്ടും ഒരു ചെറിയ വിഭാഗത്തെ മാത്രം നമുക്ക് ഉള്‍ക്കൊള്ളാന്‍ കഴിയാത്തത് എന്ത് കൊണ്ടാണെന്നും ഫാദര്‍ ചോദിച്ചു.

നമ്മുടെ ഉള്ളിലേക്ക് ചില തീവ്രചിന്തകള്‍ പടരുന്നുണ്ട്. അത് ക്രിസ്തുവിന്റെ മക്കളെ കാക്കാനാണെന്ന് പറയുമ്പോള്‍ അത് ശരിയല്ല എന്നു ചിന്തിക്കുന്ന സാമാന്യ ബുദ്ധിയുള്ളവരായി നമ്മള്‍ മാറും.

അപരനെ കുറിച്ച് മനസ്സില്‍ മോശം ചിന്തയും പേറി കളകള്‍ ആകുന്നതിന് പകരം, ദൈവത്തെ പോലെ എല്ലാവരെ ഉള്‍ക്കൊള്ളുന്ന മനസ്സുള്ള വിളകളാവാനാണ് വിശ്വാസി ശ്രദ്ധ പുലര്‍ത്തേണ്ടത്. സൈബറിടങ്ങളില്‍ പ്രചരിപ്പിക്കപ്പെടുന്ന വിദ്വേഷപ്രചരണങ്ങളെ സൂക്ഷിക്കണം. സമൂഹത്തില്‍ കള വിതക്കുന്നവരെ തിരിച്ചറിയാനാവണം. ചുറ്റുമുള്ളവരെ ചേര്‍ത്തു പിടിക്കാനാവണം. വൈവിധ്യങ്ങളെയാണ് ദൈവം ഇഷ്ടപ്പെട്ടത്. ആ വൈവിധ്യങ്ങളെ ഉള്‍ക്കൊള്ളാനാവുമ്പോള്‍ നമ്മള്‍ ദൈവത്തിന്റെ മനസ്സുള്ള മനുഷ്യരാവും' അദ്ദേഹം പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com