വിഡി സതീശന്‍ മാധ്യമങ്ങളോട് സംസാരിക്കുന്നു / ടെലിവിഷന്‍ ചിത്രം
വിഡി സതീശന്‍ മാധ്യമങ്ങളോട് സംസാരിക്കുന്നു / ടെലിവിഷന്‍ ചിത്രം

കരുണാകരന്‍ പോയിട്ടും ഒന്നും പറ്റിയില്ല ; ആരു പോയാലും കോണ്‍ഗ്രസിന് ഒരു ചുക്കും സംഭവിക്കില്ലെന്ന് വി ഡി സതീശന്‍

'ഡിസിസി പ്രസിഡന്റുമാര്‍ പെട്ടി തൂക്കികളാണെന്ന് ഒരു കെപിസിസി ഭാരവാഹി ആക്ഷേപിക്കുമ്പോള്‍, അയാളെ പൂവിട്ടു പൂജിക്കണോ ?'

തിരുവനന്തപുരം : ആരു പോയാലും കോണ്‍ഗ്രസിന് ഒരു ചുക്കും സംഭവിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. വലിയ നേതാവ് കെ കരുണാകരന്‍ പോയിട്ടും പാര്‍ട്ടി ശക്തമായി നിലനിന്നു. കോണ്‍ഗ്രസിനെ ഇല്ലായ്മ ചെയ്യാന്‍ സാധിക്കില്ല. ചാരത്തില്‍ നിന്നും ഉയര്‍ത്തെഴുന്നേല്‍ക്കും. അര്‍ഹിക്കുന്നതിനേക്കാള്‍ കൂടുതല്‍ അംഗീകാരം കിട്ടിയവരാണ് ഏകെജി സെന്ററിലേക്ക് പോയതെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. 

താന്‍ പോയാലും കോണ്‍ഗ്രസിന് ഒന്നും സംഭവിക്കില്ല. പുതിയൊരാള്‍ പകരക്കാരനായെത്തുമെന്ന് സതീശന്‍ പറഞ്ഞു. കോണ്‍ഗ്രസ് പ്രസിഡന്റ് 14 ഡിസിസി പ്രസിഡന്റുമാരെ പ്രഖ്യാപിക്കുന്ന സമയത്ത്, ദശാബ്ദങ്ങളായി പാര്‍ട്ടിക്ക് വേണ്ടി പ്രര്‍ത്തിക്കുന്ന ആ ഡിസിസി പ്രസിഡന്റുമാര്‍ പെട്ടി തൂക്കികളാണെന്ന് ഒരു കെപിസിസി ഭാരവാഹി ആക്ഷേപിക്കുമ്പോള്‍, അയാളെ പൂവിട്ടു പൂജിക്കണോ ?, അതോ മാലയിട്ടു സ്വീകരിക്കണോ എന്ന് വി ഡി സതീശന്‍ ചോദിച്ചു.

പാര്‍ട്ടി എന്ന നിലയിലാണ് നടപടിയെടുത്തത്. ഇതിന്റെ പേരില്‍ വിശദീകരണം ചോദിച്ചപ്പോള്‍, നേരത്തേക്കാള്‍ ധിക്കാരപരമായ മറുപടിയാണ് കെപി അനില്‍കുമാര്‍ നല്‍കിയത്. അപ്പോള്‍ അച്ചടക്ക നടപടി എടുക്കുക അല്ലാതെ കെപിസിസി പ്രസിഡന്റിന് എന്തു ചെയ്യാനാകും. ഇങ്ങനെ പറഞ്ഞ ഒരാളെ ഏതു പാര്‍ട്ടിയാണ് വെച്ചുപൊറുപ്പിക്കുക എന്നും സതീശൻ ചോദിച്ചു. 

സിപിഎം എത്രപേര്‍ക്കെതിരെ നടപടിയെടുത്തു. തെരഞ്ഞെടുപ്പ് വീഴ്ചയുമായി ബന്ധപ്പെട്ട് എറണാകുളം ജില്ലയില്‍ 12 പേര്‍ക്കെതിരെയാണ് സിപിഎം നടപടിയെടുത്തത്. പാര്‍ട്ടി എന്ന നിലയില്‍ അതിന്റേതായ ചട്ടക്കൂടു വേണം. ആ ചട്ടക്കൂടിന് വിരുദ്ധമായി പാര്‍ട്ടി ജില്ലാ നേതാക്കള്‍ അടക്കം പ്രവര്‍ത്തിച്ചപ്പോള്‍ സിപിഎം നടപടിയെടുത്തു. അതിനെ നമുക്ക് കുറ്റപ്പെടുത്താന്‍ കഴിയുമോ. അത് ശരിയായ കാര്യമാണ്. 

അവരുടെ പാര്‍ട്ടി കൊണ്ടുപോകണമെങ്കില്‍ അത് ചെയ്യണം. അതുപോലെയാണ് കോണ്‍ഗ്രസും നടപടിയെടുത്തത്. നമ്മുടെ പാര്‍ട്ടിയും കൊണ്ടുപോകേണ്ട, അവരുടെ പാര്‍ട്ടി മാത്രം മതിയോയെന്ന് സതീശന്‍ ചോദിച്ചു. 

സിപിഎമ്മില്‍ നിന്നും സിപിഐയിലേക്ക് പലരും പോയിട്ടുണ്ട്. സിപിഐയുടെ ദേശീയതലത്തില്‍ പ്രവര്‍ത്തിക്കുന്ന കനയ്യ കുമാര്‍ പാര്‍ട്ടി വിടാന്‍ പോകുന്നു എന്ന തരത്തില്‍ വാര്‍ത്തകള്‍ വരുന്നു. ഇതൊക്കെ പല തരത്തില്‍ പല സ്ഥലത്തും നടക്കുന്നുണ്ട്. ഇതൊന്നും വലിയ വാര്‍ത്തകളായി തോന്നുന്നില്ലെന്ന് സതീശന്‍ പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com